NEWSTrendingWORLD

പക്ഷിയുടെ തല ദ്രാവകത്തിലിട്ടു സ്‌കൂള്‍ ടോയിലറ്റില്‍ സൂക്ഷിച്ചു; പെട്രോള്‍ ബോംബുകള്‍ പോലുള്ള സ്‌ഫോടക വസ്തുക്കള്‍ ഉണ്ടാക്കി; എല്ലാം അറിഞ്ഞിട്ടും മകന് സമ്മാനമായി നൽകിയത് തോക്ക്; എങ്ങനെ പിടിക്കപ്പെടാതിരിക്കാമെന്ന് നീ തന്നെ പഠിക്കണം എന്ന് അമ്മയുടെ ഉപദേശവും; പിശാചുക്കളെ കാണുന്ന ഏഥന്‍ അമേരിക്കയിലെ സ്കൂളിൽ നടത്തിയ വെടിവെപ്പിന് പിന്നിലെ കഥകൾ ഇങ്ങനെ

കഴിഞ്ഞ നവംബറിൽ അമേരിക്കയിലെ മിഷിഗണില്‍ ഓക്സ്ഫോര്‍ഡ് ഹൈസ്‌ക്കൂളില്‍ നടന്ന സംഭവം ഇന്നും ആളുകൾ മറന്നിരിക്കില്ല. അത്രക്കും ഭീകരാന്തരീക്ഷമാണ് അന്ന് ഉച്ചയ്ക്ക് അവിടെ ഉണ്ടായത്. 2021 നവംബര്‍ 30 ന് നടന്ന കൂട്ടവെടിവയ്പിന് ഇരകളായത് നാല് കൗമാരക്കാരായിരുന്നു. കൂടാതെ ഒരു അധ്യാപകനുൾപ്പെടെ ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അമേരിക്കയില്‍ സ്‌കൂള്‍ വെടിവെപ്പുകളുടെ വാര്‍ത്തകള്‍ കേട്ടുപഴകിയതാണെങ്കിലും ഇത്തവണ അവയിൽ നിന്നും വ്യത്യസ്തമായാണ് സംഭവങ്ങൾ അരങ്ങേറിയത്. പതിനഞ്ചു വയസ്സ് മാത്രം പ്രായമുള്ള അതേ സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് കേട്ടവര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.

സഹപാഠികളെ നിഷ്‌കരുണം കൊലപ്പെടുത്തിയത് ഏഥന്‍ ക്രംപ്ലി എന്ന വിദ്യാര്‍ഥിയായിരുന്നു. കൊലപാതകവും തീവ്രവാദവും ഉള്‍പ്പെടെ 24 കുറ്റകൃത്യങ്ങള്‍ക്ക് ഏഥന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഏഥന്റെ മാതാപിതാക്കളായ ജെനിഫറിനും ജെയിംസ് ക്രംപ്ലിക്കുമെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ഈ കേസിന്റെ വിചാരണ ഇപ്പോഴും നടന്നു വരികയാണ്.

എന്താണ് മിഷിഗണില്‍ സംഭവിച്ചത്? എന്താണ് ഒരു പതിനഞ്ചു വയസുകാരനെ സ്വന്തം സഹപാഠികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ വെടിയുതിര്‍ക്കാനുള്ള മാനസികാവസ്ഥയിലേക്ക് നയിച്ചത്? എന്താണീ അരുംകൊലകള്‍ക്കു പിന്നിലെ സത്യം? ഈ ചോദ്യങ്ങള്‍ എല്ലാം അവസാനിക്കുന്നതോ ഭീകരമായ ചില യാഥാര്‍ഥ്യങ്ങളിലേക്കും….

ഏഥന്റെ ക്രൂര വിനോദങ്ങള്‍ ഇവിടെ നിന്നല്ല തുടങ്ങിയത്. മൃഗങ്ങളെ ക്രൂരമായി പീഡിപ്പിച്ച് അവയെ കൊല്ലുന്ന ഒരു വീഡിയോ ഏഥന്‍ മുന്‍മ്പ് ചിത്രീകരിച്ചിട്ടുണ്ട്. ഒരു പക്ഷിയുടെ തല ദ്രാവകത്തിലിട്ടു സ്‌കൂള്‍ ടോയിലറ്റില്‍ സൂക്ഷിക്കുകയും പെട്രോള്‍ ബോംബുകള്‍ പോലുള്ള സ്‌ഫോടക വസ്തുക്കള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. സ്‌കൂളില്‍ വെടിവെപ്പു നടത്തുന്നതിന്റെ ഒരു രേഖാചിത്രം വരച്ച ഏഥന്‍ തന്റെ സുഹൃത്തിനോട് ഫോണിലൂടെ സന്ദേശം അയച്ച് തമാശയായി ഇത് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. അത്ഭുതപ്പെടുത്തുന്ന വസ്തുതയെന്തെന്നാല്‍ ഏഥന്റെ മാതാപിതാക്കള്‍ക്ക് ഇതെല്ലാം മുന്‍പേ അറിയാമായിരുന്നുവെന്നതാണ്.

