
കൊൽക്കത്ത: ഈ വർഷത്തെ റിപ്പബ്ലിക്ദിന പരേഡിനായി കേരളം സമർപ്പിച്ച നിശ്ചല ദൃശ്യം കേന്ദ്ര പ്രതിരോധ മന്ത്രാലയ സമിതി തള്ളിയതിന് പിന്നാലെ ശ്ചിമ ബംഗാളിനെ ഒഴിവാക്കി. എന്നാൽ ഈ മാറ്റിനിർത്തപ്പെടൽ ചോദ്യം ചെയ്തിരിക്കുകയാണ് മമതാ ബാനർജി. സംസ്ഥാനത്തെ അവഗണിച്ചെന്ന് കാണിച്ച് മമത പ്രധാനമന്ത്രിക്ക് കത്തെഴുതിയാണ് തന്റെ പ്രതിഷേധം അറിയിച്ചത്.
പശ്ചിമ ബംഗാൾ നൽകിയ നിശ്ചല ദൃശ്യത്തിന്റെ മാതൃക തള്ളിയതിനെ ഏറെ ഉത്കണ്ഠയോടെയാണ് നോക്കികാണുന്നതെന്നും സംസ്ഥാനത്തെ അപമാനിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തതെന്നാണ് മമത വാദിക്കുന്നത്. സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തെ പ്രതിനിധീകരിക്കുന്ന നിശ്ചല ദൃശ്യമാണ് ബംഗാൾ ഒരുക്കിയത്. അതിന്റെ ഭാഗമായി ബംഗാളിലെ എല്ലാ സ്വാതന്ത്ര സമരസേനാനികളും ജനങ്ങളുടെ മനസ്സിലേക്ക് എത്തിക്കുന്ന ചിത്രസംയോജനവും നടത്തിയിരുന്നെന്നുമാണ് മമത പറയുന്നത്.
കേന്ദ്രസർക്കാർ നിശ്ചയിച്ചിരുന്ന എന്ത് മാനദണ്ഡമാണ് ലംഘിച്ചിരിക്കുന്നതെന്ന് മമത കത്തിൽ പറയുന്നില്ല. കേന്ദ്രസർക്കാറിന്റെ വിശദീകരണവും പുറത്തുവന്നിട്ടില്ല. അതാത് സംസ്ഥാനങ്ങളുടെ തനത് സാംസ്കാരിക തനിമയും ദേശീയോദ്ഗ്രഥനവുമാണ് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി അണിയിച്ചൊരുക്കാറുള്ളത്. ഒരു തവണ അവതിരിപ്പിച്ചവ ആവർത്തിക്കാതിരിക്കാനും സംസ്ഥാന സർക്കാറുകൾ ശ്രദ്ധിക്കണമെന്നും കേന്ദ്ര സാംസ്കാരിക വകുപ്പ് നിർദ്ദേശത്തിലുണ്ട്.
നേരത്തെ കേരളം സമർപ്പിച്ച നിശ്ചല ദൃശ്യം കേന്ദ്ര പ്രതിരോധ മന്ത്രാലയ സമിതി തള്ളിയിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡ്. സാമൂഹ്യ പരിഷ്കർതാവായ ശ്രീനാരായണ ഗുരുവിന്റെ പ്രതിമയും ജഡായു പാറയും കൂടി ഉൾപ്പെടുന്ന നിശ്ചല ദൃശ്യം തയ്യാറാക്കിയാണ് കേരളം സമർപ്പിച്ചത്.
ആദ്യ റൗണ്ടിൽ കേരളത്തിന്റേത് മികച്ച ദൃശ്ചല ദൃശ്യമാണെന്ന് പ്രതിരോധ മന്ത്രാലയ സമിതി അഭിപ്രായപ്പെട്ടിരുന്നു. ഇതിനുശേഷമാണ് നിശ്ചല ദൃശ്യം തള്ളിയത്. ഇതിനുപകരമായി ആദി ശങ്കരന്റെ നിശ്ചല ദൃശ്യം തയ്യാറാക്കാൻ പ്രതിരോധ മന്ത്രാലയ സമിതി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ അപേക്ഷ പിൻവലിക്കാനും നിർദേശിച്ചു. ഈ രണ്ട് ആവശ്യങ്ങളും അംഗീകരിക്കാൻ കേരളം തയ്യാറായിരുന്നില്ല. ഇതോടെ കേരളത്തിന്റെ അപേക്ഷ തള്ളുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..