ന്യൂഡൽഹി: ഇലോൺ മസ്കിന്റെ ഉപഗ്രഹ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് പദ്ധതി സ്റ്റാർലിങ്കിന്റെ പ്രീ ബുക്കിങ് നടപടികൾക്കെതിരെ ടെലികോം റഗുലേറ്ററി അതോറിറ്റി(ട്രായ്) പരാതിയുമായി രംഗത്ത്. ലൈസൻസ് ഇല്ലാതെയുള്ള പ്രവർത്തനം അനുവദനീയമല്ലെന്ന് കാണിച്ച് ടെലികോം റഗുലേറ്ററി അതോറിറ്റി സ്റ്റാർലിങ്കിനു കത്തയച്ചു. ഏതാനും ദിവസം മുൻപു കേന്ദ്ര ടെലികോം മന്ത്രാലയവും ഇതേ നിർദേശം നൽകിയിരുന്നു.
‘മതിയായ അനുമതികളും ലൈസൻസും ഇല്ലാതെയുള്ള ബിസിനസ് ഇടപാടുകളും ഫീസ് ശേഖരണവും തുടരാനാവില്ല. ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. രാജ്യത്തെ ചട്ടങ്ങളും നിയമങ്ങളുമെല്ലാം പാലിച്ചാകണം പദ്ധതി ആരംഭിക്കാൻ’ ട്രായ് സ്റ്റാർലിങ്കിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു. സ്റ്റാർ ലിങ്കിന്റെ സേവനങ്ങൾ സ്വീകരിക്കരുതെന്നു കേന്ദ്ര ടെലികോം മന്ത്രാലയം നേരത്തെ പൊതുജനങ്ങൾക്കു മാർഗനിർദേശം നൽകിയിരുന്നു. നൽകിയിട്ടുണ്ട്.
സ്റ്റാർലിങ്ക് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്(എസ്എസ്‌സിപിഎൽ) എന്ന പേരിൽ ഇന്ത്യൻ ഉപകമ്പനിയും ആരംഭിച്ച ഇവർ സർക്കാർ അനുമതി ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണു മുൻകൂർ ബുക്കിങ് സ്വീകരിച്ചു തുടങ്ങിയത്. അയ്യായിരത്തിലേറെപ്പേർ ഇതിനോടകം മുൻകൂർ പണം അടച്ചു എന്നാണു വിവരം. 99 ഡോളറായിരുന്നു(7350 രൂപ) പ്രീ–ബുക്കിങ് നിരക്ക്. അടുത്ത വർഷം ഏപ്രിൽ–മേയ് കാലത്ത് സേവനം ലഭ്യമാക്കാം എന്നായിരുന്നു പ്രതീക്ഷ.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്
https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA
ടെലഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക