BIZ

രാസവള നിരോധനം; ജൈവവളത്തിന്റെ ലഭ്യത ഉറപ്പു വരുത്തിയില്ല; പ്രതിസന്ധിയിലായത് തോട്ടം ഉടമകൾ ; നയം പിൻവലിച്ച് ശ്രീലങ്ക

കൊച്ചി: രാസവളങ്ങൾക്ക് ശ്രീലങ്ക ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു. 100% ജൈവകൃഷി എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഇത്തരമൊരു നിരോധനം ഉണ്ടായിരുന്നത്. എന്നാൽ ഈ തീരുമാനം തേയില ഉൽപാദനത്തിലും മറ്റും 50 ശതമാനത്തോളം ഇടിവിനു കാരണമായി. രാസവളങ്ങളുടെ ഉപയോഗത്തിലൂടെ ശ്രീലങ്ക വീണ്ടും ഉൽപാദന നിലവാരം വീണ്ടെടുക്കുമെന്നാണ് വിലയിരുത്തൽ. കയറ്റുമതി രംഗത്ത് ഇന്ത്യയുടെ മത്സരക്ഷമതയ്‌ക്കു വീണ്ടും വെല്ലുവിളി ഉയർത്തും.

ഇക്കഴിഞ്ഞ മേയിലാണു നിരോധനം പ്രഖ്യാപിച്ചത്. നിരോധനം നിലവിൽ വന്നെങ്കിലും ജൈവവളത്തിന്റെ ലഭ്യത ഉറപ്പുവരുത്താൻ സർക്കാരിനു കഴിഞ്ഞില്ല. ഉൽപാദനം ഇടിയുകയും തോട്ടം ഉടമകളും തൊഴിലാളികളും പ്രതിസന്ധിയിലാകുകയും ചെയ്‌തു. പ്രതിഷേധം വ്യാപകമായ സാഹചര്യത്തിൽ നിരോധനം പിൻവലിക്കാൻ സർക്കാർ നിർബന്ധിതമാകുകയായിരുന്നു.

നിരോധനം നിലനിൽക്കുമ്പോഴും ഇന്ത്യയിൽനിന്നു രാസവളങ്ങൾ ശ്രീലങ്കയിലെ തേയിലത്തോട്ടങ്ങളിൽ എത്തിക്കുന്ന കള്ളക്കടത്തു സംഘങ്ങൾ സജീവമായിരുന്നു. നിരോധനം പിൻവലിച്ചതോടെ ലിത്വാനിയയിൽനിന്നു കഴിഞ്ഞ ആഴ്‌ച 30,000 ടൺ പൊട്ടാസ്യം ക്‌ളോറൈഡ് കൊളംബോ തുറമുഖത്ത് എത്തുകയും ചെയ്‌തു. നിരോധനം പിൻവലിച്ചതായി ഔദ്യോഗിക അറിയിപ്പു പുറപ്പെടുവിച്ചിട്ടില്ലാത്ത സർക്കാർ പൊട്ടാസ്യം ക്‌ളോറൈഡ് ജൈവവളമാണെന്ന വിചിത്രമായ വാദം ഉന്നയിച്ചിരിക്കുകയാണ്.

വളപ്രയോഗത്തിലെ അസ്‌ഥിരത ഉൽപാദനത്തിൽ ഇടിവുണ്ടാക്കുമെന്നു കൃഷിവിദഗ്‌ധർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ രാസവളം ഇറക്കുമതി നിരോധിക്കുന്നതു വിദേശനാണ്യം ലാഭിക്കാൻ സഹായകമാകുമെന്നായിരുന്നു അന്നു സർക്കാരിന്റെ വാദം. ചൈനയും ഇന്ത്യയും കെനിയയും കഴിഞ്ഞുള്ള സ്‌ഥാനമാണു തേയില കയറ്റുമതി രംഗത്തു ശ്രീലങ്കയ്‌ക്കുള്ളത്. തേയില കയറ്റുമതിയിൽനിന്നു ശ്രീലങ്ക നേടുന്ന വാർഷിക വരുമാനം 10,000 കോടി രൂപയാണ്.വികലമായ കൃഷിനയം മൂലം തേയില കയറ്റുമതി രംഗത്തു ശ്രീലങ്ക നേരിടുന്ന പ്രതികൂല സാഹചര്യം മുതലാക്കാൻ കേരളത്തിലെ ഉൽപാദകർക്കു സംസ്‌ഥാന സർക്കാർ പിന്തുണ നൽകണമെന്നു കൊച്ചിൻ ടീ ട്രേഡ് അസോസിയേഷൻ ചെയർമാനും തോട്ടം മേഖലയിലെ പ്രമുഖരായ പോബ്‌സ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്‌ടറുമായ തോമസ് ജേക്കബ് നിർദേശിക്കുന്നു.

തോട്ടങ്ങളിലെ മണ്ണ്, ജലം എന്നിവയുടെ സംരക്ഷണത്തിനു സർക്കാർ തലത്തിലുള്ള സഹായവും പദ്ധതികളും ആവശ്യമാണ്. ഉയർന്ന ഉൽപാദനശേഷിയുള്ള ചെടികൾ വച്ചുപിടിപ്പിക്കേണ്ടതുമുണ്ട്. ഉൽപന്നത്തിന്റെ ഉയർന്ന തോതിലുള്ള ഗുണമേന്മ ഉറപ്പാക്കുന്നതും മത്സരക്ഷമത വർധിപ്പിക്കാൻ സഹായകമാകുമെന്ന് അസോസിയേഷൻ ഓഫ് പ്‌ളാന്റേഴ്‌സ് ഓഫ് കേരള മുൻ ചെയർമാൻ കൂടിയായ തോമസ് ജേക്കബ് പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close