Breaking NewsKERALANEWSTop News

യൗവനത്തിൽ കാഴ്ച്ചകൾക്ക് ഇരുൾ പടർന്നപ്പോൾ പകച്ചു നിന്നില്ല; സണ്ണി സാർ ഇന്നും അറിവിന്റെ നിറദീപമായി പ്രകാശം പരത്തുന്നു; അന്ധതയെ തോൽപ്പിച്ച അധ്യാപകന്റെ കഥ

കൊല്ലം: കണ്ണിന്റെ അന്ധതയെ അറിവിന്റെ നറുംനിലാവ് കൊണ്ട് മറികടന്ന അധ്യാപകനാണ് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലട സർക്കാർ ഹൈസ്കൂളിലെ പ്രഥമാധ്യാപകൻ പി ഒ സണ്ണി. തന്റെ 25മത്തെ വയസ്സിൽ പൂർണമായും കാഴ്ച്ചശക്തി നഷ്ടപ്പെട്ടിട്ടും ഈ കണക്ക് അധ്യാപകൻ അറിവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്തിയത് ആയിരങ്ങളെയാണ്. തോറ്റുപോകില്ലെന്ന നിശ്ചയദാർഢ്യവും സാങ്കേതിക വിദ്യയുടെ സഹായവും കൊണ്ട് ഈ അധ്യാപകൻ തന്റെ വിദ്യാർത്ഥികൾക്ക് ഇന്നും കണക്കിലെ വിസ്മയ സമവാക്യങ്ങൾ പകർന്ന് നൽകുന്നു.

കൊല്ലം ജില്ലയിലെ കിഴക്കേ കല്ലട സ്വദേശിയാണ് പി ഒ സണ്ണി. ജന്മനാ അന്ധനല്ലാതിരുന്ന സണ്ണിയുടെ കണ്ണിന്റെ കാഴ്ച്ച പതിയെ പതിയെ മങ്ങിതുടങ്ങിയത് പഠനകാലത്തായിരുന്നു. മോഹങ്ങൾക്ക് തെളിമവരുന്ന 18ാം വയസിലാണ് തന്റെ ഭാവിയിൽ ഇരുള് നിറയുമെന്ന് ഇദ്ദേഹം മനസിലാക്കുന്നത്. റെറ്റിനയിലേക്കുള്ള സെല്ലുകൾ ചുരുങ്ങുന്ന അപൂർവരോഗമാണ് സണ്ണിക്ക് എന്ന് തിരിച്ചറിയുന്നു. ആദ്യം രാത്രിയിലെ കാഴ്ച്ച നഷ്ടപ്പെട്ടു. പിന്നീട് പതുക്കെ പതുക്കെ പകലിലെ കാഴ്ച്ചകളും മങ്ങിത്തുടങ്ങി.

ഇരുളിനോട് പൊരുത്തപ്പെടൂ എന്ന് ഡോക്ടർമാർ ഉപദേശിക്കുന്നു. ഒന്നുകിൽ ഇരുളിനെപ്പറ്റി ഓർത്ത് ജീവിതം മുരടിപ്പിക്കാം അല്ലെങ്കിൽ കിട്ടുന്ന പരമാവധി സമയം കൊണ്ട് ലഭിക്കാവുന്ന അറിവ് ആർജ്ജിച്ചെടുക്കാം. സ്വാഭാവികമായും ഹൃദയത്തിൽ ഈശ്വരന്റെ കൈയൊപ്പുള്ള ആ യുവാവ് രണ്ടാമത്തേത് തിരഞ്ഞെടുത്തു. കാഴ്ചശക്തി പൂർണമായും നഷ്ടപ്പെടുന്നതിന് മുമ്പ് ബിരുദ ബിഎഡ് പഠനങ്ങൾ പൂർത്തിയാക്കി. തുടർന്ന് പിഎസ് സി നടത്തിയ ഹൈസ്‌കൂൾ ഗണിത വിഭാഗം അധ്യാപക പരീക്ഷയിൽ ഒന്നാം റാങ്ക് നേടി.

1995ൽ കുളത്തൂപ്പുഴ ഗവ ഹൈസ്‌കൂളിൽ ജോലിയിൽപ്രവേശിച്ചു. ജോലിക്ക് പ്രവേശിച്ചതിന് ശേഷമാണ് പൂർണമായും കാഴ്ച്ചശക്തി നഷ്ടപ്പെടുന്നത്. ജീവിതത്തിലെ വെളിച്ചങ്ങൾ നിഴലുകളും ഒടുവിൽ അന്ധകാരവും ആയിത്തീരുമ്പോഴേക്കും തൊടിയൂർ ഹൈസ്‌കൂളിലേക്ക് ഇരുളിനൊപ്പം 20 വർഷത്തിൽ നേടിയ മികവുകൾ, പിന്നീട് ഉദ്യോഗക്കയറ്റത്തോടെ പരിമിതികളാൽ നട്ടംതിരിയുന്ന പിഞ്ഞാറേകല്ലട സ്‌കൂളിലേക്ക്. അന്ധതാമിശ്രമായ അന്തരീക്ഷത്തിൽനിന്നും വെളിച്ചത്തിലേക്ക് സ്‌കൂ്ൾ കത്തിക്കയറുന്നകാഴ്ചയാണ് പിന്നീട് കണ്ടത്.

