Breaking NewsKERALANEWSTrending

ഇത് ബിജെപിക്ക് വളക്കൂറുള്ള മണ്ണ്; ന്യൂനപക്ഷങ്ങളോട് അയിത്തമില്ല; കേന്ദ്ര പദ്ധതികൾ ജനങ്ങളിലെക്കെത്തണം; മനസുതുറന്ന് ബിജെപി തൊടുപുഴ മണ്ഡലം പ്രസിഡന്റ് ശ്രീലക്ഷ്മി സുദീപ്

തൊടുപുഴ: ഇടുക്കി ജില്ലയില്‍ ബി.ജെ.പിക്ക് മണ്ഡലം പ്രസിഡന്റായി ഒരു വനിത. തൊടപുഴ നിയോജക മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്രീലക്ഷ്മി സുദീപിന്റേത് ചെറുപ്പം മുതലേ സംഘപരിവാർ പ്രസ്ഥാനവുമായി അടുപ്പമുള്ള ജീവിതം. ആർ എസ് എസ് കുടുംബത്തിൽ നിന്നും വളർന്നു വന്ന ശ്രീലക്ഷ്മി എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ആയിരുന്നു. കോഴിക്കോട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും എംഎസ്ഡബ്ല്യുവിൽ ബിരുദാനന്തര ബുരുദം നേടിയ ഈ 25കാരി ഇപ്പോൾ നെറ്റ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലാണ്. തൊടുപുഴ നഗരസഭാ 21-ാം വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ ശ്രീലക്ഷ്മി സുദീപ് മീഡിയ മം​ഗളത്തോട് മനസ് തുറക്കുന്നു..

എങ്ങനെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്?

ശ്രീലക്ഷ്മി സുദീപ്: എന്റേത് ഒരു സംഘ കുടുംബമാണ്. അച്ഛൻ സുദീപ് പാർട്ടി പ്രവർത്തകനാണ്. ഇപ്പോൾ ചുമതല ഒന്നുമില്ല എങ്കിലും പ്രവർത്തനങ്ങളിൽ സജീവമാണ്. അമ്മ മഹിളാ മോർച്ച തൊടുപുഴ മണ്ഡലം പ്രസിഡന്റാണ്. പഠിക്കുന്ന കാലം മുതലേ എബിവിപിയിൽ സജീവമായിരുന്നു. എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തൊടുപുഴ ന​ഗരസഭയിലെ 21-ാം വാർഡിലേക്ക് പാർട്ടി സ്ഥാനാർത്ഥിയായി നിശ്ചയിക്കുകയായിരുന്നു. പിന്നീട് പ്രദേശത്ത് സജീവമായി.

എബിവിപിയിൽ നിൽക്കുമ്പോൾ പഠനവുമായി മുന്നോട്ട് പോകുകയായിരുന്നു. അതുകൊണ്ട് യുവമോർച്ചയുടെയോ പാർട്ടിയുടെയോ മറ്റ് ചുമതലകൾ ഒന്നും ഏറ്റെടുത്തിരുന്നില്ല. പിന്നീട് തെരഞ്ഞെടുപ്പിൽ ജയിച്ച് കൗൺസിലറായതോടെ പാർട്ടി ചുമതലകളിലേക്ക് എത്തുകയായിരുന്നു.

മണ്ഡലം പ്രസിഡന്റ് എന്ന നിലയിൽ മുന്നിലുള്ള ലക്ഷ്യങ്ങൾ ?

ശ്രീലക്ഷ്മി : ഇടുക്കി ജില്ലയിൽ ബിജെപിക്ക് നല്ല സ്വാധീനമുള്ള മേഖലയാണ് തൊടുപുഴ. പാർട്ടിക്ക് ഇനിയും വളരാൻ സാധ്യതയുമുണ്ട്. ആളുകൾക്ക് പാർട്ടിയോട് താത്പര്യമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ജനകീയത ബോധ്യപ്പെട്ടതാണ്. നിലവിൽ ന​ഗരസഭയിൽ എട്ട് കൗൺസിലർമാരാണ് പാർട്ടിക്കുള്ളത്. ഇനിയും ജനങ്ങളോടൊപ്പം തന്നെ നിൽക്കും എന്നതിനാൽ പാർട്ടി കൂടുതൽ ശക്തമാകും എന്ന് തന്നെയാണ് കരുതുന്നത്.

ഏറ്റെടുക്കേണ്ടി വരുന്ന ജനകീയ പ്രശ്നങ്ങൾ ?

