Breaking NewsKERALANEWSTop News

സ്റ്റാഫ് നഴ്സ് ​ഗ്രേഡ് 2 തസ്തികയിലേക്ക് അപേക്ഷിക്കാൻ ഇനി അവശേഷിക്കുന്നത് 18 ദിവസങ്ങൾ; കണ്ണുതുറക്കാതെ അധികാരികൾ; ഭൂമിയിലെ മാലാഖമാർക്ക് നഷ്ടമാകുന്നത് സ്വന്തം നാട്ടിൽ ഉയർന്ന ശമ്പളം വാങ്ങാനുള്ള അവസരം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെയും പി.എസ്.സിയുടെയും കടുംപിടുത്തം കാരണം സ്റ്റാഫ് നഴ്സ് ​ഗ്രേഡ് 2 തസ്തികയിലേക്ക് അവസരം നിഷേധിക്കപ്പെടുന്നത് ആയിരക്കണക്കിന് ഉദ്യോ​ഗാർത്ഥികൾക്കാണ്. അടുത്ത മാസം പതിനെട്ട് വരെ മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാനാകൂ. ​വിജ്ഞാപനം അനുസരിച്ച് പ്ലസ്ടുവിന് സയൻസ് ഇതര വിഷയങ്ങൾ പഠിച്ചവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനാകില്ല എന്ന നിബന്ധനയാണ് ഉദ്യോ​ഗാർത്ഥികൾക്ക് തിരിച്ചടിയാകുന്നത്. വെറും പതിനെട്ട് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനം എടുത്തില്ലെങ്കിൽ ഇനിയൊരു അവസരം ലഭിക്കാതെ പോകുന്നവരും ഏറെയാണ്.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സംസ്ഥാന അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ് ​ഗ്രേഡ് 2ലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചത് ഈ മാസം 14നാണ്. 213/2021 കാറ്റ​ഗറി നമ്പറിലുള്ള തസ്തികയിലേക്ക് ഇപ്പോൾ എത്ര ഒഴിവുകളുണ്ടെന്ന് നിജപ്പെടുത്തിയിട്ടില്ല. 39,300 – 83,000 ആണ് അടിസ്ഥാന ശമ്പളം. എന്നാൽ, നഴ്സാകാൻ വേണ്ട എല്ലാ യോ​ഗ്യതയും ഉണ്ടായിട്ടും ആയിരക്കണക്കിന് ആളുകൾക്ക് അപേക്ഷിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിൽ.

ഈ മാസം 14ന് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ബി.എസ്.സി നഴ്സിം​ഗോ ജനറൽ നഴ്സിം​ഗോ പഠിച്ച ഉദ്യോ​ഗാർത്ഥികൾ പ്ലസ്ടുവിനോ വിഎച്ച്സിയിലോ സയൻസ് വിഷയം നിർബന്ധമായും പഠിച്ചിരിക്കണം എന്നും നിഷ്കർഷിക്കുന്നു. പി.എസ് സി വിജ്ഞാപനം അനുസരിച്ച് ബി.എസ്.സി നഴ്സുമാർക്കും ജനറൽ നഴ്സുമാർക്കും കേരള ആരോഗ്യവകുപ്പിൽ സ്റ്റാഫ്‌ നഴ്‌സ്‌ നിയമനത്തിനായുള്ള അപേക്ഷ നൽകാം.എന്നാൽ ഉദ്യോഗാർഥികൾ പ്ലസ്ടു വോ, പ്രീഡിഗ്രിയോ, വി.എച്ച്.സി.ഇ യോ സയൻസ് വിഷയങ്ങളിൽ പാസ്സ് ആയിരിക്കണം. സംസ്ഥാനത്തെ ജനറൽ നഴ്സിം​ഗ് പഠിച്ച ഭൂരിപക്ഷം പേരും പ്ലസ്ടുവിന് സയൻസ് ഇതര വിഷയങ്ങൾ പഠിച്ചവരാണ്. ഇവർ കേരള നഴ്സിം​ഗ് കൗൺസിലിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, സർക്കാർ സർവീസിലേക്കുള്ള റിക്രൂട്ട്മെന്റിന് ഇവരെ തഴയുന്ന നിലപാടാണ് കാലങ്ങളായി സർക്കാർ സ്വീകരിക്കുന്നത്.

കേരളത്തിലെ സ്വകാര്യ ആശുപത്രികളിലും സേവനം അനുഷ്ടിക്കുന്ന ഭൂരിപക്ഷവും പ്ലസ്ടുവിന് സയൻസ് ഇതര വിഷയങ്ങൾ പഠിച്ച ശേഷം ജനറൽ നഴ്സിം​ഗ് പാസായവരാണ്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ താത്ക്കാലിക ജീവനക്കാരായും ഇവരെ നിയമിക്കാറുണ്ട്. കേരളത്തിൽ ഏറ്റവും പ്രശസ്തമായ സ്വകാര്യ ആശുപത്രികളിലും ഇവർക്ക് വിലക്കില്ല. എന്നാൽ, സ്ഥിരം സർക്കാർ നിയമനങ്ങൾ വരുമ്പോൾ പ്ലസ്ടുവിന് സയൻസ് പഠിച്ചിരിക്കണം എന്നത് നിർബന്ധമാക്കുകയാണ്. ഇതുവഴി നിരവധി ആളുകൾക്കാണ് അവസരം നഷ്ടമാകുന്നത്.

ബി.എസ്‌സി നഴ്‌സിംഗ് പഠിക്കാൻ പോലും ഏതെങ്കിലും വിഷയത്തിലെ പ്ലസ്ടു മതിയെന്ന നിർദ്ദേശമാണ് കഴിഞ്ഞ വർഷം ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ മുന്നോട്ട് വെച്ചത്. കൗൺസിൽ പുറത്തിറക്കിയ ബി.എസ്‌സി നഴ്‌സിംഗിന്റെ പുതുക്കിയ സിലബസിന്റെ കരടിലാണ് ഈ നിർദേശമുള്ളത്. നിലവിൽ ജനറൽ നഴ്സിം​ഗിന് ചേരാൻ ഏതെങ്കിലും വിഷയത്തിൽ പ്ലസ്ടു പാസായാൽ മതി. എന്നാൽ, നാല് വർഷത്തെ ബി.എസ്‌സി നഴ്‌സിംഗിന് ചേരാൻ നിലവിൽ പ്ലസ്ടുവിന് ജീവശാസ്ത്രം പഠിക്കുന്ന സയൻസ് ഗ്രൂപ്പുകാർക്ക് മാത്രമാണ് കഴിയുക. ഇതിലും മറ്റ് വിഷയങ്ങൾ പഠിച്ചവർക്ക് അവസരം ഒരുങ്ങുമ്പോഴാണ് പ്ലസ്ടുവിന് സയൻസ് ഇതര വിഷയങ്ങൾ പഠിച്ച ജനറൽ നഴ്സുമാരോടുള്ള സംസ്ഥാന സർക്കാരിന്റെ വിവേചനം.

കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിൽ എവിടെയും ജനറൽ നഴ്സിംഗ് കോഴ്സ് പഠിക്കാൻ പ്ലസ് ടു സയൻസ് നിർബന്ധമില്ല. കേരളത്തിലെ സർക്കാർ നഴ്സിംഗ് സ്കൂളുകളിലും ഇത് ബാധകമല്ല. സയൻസ് വിഷയങ്ങൾ പഠിച്ചിരിക്കണം എന്ന് നിഷ്കർഷിക്കുമ്പോൾ തന്നെ ബയോളജി വേണമെന്ന് നിർബന്ധമില്ല. കമ്പ്യൂട്ടർ സയൻസ് പഠിച്ചവർക്കും അപേക്ഷിക്കാം. മറ്റ് ഗ്രൂപ്പുകൾ പഠിച്ചവർക്ക് മാത്രം എന്തുകൊണ്ട് അയാഗ്യത കൽപ്പിക്കുന്നുവെന്നാണ് നഴ്സുമാരുടെ ചോദ്യം.

കേരളത്തിൽ 2007 ന് മുൻപ് വരെ സ്റ്റാഫ്‌ നഴ്‌സ്‌ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ പ്ലസ്ടു സയൻസ് നിർബന്ധമല്ലായിരുന്നു. കേരള നഴ്സിംഗ് കൗൺസിൽ രജിസ്‌ട്രേഷനും നിർബന്ധമില്ലായിരുന്നു. പ്ലസ് ടു സയൻസ് പഠിക്കാത്ത നിരവധി പേർ 2007 ന് മുൻപ് സർവീസിൽ കയറി സുസ്ത്യർഹമായ സേവനം കാഴ്ച വയ്ക്കുന്നുണ്ട്. കേരളത്തിൽ തന്നെ ESI, ശ്രീചിത്ര, RCC എന്നിവിടങ്ങളിലും പ്ലസ് ടു സയൻസ് പഠിക്കാത്ത ധാരാളം നഴ്സുമാർ ജോലി ചെയ്യുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close