Top News

നഴ്സിംഗ് കൗണ്‍സിലിനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും എതിരഭിപ്രായമില്ല; സ്പെഷ്യല്‍ റൂള്‍ അമെന്‍റ് ചെയ്യണമെന്നും ആവശ്യം; യുവജന കമ്മീഷന്‍ ഇടപെടലില്‍ പ്രതീക്ഷയോടെ നഴ്സുമാര്‍

കൊല്ലം: സയൻസ് ഇതര വിഷയങ്ങൾ പ്ലസ്ടുവിന് പഠിച്ചില്ലെന്ന പേരിൽ വിവേചനം നേരിടുന്ന നഴ്സുമാരുടെ പ്രശ്നത്തിൽ സംസ്ഥാന യുവജന കമ്മീഷന്റെ ഇടപെടൽ. കൊല്ലം ആനന്ദവല്ലീശ്വരം സ്വദേശിയായ ഹെലൻ ആഞ്ജ്ലി മാത്യു എന്ന യുവതി നൽകിയ പരാതിയിൽ യുവജന കമ്മീഷൻ വാദം കേട്ടു. ആരോ​ഗ്യ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് ​ഗ്രേഡ് 2 തസ്തികയിലേക്കുള്ള നിയമനത്തിൽ പ്ലസ്ടുവിന് സയൻസ് പഠിക്കാത്ത നഴ്സുമാർക്ക് കൂടി അപേക്ഷിക്കാൻ അവസരം ലഭിക്കണം എന്നതാണ് കമ്മീഷന് മുന്നിലുള്ള പരാതി.

പരാതി ഗൗരവമുള്ളതാണെന്നും നിരന്തരമായി ഇതേ ആവശ്യം അറിയിച്ചുകൊണ്ട് കത്തുകൾ അയച്ചിട്ടുണ്ടെന്നും സംസ്ഥാന യുവജന കമ്മീഷൻ വ്യക്തമാക്കി. ഇതിനിടയിൽ കസ്തൂരി എന്ന വിദ്യാർഥിനി സയൻസ് ഇതര വിഷയങ്ങൾ പഠിച്ചവരെയും പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. സ്പെഷൽ റൂൾ നിലനിൽക്കുന്നതിനാൽ നിയമനം സാധ്യമല്ല എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. കേസിലെ വിധിയുടെ അടിസ്ഥാനത്തിൽ അവർക്കു കൂടി അവസരം നൽകണമെന്ന് പറഞ്ഞു സമർപ്പിച്ച കത്തിന് ഗവൺമെൻറ് ഓർഡർ തിരിച്ചു ലഭിച്ചു. അത് പ്രകാരം സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യേണ്ടത് ആവശ്യകത അവർക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അതിന് കുറച്ച് സമയം വേണമെന്ന തരത്തിലാണ് മറുപടി കൊടുത്തിരിക്കുന്നത്.

പ്ലസ്ടുവിന് സയൻസ് പഠിച്ചില്ല എന്ന പേരിൽ സംസ്ഥാനത്ത് സർക്കാർ ജോലിക്ക് അപേക്ഷ നൽകാൻ പോലും കഴിയാതെ പിന്തള്ളപ്പെടുന്നത് അർഹരായ ആയിരക്കണക്കിന് നഴ്സുമാരാണ്. കേരളത്തിലെ നഴ്സുമാരിൽ ബഹുഭൂരിപക്ഷവും പ്ലസ്ടുവിന് സയൻസിതര വിഷയങ്ങൾ പഠിച്ച്‌ പിന്നീട് കേരളത്തിന് പുറത്തുപോയി നഴ്സിം​ഗ് പഠിച്ചവരാണ്. ജനറൽ നഴ്സിം​ഗ് പഠിക്കാൻ ഒരു വിദ്യാർത്ഥിക്ക് ശരാശരി മൂന്നുലക്ഷം രൂപ ചിലവ് വരും. ബി.എസ്.സി നഴ്സിം​ഗ് ആണെങ്കിൽ അത് അഞ്ച് ലക്ഷമാകും. കേരളത്തിലെ ഇടത്തരക്കാരനും വളരെ പാവപ്പെട്ടവനും തന്റെ മക്കളെ ഇത്രയും പണം ലോണെടുത്ത് പഠിപ്പിക്കുന്നത് മാന്യമായ ഒരു തൊഴിൽ ചെയ്ത് ജീവിക്കുമല്ലോ എന്ന പ്രതീക്ഷയിലാണ്. എന്നാൽ, സർക്കാർ ആശുപത്രികളിലെ ജോലി എന്നത് ഇക്കൂട്ടർക്ക് ഇന്നും വെറും സ്വപ്നം മാത്രമാണ്.

