KERALANEWSTop News

‘കത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു; സർക്കാരുമായി ഏറ്റുമുട്ടാനും സമ്മർദ്ദത്തിൽ പ്രവർത്തിക്കാനും താൽപര്യമില്ല’ ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി: സർക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും സമ്മർദ്ദത്തിൽ പ്രവർത്തിക്കാൻ താൽപര്യമില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ. കത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഗവർണർ ദില്ലിയിൽ പറ‌ഞ്ഞു. ബാഹ്യ ഇടപെടൽ എന്ന ആരോപണത്തോട് പ്രതികരിക്കാനില്ലെന്നാണ് ഗവർണറുടെ നിലപാട്.

ഓരോരുത്തർക്കും സ്വന്തം അഭിപ്രായം പറയാൻ സ്വാതന്ത്യമുണ്ട്, സമ്മർദ്ദത്തിൽ ആയി പ്രവർത്തിക്കാൻ താൽപ്പര്യമില്ലാത്തിനാലാണ് ചുമതല ഒഴിയുന്നത്. മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനങളിൽ പ്രതികരിക്കുന്നില്ല – ഗവർണ‌ർ വ്യക്തമാക്കി.

സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലെന്ന ഗവർണരുടെ വിമർശനത്തിന് വാർത്താസമ്മേളനം വിളിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞത്. നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ പരസ്യപ്രസ്താവന അങ്ങേയറ്റം ദുഖകരമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വിസി നിയമനം കക്ഷി രാഷ്ട്രീയത്തിൻറെ അടിസ്ഥാനത്തിലാണെന്ന പ്രസ്താവന ഒട്ടും ശരിയല്ല. മനസാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്യാൻ ഗവർണറോട് ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാൻസലർ സ്ഥാനം സർക്കാർ ഒരിക്കലും മോഹിച്ചിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ചാൻസലർ പദവിയിൽ ഗവർണർ തുടരണമെന്നും പദവി ഉപേക്ഷിക്കരുതെന്നും ആവശ്യപ്പെട്ടു. ഗവർണറുമായി ഏറ്റുമുട്ടുകയെന്ന നയം സർക്കാരിനില്ലെന്നാണ് പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഗവർണർ പരസ്യമായി പറഞ്ഞതിനാലാണ് മറുപടി പറഞ്ഞതെന്നാണ് വിശദീകരണം. പൗരത്വ നിയമഭേദഗതി വന്ന സമയത്തെ റസിഡൻറ് പരാമർശം ഗവർണർക്കെതിരെയുള്ള വ്യക്തിപരമായ പരാമർശമല്ലെന്നും രാഷ്ട്രീയമായ മറുപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നതവിദ്യഭ്യാസ രംഗത്തെ അമിതരാഷ്ട്രീയവൽക്കരണത്തിനെതിരെ ഗവർണർ പരസ്യമായി പൊട്ടിത്തെറിച്ചത് സർക്കാരിനും മുന്നണിക്കും കനത്ത തിരിച്ചടിയായതിന് പിന്നാലെയാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിച്ച് മറുപടി പറഞ്ഞത്. വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾക്കെതിരെ കാലങ്ങളായുള്ള പരാതിയും ഉന്നതവിദ്യാഭ്യാസമേഖലയിലെ മൂല്യച്ച്യുതിയുമെല്ലാം ഇതോടെ വീണ്ടും സജീവചർച്ചയാകുകയാണ്. ചാൻസിലർ പദവിയിലുള്ള ഗവർണർക്ക് തന്നെ മനസ് മടുത്തെങ്കിൽ സാധാരണക്കാരന് നീതിയെവിടെയെന്ന ചോദ്യവും പ്രസക്തമാക്കുന്നതാണ് പുതിയ വിവാദം.

സർവകലാശാലകളിലെ അമിത രാഷ്ട്രീയം, വിസിമാരടക്കം ഉന്നതസ്ഥാനങ്ങളിലെ ഇഷ്ടനിയമനം, രാഷ്ട്രീയനേതാക്കളുടെയും ഉന്നതസ്വാധീനമുള്ളവരുടെയും ബന്ധുക്കളെ നിയമിക്കൽ, കച്ചവടതാൽപര്യങ്ങൾ സംരക്ഷിക്കൽ തുടങ്ങി ഒരു കാലത്തും പൊതുസമൂഹത്തിന് അംഗീകരിക്കാനാകാത്ത കാര്യങ്ങൾ നമ്മുടെ സർവകലാശാലകളിൽ തുടങ്ങിയിട്ട് കാലമേറെയായി. ലോകമാകെ ഉന്നത വിദ്യാഭ്യാസമേഖലയിൽ മുന്നേറുമ്പോൾ കാലത്തിനനുസരിച്ച മാറ്റങ്ങളില്ലെന്നത് കേരളത്തിൻറെ പോരായ്മയായിരുന്നു. ജാതിയടിസ്ഥാനത്തിലും രാഷ്ട്രീയാടിസ്ഥാനത്തിലും വിസിമാരെ നിയമിക്കുന്നുവെന്ന് യുഡിഎഫ് ഭരണകാലത്ത് ആരോപണമുന്നയിച്ച സിപിഎം അധികാരത്തിൽ തുടരുമ്പോഴാണ് പറയാവുന്നതിൻറെ പരമാവധി പറഞ്ഞ് തനിക്ക് മടുത്തുവെന്ന് ഒരു ഭരണത്തലവൻ തുറന്നടിക്കുന്നത്.

പൗരത്വപ്രതിഷേധത്തിൻറെ കാലത്ത് സർക്കാരിനെതിരെ പരസ്യനിലപാട് സ്വീകരിച്ച ഗവർണർ പിന്നീട് മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും നല്ല ബന്ധത്തിലായിരുന്നു. ജന്മദിന പരിപാടികൾക്ക് വരെ ക്ലിഫ്ഹൗസിലെത്തിയിരുന്ന ആരിഫ് മുഹമ്മദ് ഖാനാണ് സർക്കാരിനെതിരെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത വിമർശനമുയർത്തി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള പരസ്യ പോരിലേക്കാണ് വിവാദം എത്തി നിൽക്കുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close