Uncategorized

പ്രത്യേക വിദഗ്ധ തൊഴിലാളി പദ്ധതി; നേഴ്‌സുമാരുടെ ഒഴിവ് 60,000; കേരളത്തിന് കൂടുതൽ അവസരം

തിരുവനന്തപുരം: ജപ്പാനിലേക്ക് വിദഗ്ദ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഇന്ത്യയും ജപ്പനും ചേർന്ന് ആരംഭിക്കാൻ പോകുന്ന പദ്ധതിയിൽ കേരളത്തിൽനിന്നും കൂടുതൽ പരിഗണന നേഴ്‌സുമാർക്ക്. ‘പ്രത്യേക വിദഗ്ധ തൊഴിലാളി പദ്ധതി'(സ്പെസിഫൈഡ്‌ സ്കിൽ വർക്കേഴ്സ്) കേരളത്തിൽ നടപ്പാക്കുമ്പോൾ കൂടുതൽ പ്രോയോജനമാകുന്നത് കേരളത്തിലെ നേഴ്‌സുമാർക്ക് ആയിരിക്കും. ഏകദേശം 60,000 നഴ്സുമാരെയാണ് ജപ്പാനിലേക്ക് ആവശ്യം. വലിയൊരു ശതമാനവും കേരളത്തില്‍നിന്നാകുമെന്നാണ് പ്രതീക്ഷ. എന്‍ജിനിയറിങ് മേഖലയില്‍നിന്ന് ഒട്ടേറെ പേര്‍ക്ക് മികച്ച തൊഴില്‍ സാധ്യതയുണ്ട്.

കേരളത്തില്‍ നോര്‍ക്ക റൂട്‌സിനാണ് പരിശീലനത്തിന്റെ ചുമതല. പരിശീലനത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഒരു മാസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വ്യക്തമായ നിര്‍ദേശമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് നോര്‍ക്ക റൂട്‌സ് റെസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ പറഞ്ഞു.

ജപ്പാനില്‍നിന്ന് ഭാഷ പഠിപ്പിക്കാന്‍ പരിശീലകന്‍ എത്തുന്നതനുസരിച്ച് അപേക്ഷകരെ ക്ഷണിക്കും. പരിശീലനം സൗജന്യമായിരിക്കും. യോഗ്യതാ പരീക്ഷയില്‍ വിജയിച്ചാല്‍ ജപ്പാനിലേക്ക് പറക്കാം. വീട്ടുജോലി, അവിദഗ്ധ തൊഴില്‍ മേഖലകളിലും സാധ്യതകളുണ്ട്. അവിദഗ്ധ മേഖലയിലെ തൊഴിലവസരം വിദേശത്തുനിന്ന് ജോലി നഷ്ടപ്പെട്ട് തിരികെയെത്തിയവര്‍ക്കും പ്രയോജനപ്പെടുത്താം.

പദ്ധതി ഇരു സര്‍ക്കാരുകള്‍ തമ്മിലുള്ള കരാര്‍ പ്രകാരമായതിനാല്‍ കബളിപ്പിക്കപ്പെടുമെന്ന ആശങ്ക വേണ്ട. ആനുകൂല്യങ്ങളും നിയമ പരിരക്ഷയും തൊഴിലാളികള്‍ക്കു ലഭിക്കും. ഇടനിലക്കാരില്ലാത്തതിനാല്‍ മറ്റു ചെലവുകളുണ്ടാവില്ല. പരിശീലകന് ശമ്പളം നല്‍കുക ജപ്പാനായിരിക്കും. പരീക്ഷ ജയിച്ചാല്‍ അഞ്ചുവര്‍ഷത്തേക്കാണ് നിയമനം. കാലാവധി പൂര്‍ത്തിയാകുന്നതനുസരിച്ച് പുതുക്കാം. ജനുവരിയോടെ ആദ്യ ബാച്ചിന്റെ പരിശീലനം പൂര്‍ത്തിയാക്കാമെന്നാണു പ്രതീക്ഷിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close