ഈ മാസം 14ന് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച്‌ ബി.എസ്.സി നഴ്സിം​ഗോ ജനറൽ നഴ്സിം​ഗോ പഠിച്ച ഉദ്യോ​ഗാർത്ഥികൾ പ്ലസ്ടുവിനോ വിഎച്ച്‌സിയിലോ സയൻസ് വിഷയം നിർബന്ധമായും പഠിച്ചിരിക്കണം എന്ന മാനദണ്ഡമാണ് വീണ്ടും വിവാദത്തിന് വഴിവെച്ചത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ നഴ്സ് ​ഗ്രേഡ് 2 നിയമനത്തിനുള്ള വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ജനറൽ നഴ്സിം​ഗ് പഠിച്ച ഭൂരിപക്ഷം പേരും പ്ലസ്ടുവിന് സയൻസ് ഇതര വിഷയങ്ങൾ പഠിച്ചവരാണ്. ഇവർ കേരള നഴ്സിം​ഗ് കൗൺസിലിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, സർക്കാർ സർവീസിലേക്കുള്ള റിക്രൂട്ട്മെന്റിന് ഇവരെ തഴയുന്ന നിലപാടാണ് കാലങ്ങളായി സർക്കാർ സ്വീകരിക്കുന്നത്.

ബി.എസ്‌സി നഴ്‌സിംഗ് പഠിക്കാൻ പോലും ഏതെങ്കിലും വിഷയത്തിലെ പ്ലസ്ടു മതിയെന്ന നിർദ്ദേശം ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ പോലും മുന്നോട്ട് വെക്കുന്ന സമയത്താണ് കേരളത്തിലെ ഈ വിവേചനം. കഴിഞ്ഞ വർഷം കൗൺസിൽ പുറത്തിറക്കിയ ബി.എസ്‌സി നഴ്‌സിംഗിന്റെ പുതുക്കിയ സിലബസിന്റെ കരടിലാണ് ഈ നിർദേശമുള്ളത്. നിലവിൽ ജനറൽ നഴ്സിം​ഗിന് ചേരാൻ ഏതെങ്കിലും വിഷയത്തിൽ പ്ലസ്ടു പാസായാൽ മതി. എന്നാൽ, നാല് വർഷത്തെ ബി.എസ്‌സി നഴ്‌സിംഗിന് ചേരാൻ നിലവിൽ പ്ലസ്ടുവിന് ജീവശാസ്ത്രം പഠിക്കുന്ന സയൻസ് ഗ്രൂപ്പുകാർക്ക് മാത്രമാണ് കഴിയുക. ഇതിലും മറ്റ് വിഷയങ്ങൾ പഠിച്ചവർക്ക് അവസരം ഒരുങ്ങുമ്ബോഴാണ് പ്ലസ്ടുവിന് സയൻസ് ഇതര വിഷയങ്ങൾ പഠിച്ച ജനറൽ നഴ്സുമാരോടുള്ള സംസ്ഥാന സർക്കാരിന്റെ വിവേചനം.

പി. എസ്. സി വിജ്ഞാപനം അനുസരിച്ച്‌ ബി.എസ്.സി നഴ്സുമാർക്കും ജനറൽ നഴ്സുമാർക്കും കേരള ആരോഗ്യവകുപ്പിൽ സ്റ്റാഫ്‌ നഴ്‌സ്‌ നിയമനത്തിനായുള്ള അപേക്ഷ നൽകാം. എന്നാൽ ഉദ്യോഗാർഥികൾ പ്ലസ്ടു വോ, പ്രീഡിഗ്രിയോ, വി.എച്ച്‌.സി.ഇ യോ സയൻസ് വിഷയങ്ങളിൽ പാസ്സ് ആയിരിക്കണം. സർക്കാരിന്റെയും പി.എസ്.സിയുടെയും കടുംപിടുത്തം കാരണം സ്റ്റാഫ് നഴ്സ് ​ഗ്രേഡ് 2 തസ്തികയിലേക്ക് അവസരം നിഷേധിക്കപ്പെടുന്നത് ആയിരക്കണക്കിന് ഉദ്യോ​ഗാർത്ഥികൾക്കാണ് യുവജന കമ്മീഷന്റെ ഇടപെടൽ വലിയ ആശ്വാസമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close