
ഇന്ദ്രജിത്ത്
വലിയ വിവാദങ്ങള്‍ക്കു വഴിവയ്ക്കാതെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ സുഹാസിനി മണിരത്നത്തിന്റെ നേതൃത്വത്തിലുള്ള അവാര്‍ഡ് നിര്‍ണയ സമിതിക്കു മാത്രമല്ല, പുതിയ സിനിമാമന്ത്രിക്കും പ്രേക്ഷകര്‍ക്കും ആശ്വാസിക്കാന്‍ വകയേറെ. നേരത്തെ പത്മരാജന് അവാര്‍ഡ്, ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് തുടങ്ങി പ്രമുഖ അവാര്‍ഡുകളൊക്കെ നേടി ശ്രദ്ധിക്കപ്പെടുകയും നിരൂപകശ്രദ്ധ നേടുകയും ചെയ്ത ജിയോ ബേബിയുടെ ദ് ഗ്രേയ്റ്റ് ഇന്ത്യന്‍ കിച്ചന് മികച്ച ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള സംസ്ഥാന അവാര്‍ഡ് നേടിയപ്പോള്‍ അത് പ്രേക്ഷക താല്പര്യവും പൊതുസമ്മതിയും ശരിവയ്ക്കുന്നതായെന്ന നിലയ്ക്കാണ് സിനിമാപ്രേമികള്‍ ഏറ്റുവാങ്ങുന്നത്. എന്നാല്‍ ജിയോ ബേബിയേയും അവാര്‍ഡ് കമ്മിറ്റി അധ്യക്ഷ സുഹാസിനി മണിരത്നത്തെയും സംബന്ധിച്ച് ചില കൗതുകകരമായ സവിശേഷതകള്‍ കൂടിയുണ്ട് ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിന്. അവയെന്തൊക്കെയെന്നു നോക്കാം.
‘ഇനിയെങ്കിലും മാന്യമായി വസ്ത്രം ധരിച്ചൂടെ’
സംവിധായകരായ ജിയോബേബിയും സിദ്ധാര്‍ത്ഥ ശിവയും ഒന്നിച്ചു സിനിമയിലെത്തിയവരാണ്. സിനിമാസ്വപ്നങ്ങള്‍ ഒന്നിച്ചു കണ്ട് സിനിമയിലെത്തിയവര്‍. സംസ്ഥാന അവാര്‍ഡ് പോലെ തന്നെ മികച്ച ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ജിയോയുടെ ദ് ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചനും മികച്ച സംവിധായകനുള്ള അവാര്‍ഡ് ഇനിയും പുറത്തിറങ്ങാത്ത എന്നിവര്‍ എന്ന ചിത്രത്തിലൂടെ സിദ്ധാര്‍ത്ഥയ്ക്കും ലഭിച്ചപ്പോള്‍ ഇക്കാര്യം ജിയോയും സിദ്ധാര്‍ത്ഥയും തങ്ങളുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളിലൂടെ വെളിപ്പെടുത്തിയതുമാണ്. ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചനുകിട്ടിയ അവാര്‍ഡ് സിദ്ധാര്ത്ഥയ്ക്കു കൂടിയുള്ളതാണെന്ന് ജിയോയും എന്നിവറിനു കിട്ടിയത് ജിയോയ്ക്കു കൂടിയുള്ളതാണെന്ന് സിദ്ധാര്‍ത്ഥയും എഴുതി.
അഡാർ ഐറ്റം ഡാൻസുമായി പ്രിയാ വാര്യർ
രസമെന്തെന്നാല്‍, ഇടതുപക്ഷ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ കൊലപാതകരാഷ്ട്രീയത്തിന്റെ അന്തര്‍നാടകങ്ങള്‍ അനാവരണം ചെയ്യുന്ന സിദ്ധാര്‍ത്ഥ ശിവയുടെ എന്നിവറില് ആദ്യവസാനം നിറഞ്ഞുനില്ക്കുന്ന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ജിയോ ബേബിയാണ്. അങ്ങനെ ഇത്തവണത്തെ സംസ്ഥാന, ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ ജിയോയെ സംബന്ധിച്ചിടത്തോളം ജാക്ക്പോട്ടാണ്.