കുട്ടികളുടെ അക്കാഡമിക് നിലവാരം ഉയർത്താൻ പ്രത്യേക പദ്ധതി തയ്യാറാക്കി. കഴിഞ്ഞ ആറ് വർഷമായി എസ് എസ് എൽ സി പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർഥികളേയും വിജയിപ്പിക്കാനും കൂടുതൽ വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയും ചെയ്യുന്നു. സ്‌ക്രീൻ റീഡിംഗ് സോഫ്റ്റ് വെയർ ഉപയോഗിച്ച് കമ്പ്യൂട്ടർ അനായാസമായി കൈകാര്യം ചെയ്യും. അഞ്ചോളം ദിനപത്രങ്ങൾ ദിവസേന വായിക്കാനും സമയം കണ്ടെത്തി പ്രധാന എഴുത്തുകാരുടെ പുസ്തകങ്ങൾ ഓൺലൈനായി വായിക്കും.

ക്ലാസ് മുറികളിലും പൊതു ഇടങ്ങളിലും ആരുടെയും കൈത്താങ്ങിലാതെയാണ് ഈ അധ്യാപകന്റെ നടത്തം. ക്ലാസ് മുറികളും ബ്ലാക്ക് ബോർഡുമെല്ലാം ഈ മനുഷ്യന്റെ അകതാരിൽ തെളിഞ്ഞ് കത്തുമ്പോൾ കണക്കിലെ പ്രശ്നോത്തരികൾ എഴുതിക്കൂട്ടി വിദ്യാർത്ഥികൾ‌ക്ക് കാട്ടിക്കൊടുക്കും. നിവേദനങ്ങളും ഫയലുകളും വായിക്കാൻ സാങ്കേതിക വിദ്യയുടെ സഹായമുണ്ട്. മൊബൈലിലും കമ്പ്യൂട്ടറിലും ഇൻസ്റ്റാൾ ചെയ്തിട്ടുള്ള പെയ്ഡ് സോഫ്റ്റ് വെയറുകൾ സണ്ണിസാറിനായി കാണും. കാണുന്നത് വള്ളിപുള്ളി വിടാതെ സണ്ണിസാറിന് പറഞ്ഞുകൊടുക്കും.

അധ്യാപകനായിരിക്കെ ഗണിത ശാസ്ത്ര അധ്യാപകർക്കുള്ള ബ്ലോഗിലെ സ്ഥിരം എഴുത്തുകാരനായിരുന്നു. ഈ ബ്ലോഗ് കൈകാര്യം ചെയ്തിരുന്നതും അദ്ദേഹമായിരുന്നു. അന്ധരായ അധ്യാപകരെ സ്‌ക്രീൻ റീഡിംഗ് സോഫ്റ്റ് വെയർ പരിശീലിപ്പിക്കാനായി ഇൻസൈറ്റ് തയ്യാറാക്കിയ തുടർ പഠന പദ്ധതിയുടെ മാസ്റ്റർ ട്രെയിനറായിരുന്നു. അധ്യാപനം, മികച്ച സ്‌കൂൾ ഭരണം, മോട്ടിവേഷൻ ക്ലാസ് , തബല വാദനം, ബ്ലോഗ് എഴുത്ത്, തുടങ്ങി കാഴ്ചയുള്ളവർ ചെയ്യുന്നതിനേക്കാൾ അനായാസം പലതും ചെയ്യുന്നു.അഥവാ സണ്ണിസാർ സ്‌കൂളിനെ നിയന്ത്രിക്കുന്നു,അല്ല ഒരു നാടിനെ വെളിച്ചത്തിലേക്ക് നയിക്കുന്നു.

തന്റെ യൗവനത്തിൽ നഷ്ടമായ കാഴ്ച്ചകളെ ഓർത്ത് ഈ മനുഷ്യന് നഷ്ടബോധമില്ല. അകതാരിൽ തെളിഞ്ഞു കത്തുന്ന അറിവിന്റെ ദീപം ആയിരങ്ങൾ‌ക്ക് പകർന്നു നൽകാൻ ഇന്നും കർമ്മനിരതനാണ് സണ്ണിസാർ. രണ്ട് മക്കളും ഭാര്യയും അടങ്ങുന്നതാണ് സണ്ണി സാറിന്റെ കുടുംബം. മക്കൾ രണ്ടുപേരും മെഡിസിന് പഠിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close