EducationKERALANEWS

സംസ്ഥാനതല ഉന്നതവിദ്യാഭ്യാസ മൂല്യനിർണയ ഏജൻസി (SAAC) പ്രവർത്തനമാരംഭിക്കുന്നു ; ആദ്യഘട്ടത്തിൽ 15 സ്ഥാപനങ്ങൾ സന്ദർശിക്കും

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൂല്യനിർണയത്തിന് സംസ്ഥാനത്തിന് സ്വന്തമായ ഏജൻസി പ്രവർത്തനം ആരംഭിക്കുന്നു. കേരളത്തിന്റെ സ്റ്റേറ്റ് അസെസ്മെന്റ് ആന്റ് അക്രെഡിറ്റേഷൻ സെന്റർ (SAAC) ദേശീയ ഏജൻസിയായ നാഷണൽ അസെസ്മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ (NAAC) ന് തത്തുല്യമായ ഒന്നായിരിക്കും. മൂല്യനിർണയം നടത്തുന്നതിനായി ആദ്യഘട്ട ക്യാമ്പസ് സന്ദർശനങ്ങൾ ആരംഭിക്കാൻ SAAC ഒരുങ്ങി കഴിഞ്ഞു.

ആദ്യഘട്ടത്തിൽ 15 സ്ഥാപനങ്ങൾ സന്ദർശിക്കും. ഈ സെപ്റ്റംബർ 23, 24 തീയതികളിൽ മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ സാക്കിന്റെ പിയർ ടീം ആദ്യ സന്ദർശനം നടത്തും. മുൻ NAAC ഡയറക്ടർ രംഗനാഥ് എച്ച്. ആനി ഗൗഡയാണ് ഈ ടീമിനെ നയിക്കുന്നത്. എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സാബു തോമസ്, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റീസേർച്ച് ചെയർമാൻ മൈക്കൽ തരകൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ പ്രൊഫസർ ഫാത്തിമത്ത് സുഹറ എന്നിവരും ഈ ടീമിൽ ഉൾപ്പെടുന്നു.

“തങ്ങളുടെ പോരായ്മകൾ സ്വയം മനസിലാക്കി അന്താരാഷ്ട്ര തലത്തിലേക്ക് കൂട്ടായ പരിശ്രമത്തോടെ മുന്നേറാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കുക എന്നതാണ് SAAC ലക്ഷ്യം.” എന്ന് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ (KSHEC) വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ പറഞ്ഞു.

“ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ NAAC വിലയിരുത്തൽ പ്രക്രിയയിൽ ഉയർന്ന റാങ്കിലേക്ക് ഉയർത്തുക എന്നതാണ് SAAC ന്റെ പ്രധാന ലക്ഷ്യം. യൂണിവേഴ്സിറ്റികൾക്കും കോളേജുകൾക്കുമായി കേരളത്തിൽ റാങ്കിങ് നൽകുന്നതിന് മുന്നോടിയായുള്ള പ്രക്രിയയുമാണ് ഇത്. ദേശീയ റാങ്കിങ് രീതികൾ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇവിടെയും വിലയിരുത്തൽ സാധ്യമാക്കുക.” KSHEC മെമ്പർ സെക്രട്ടറി രാജൻ വർഗീസ് പറഞ്ഞു.

മൂല്യനിർണയത്തിനുള്ള പത്ത് രീതികളിൽ ഏഴും NAAC ഉപയോഗിക്കുന്നത് തന്നെയാണ്. മൂന്നെണ്ണം സംസ്ഥാനത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതും. സംസ്ഥാനത്തെ സാംസ്കാരിക അക്കാദമിക രീതികളിൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് മനസിലാക്കാനാണ് ഇവ.

“യു. ജി. സി. മാർഗനിർദേശങ്ങൾ അടിസ്ഥാനപ്പെടുത്തി രാജ്യത്ത് ആദ്യമായി സംസ്ഥാന തല ഉന്നതവിദ്യാഭ്യാസ മൂല്യനിർണയ ഏജൻസി രൂപീകരിച്ചത് കേരളമാണ്. കോവിഡ് മൂലം കാലതാമസമുണ്ടായിട്ടും ക്യാമ്പസുകളിലേക്ക് മൂല്യനിർണയത്തിനായി പോകുന്ന പ്രക്രിയ ആരംഭിക്കുന്നതും ഇവിടെയാണ്. SAAC നെ മാതൃകയാക്കിയാണ് മറ്റ് സംസ്ഥാനങ്ങൾ അവരുടെ സംസ്ഥാന മൂല്യനിർണയ ഏജൻസികൾക്ക് രൂപകൽപന നൽകിയിരിക്കുന്നത്. ” രാജൻ വർഗീസ് കൂട്ടിച്ചേർത്തു.

CGPA* അടിസ്ഥാനപ്പെടുത്തിയാണ് മൂല്യനിർണയം. 4ൽ 3.51 മുതൽ 4 വരെ CGPA ലഭിക്കുന്ന സ്ഥാപനങ്ങൾക്ക് ഉയർന്ന ഗ്രേഡിങ്ങായ A++ ഗ്രേഡ് ലഭിക്കും. 1.51 മുതൽ 2 വരെ ലഭിക്കുന്ന സ്ഥാപനങ്ങൾക്ക് C ഗ്രേഡ് ആണ് ലഭിക്കുക. ഇതാണ് ഏറ്റവും ചെറിയ ഗ്രേഡിങ്. 1.5ന് താഴെ പോകുന്ന സ്ഥാപനങ്ങളുടെ അംഗീകാരം ഒഴിവാക്കും.

*Cumulative Grade Point Average

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close