ശ്രീലക്ഷ്മി : ഇവിടെ അടിയന്തിരമായി പരിഹാരം കാണേണ്ട ഒരുപാട് ജനകീയ പ്രശ്നങ്ങളുണ്ട്. അവയെല്ലാം പാർട്ടി അഡ്രസ് ചെയ്യും. കേന്ദ്ര പദ്ധതികൾ ഒന്നും തന്നെ ജനങ്ങളിലേക്ക് എത്തുന്നില്ല. അവ തൊടുപുഴയിൽ മാത്രമല്ല, കേരളത്തിൽ എങ്ങും തന്നെ ജനങ്ങൾ അറിയാതെ പോകുന്നു. കേന്ദ്ര പദ്ധതികളെ ജനകീയമാക്കാൻ വേണ്ട ഇടപെടൽ നടത്തും.

കേന്ദ്ര പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാൻ സംസ്ഥാന നേതൃത്വത്തിന്റെ സഹായം കൂടി വേണ്ടേ?

ശ്രീലക്ഷ്മി : തീർച്ചയായും. കേന്ദ്ര പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാൻ സംസ്ഥാന നേതൃത്വത്തിന്റെ സഹായത്തോടെ കാമ്പയിൻ ആവശ്യമാണ്. പല കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും പേര് പോലും ജനങ്ങൾക്കറിയില്ല. ചില പദ്ധതികൾ പേര് മാറ്റി സംസ്ഥാന സർക്കാർ അവതരിപ്പിക്കുന്നു. ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങളിലെ ബിജെപി അം​ഗങ്ങൾ മാത്രമാണ് പല കേന്ദ്ര പദ്ധതികളും ജനങ്ങൾക്ക് പ്രാപ്യമാക്കുന്നത്.

ഹലാൽ ഭക്ഷണത്തെ പറ്റി എന്താണ് അഭിപ്രായം?

ശ്രീലക്ഷ്മി : ഇത് ബിജെപിയുടെ മാത്രം പ്രശ്നമല്ല. ഹലാൽ ഭക്ഷണം കഴിക്കേണ്ടവർ കഴിച്ചുകൊള്ളട്ടെ. ഹലാൽ എന്ന് പറയുന്ന ഭക്ഷണം മറ്റുള്ളവർ കൂടി കഴിക്കണം എന്ന് എന്തിനാണ് വാശിപിടിക്കുന്നത്. ഞാൻ ഹലാൽ ഭക്ഷണം കഴിക്കാൻ ആ​ഗ്രഹിക്കുന്നില്ല എന്നതിനപ്പുറം ഒരാൾ മന്ത്രിച്ച് തുപ്പുന്ന ഭക്ഷണം കഴിക്കാനാണ് ആ​ഗ്രഹിക്കാത്തത്. അതുപോലെ പന്നി കഴിക്കുന്നവർ കഴിച്ചുകൊള്ളട്ടെ, അല്ലാത്തവർ കഴിക്കണ്ട. എന്തിനാണ് അതിൽ നമ്മൾ വാശി പിടിക്കുന്നത്.

മുസ്ലീം വിരോധത്തിലൂടെ കേരളം ഭരിക്കാൻ പറ്റുമെന്ന് കരുതുന്നുണ്ടോ?

ശ്രീലക്ഷ്മി :ന്യൂനപക്ഷ വിരോധം എന്നൊന്ന് ബിജെപി ലൈനല്ല. പല സംഭവങ്ങളും മാധ്യമങ്ങൾ പർവതീകരിച്ച് കാണിക്കുന്നതാണ്. എന്റെ സൗഹൃദങ്ങളിൽ പോലും ഒരുപാട് ന്യൂനപക്ഷ വിഭാ​ഗത്തിൽ പെട്ടവരുണ്ട്. ബിജെപിക്കാർക്ക് ന്യൂനപക്ഷത്തോട് വിരോധമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

കുടുംബം?

ശ്രീലക്ഷ്മി :അച്ഛൻ സുദീപ്, പാർട്ടി പ്രവർത്തകനാണ്. അമ്മ മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റാണ്. ഒരു സഹോദരൻ. ഖത്തറിലാണ്. വിവാഹിതയല്ല. പഠിക്കണം എന്നാണാ​ഗ്രഹം. നെറ്റിന് പഠിക്കുകയാണ്. പിഎച്ച്ഡി കൂടി ചെയ്യണമെന്നുണ്ടായിരുന്നു. പഠനം തുടരും. വിവാഹത്തെ കുറിച്ച് നിലവിൽ ആലോചിച്ചിട്ടില്ല.

സംസ്ഥാനത്താകെ ബൂത്ത് കമ്മിറ്റികളുടെ അടിസ്ഥാനത്തില്‍ മണ്ഡലങ്ങളെ പുനര്‍നിര്‍ണയിച്ചതിന് ശേഷം നടന്ന പുനഃസംഘടനയിലാണ് ശ്രീലക്ഷ്മി സുദീപിനെ തിര‍ഞ്ഞെടുത്തത്. ജില്ലയില്‍ പത്തു മണ്ഡലം പ്രസിഡന്റുമാരെ തെരെഞ്ഞടുത്തതില്‍ ശ്രീലക്ഷമിയാണ് ഏക വനിത.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close