വലിയ മാനസിക പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്ന ബാല്യമായിരുന്നു ഏഥന്. പക്ഷേ ഇതവന്റെ മാതാപിതാക്കള്‍ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ചു. മകന് കൗണ്‍സിലിങ്ങ് നടത്തണമെന്നും 48 മണിക്കൂറിനകം അവന്റെ പെരുമാറ്റ വൈകല്യം ചൈല്‍ഡ് പ്രെട്ടക്ടീവ് സര്‍വീസസിനെ അറിയിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ മാതാപിതാക്കളോട് താക്കീത് നല്‍കിയിരുന്നെങ്കിലും അവര്‍ അത് അനുസരിക്കാതെ പിറ്റേദിവസം തന്നെ മകനെ സ്‌കൂളിലേക്ക് അയച്ചു. മുമ്പൊരിക്കലും ഏഥന്റെ പേരില്‍ ഇത്തരത്തിലുള്ള പരാതികളില്ലാത്തതുകൊണ്ട് സ്‌കൂള്‍ അധികൃതരും പിന്നീട് ശ്രദ്ധിച്ചില്ല. ഇത്തരത്തിലുള്ള അനാസ്ഥകള്‍ മൂലം നാല് മാതാപിതാക്കള്‍ക്കാണ് അവരുടെ മക്കളെ നഷ്ടപ്പെട്ടത്.

മകന്റെ സ്വഭാവവൈകല്യങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് മാതാപിതാക്കള്‍ അവന് ക്രിസ്മസ് സമ്മാനമായി 9mm സെമി ഓട്ടോമാറ്റിക്ക് ഗണ്‍ സമ്മാനിച്ചത്. മാത്രമല്ല ഇത് അഭിമാനത്തോടെ ഏഥന്റെ അമ്മ സമൂഹമാധ്യമത്തില്‍ ‘ഏഥന് പുതിയ സമ്മാനം’ എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്യുകയും ചെയ്തു. സ്‌കൂളിലെ വെടിവെപ്പിനുശേഷം ജെന്നിഫര്‍ മകനു അയച്ച മെസ്സേജ് ‘എങ്ങനെ പിടിക്കപ്പെടാതിരിക്കാമെന്ന് നീ തന്നെ പഠിക്കണം’ എന്നായിരുന്നു. എന്നിട്ടും അവര്‍ കോടതിയില്‍ മകനെ ഒറ്റപ്പെടുത്തുകയാണ് ചെയ്തത്.

ഏഥനെ വീട്ടില്‍ തനിച്ചാക്കി മാതാപിതാക്കള്‍ പലപ്പോഴും പുറത്തുപോകുമായിരുന്നു. അവരുടെ അയല്‍വാസി ശിശുസംരക്ഷണ ഏജന്‍സിക്ക് പരാതിനല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായതായി വിവരമില്ല. ഏക സുഹൃത്ത് സ്‌കൂള്‍ മാറി പോയതും പ്രിയപ്പെട്ട വളര്‍ത്തുനായ ചത്തതുമെല്ലാം ഏഥനെ കടുത്ത വിഷാദത്തിലാക്കിയിരുന്നു. വീടിനുള്ളില്‍ മരിച്ചവരെയും പിശാചുക്കളെയും കാണാറുണ്ടെന്നതടക്കമുള്ള അവകാശവാദങ്ങള്‍ ഉള്‍പ്പെടുന്ന മെസ്സേജുകള്‍ ഏഥന്‍ അമ്മയ്ക്കയച്ചിരുന്നു. പക്ഷേ, അമ്മ അവരുടെ മകനെ ഈ അവസ്ഥയില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. എല്ലാം വെറും ബാലചാപല്യങ്ങളായി മാത്രം കണ്ടു.

ചില സാമൂഹിക പ്രശ്നങ്ങളിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മാനസിക വൈകല്യങ്ങള്‍ മൂലം കഷ്ടപ്പെടുന്ന നിരവധി പേർ ഇക്കാലത്തുണ്ട്. ഒരു കുട്ടി മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നുവെങ്കില്‍ അത് മനസിലാക്കി അവന് വേണ്ട പിന്തുണയും കൗണ്‍സില് അടക്കമുള്ള ചികിത്സയും നല്‍കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. മാനസിക പ്രശ്നങ്ങള്‍ നേരിടുന്നവര്‍ പലപ്പോഴും മറ്റുള്ളവരുടെ ജീവനെടുക്കുന്നതിലേക്കും സ്വയം ജീവിതം അവസാനിപ്പിക്കുന്നതിലേക്കും നീങ്ങുന്നത് അവരെ കേള്‍ക്കാനും മനസിലാക്കാനും ആരും ശ്രമിക്കാത്തതിനാലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇത്തരത്തിൽ നിരവധി കുട്ടികൾ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ഉണ്ട്. അവരുടെ ഒറ്റപെടലാണ് അവരെ ക്രൂരന്മാരാക്കുന്നത്. അവരെ കേൾക്കാനോ പറഞ്ഞ് മനസ്സിലാക്കാനോ ആരും ശ്രമിക്കാത്തതുകൊണ്ട് സമൂഹത്തിന് നഷ്ടമാകുന്നത് നല്ല പൗരന്മാരെ കൂടിയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close