ഇനി സുഹാസിനിക്കും ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചനും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം നോക്കാം. വര്‍ഷങ്ങള്‍ക്കു മുമ്പ്, മലയാളത്തിലെ മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത മലയാളത്തിലെ പരീക്ഷണചിത്രമായിരുന്ന ആദാമിന്റെ വാരിയെല്ലിലെ മൂന്നു നായികമാരില്‍ വാസന്തി എന്ന സര്‍ക്കാരുദ്യോഗസ്ഥയായ വീട്ടമ്മയുടെ റോള്‍ അഭിനയിച്ചത് സുഹാസിനിയാണ്. മാധ്യമപ്രവര്‍ത്തകനായ മുറച്ചെറുക്കന് ഗോപിയെ വിവാഹം കഴിച്ച് ഒരു കുട്ടിയായിട്ടും ഭര്‍തൃഗൃഹത്തില്‍ അമ്മായിയമ്മയുടെ ക്രൂരതയ്ക്കും മദ്യപനായ ഭര്‍ത്താവിന്റെ അവഗണനയ്ക്കും വിധേയയായി അടുക്കളയില്‍ തളയ്ക്കപ്പെട്ട വാസന്തിയെ അസാമാന്യ നടനചാരുതയോടെയാണ് സുഹാസിനി ആവിഷ്കരിച്ചത്.
മുകേഷിനെ വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ലക്ഷ്മി ഗോപാലസ്വാമി
മലയാളത്തില്‍ അടുക്കള രംഗങ്ങള്‍ക്ക് ആധികാരികത നല്കി ചിത്രീകരിച്ച ആദാമിന്റെ വാരിയെല്ലിലെ വാസന്തിയുടെ ഖണ്ഡം പിന്നീട് വന്ന വെറുതേ ഒരു ഭാര്യ അടക്കമുള്ള പല സിനിമകള്‍ക്കും പ്രചോദനമായി എന്നു മാത്രമല്ല, വാസന്തിയുടെ കഥാഭാഗത്തിന്റെ ചിത്രീകരണശൈലി പോലും അവ പിന്തുടരുകയുമുണ്ടായി. ഇക്കാര്യങ്ങള്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നവതി ഫെലോഷിപ് നേടിയ നിരൂപകന് എ.ചന്ദ്രശേഖര്‍ അക്കാദമി പ്രസിദ്ധീകരിച്ച മലയാള സിനിമയിലെ അടുക്കള എന്ന പഠന ഗ്രന്ഥത്തില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുമുണ്ട്. ആദാമിന്റെ വാരിയെല്ലിലെ വാസന്തിയുടെ പുതിയ അവതാരമാണ് ദ് ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചനില്‍ നിമിഷ സജയന് അവതരിപ്പിച്ച നായിക എന്നതാണ് കൗതുകകരം.
സ്വാഭാവികമായി സുഹാസിനിക്ക് ആ സിനിമയോടും നായികയോടും പ്രത്യേകമായൊരു ഇഷ്ടം തോന്നിയെങ്കില്‍ തെറ്റുപറയാനാവില്ല. നിമിഷയുടെ നായികയെ അപേക്ഷിച്ച് വാസന്തിക്കുള്ള ഒരേയൊരു പ്രത്യേകത അവള് സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്നു എന്നുള്ളതാണ്. വീട്ടിലെയും ഓഫീസിലെയും ജോലി ഒരുപോലെ അവള് ചെയ്യേണ്ടിവന്നു. വാസന്തിക്ക് അമ്മായിയമ്മയില്‍ നിന്നാണ് മാനസിക പീഡനം ഏറ്റുവാങ്ങേണ്ടിവന്നത് എങ്കില്‍ ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചനിലെ നായികയ്ക്ക് അത് ഭര്‍തൃപിതാവില്‍ നിന്നാണ്.
‘കളി’ നായികയുടെ തുണിയില്ലാത്ത ഫോട്ടോഷൂട്ട് വൈറൽ
അവള്‍ക്ക് അല്പമെങ്കിലും ആശ്വാസം നല്‍കുന്നത് അമ്മായിയമ്മ മാത്രമാണു താനും. രംഗചിത്രീകരണങ്ങളിലും ആവിഷ്കാരത്തിലും വരെ ആദാമിന്റെ വാരിയെല്ലിന്റെ പിന്തുടര്ച്ച അവകാശപ്പെടാനാവും ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്. വര്‍ഷങ്ങള്‍ക്കു മുമ്പ് താനവതരിപ്പിച്ച കേരളീയ വനിതയുടെ അടുക്കളയിലെ/വീട്ടിലെ സ്ഥിതിയില്‍ ഇന്നും കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല എന്ന തിരിച്ചറിവാവണം സുഹാസിനി എന്ന സ്ത്രീയേ ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചനുമായി മാനസികമായി ഏറെ അടുപ്പിച്ചത്.