Breaking NewsINSIGHTNEWSTop News

ഉണ്ണ്യേൻ സാഹിബ് ഹിന്ദുവായപ്പോൾ സ്വീകരിച്ച പേര് രാമസിംഹനെന്ന്; അനുജനെ ഷോഡശ സംസ്കാരപ്രകാരം ഉപനയനം ചെയ്ത് നമ്പൂതിരിയാക്കി; ഹിന്ദുമതം സ്വീകരിച്ചതിന്റെ പേരിൽ ഇസ്ലാം മതമൗലികവാദികൾ വാളിനിരയാക്കിയത് നാലുപേരെ; സംവിധായകൻ അലി അക്ബർ സ്വീകരിച്ച പേരിന് പിന്നിലെ ചരിത്രം ഇങ്ങനെ

കോട്ടയം: സംവിധായകൻ അലി അക്ബർ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചതിന് പിന്നാലെ രാമസിംഹൻ എന്ന് പേര് മാറ്റുകയും ചെയ്തിരിക്കുകയാണ്. എന്തുകൊണ്ട് അലി അക്ബർ മറ്റൊരു പേരും സ്വീകരിക്കാതെ കേരളത്തിൽ വർത്തമാനകാലത്ത് അത്ര പരിചിതമല്ലാത്ത രാമസിംഹൻ എന്ന പേര് സ്വീകരിച്ചു എന്ന ചർച്ചകളും സജീവമാണ്. കേരളത്തിലെ ഇസ്ലാമിക മതമൗലികവാദികളുടെ ഇരയായ രാമസിംഹന്റെ പേരിനോളം മറ്റൊരു പേരും പഴയ അലി അക്ബറിന് സ്വീകരിക്കാൻ ഉണ്ടായിരുന്നില്ല എന്നതാണ് ചരിത്ര വസ്തുത. കേരളത്തിലെ ഇസ്ലാം മത മൗലിക വാദികൾ വെട്ടിക്കൊന്ന മനുഷ്യനാണ് കിളിയമണ്ണിൽ തെക്കേ പള്ളിയാളി വീട്ടിൽ മൊയ്തുസാഹിബിന്റെ മൂത്ത മകൻ ഉണ്ണ്യേൻ സാഹിബ് അഥവാ ഹിന്ദുമതം സ്വീകരിച്ച രാമസിംഹൻ. ഇസ്ലാം മതം വിട്ട് ഹിന്ദുമതം സ്വീകരിച്ചതിന്റെ പേരിലായിരുന്നു ആ അരുംകൊല.

1947 ആഗസ്റ്റ് രണ്ടിനായിരുന്നു രാമസിംഹൻ എന്ന ഉണ്ണ്യേൻ സാഹിബിന്റെയും കുടുംബത്തിന്റെയും അരും കൊല. ഉണ്ണ്യേൻ സാഹിബ് 1905കളിലാണ് മലാപ്പറമ്പിലെത്തുന്നത്. അങ്ങാടിപ്പുറം അംശം പരിയാപുരം ദേശത്തിൽ കുണ്ടറയ്‌ക്കൽ തറവാട്ടു വക 600 ഏക്കർ ഭൂമി പാട്ടത്തിനെടുത്ത് പരീക്ഷണാർത്ഥം റബ്ബർ കൃഷി ചെയ്യുകയായിരുന്നു ലക്ഷ്യം. ബ്രിട്ടീഷ് കൃഷിരീതി അവലംബിച്ചു കൊണ്ടുള്ള റബ്ബർ കൃഷിയായിരുന്നു ഉണ്ണ്യേൻ സാഹിബ് തൊണ്ണൂറു വർഷത്തേയ്‌ക്കു പാട്ടത്തിനെടുത്ത ഭൂമിയിൽ അവലംബിച്ചു പോന്നത്.

മലാപ്പറമ്പിലെ മനോഹരമായ ഒരു കുന്നിൻ മുകളിൽ ഒരു എട്ടുകെട്ടു പണിത് അവിടെ ഉണ്ണ്യേൻ സാഹിബ് താമസമാക്കി. താൻ പാട്ടത്തിനെടുത്ത അറുനൂറ് ഏക്കറിനുള്ളിലുണ്ടായിരുന്ന നരസിംഹമൂർത്തി ക്ഷേത്രം ഉണ്ണ്യേൻ സാഹിബിനെ സ്വാധീനിച്ചിരുന്നു. ഒപ്പം ഹൈന്ദവരായ സുഹൃത്തുക്കളുമായുള്ള സഹവാസവും കൂടിയായപ്പോൾ, ഉണ്ണ്യേൻ സാഹിബ് ഹിന്ദുധർമ്മത്തെ അടുത്തറിയുകയായിരുന്നു. തുടർന്ന് അദ്ദേഹം ഹിന്ദുമതം സ്വീകരിക്കുകയും രാമസിംഹൻ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. രാമസിംഹന്റെ രണ്ടു മക്കളും ഫത്തേസിംഗ്, സ്വരാവർ സിംഗ് എന്നിങ്ങനെ പേരുകൾ സ്വീകരിച്ച് ഹിന്ദുക്കളായി. രാമസിംഹന്റെ അനുജനും ഹിന്ദുവായി. ആലിപ്പൂവ് എന്ന പേര് ഉപേക്ഷിച്ച് ദയാസിംഹൻ എന്ന പേരാണ് അനുജൻ സ്വീകരിച്ചത്.

600 ഏക്കറിനുള്ളിൽ നിലകൊണ്ടിരുന്ന ക്ഷേത്രത്തിലെ പ്രധാന ദേവതയായ നരസിംഹസ്വാമിയുടെ ഭക്തനായി മാറിക്കഴിഞ്ഞിരുന്ന രാമസിംഹൻ, ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നിലം പൊത്തിയ ക്ഷേത്രത്തിന്റെ ജീർണ്ണോദ്ധാരണം നടത്തി നിത്യനിദാനങ്ങൾ ഭംഗിയായി പുനരാരംഭിച്ചു. ഇതു കൂടാതെ, തന്റെ ഇളയസഹോദരൻ, ദയാസിംഹനെ, ഷോഡശ സംസ്കാരപ്രകാരം, ഉപനയനം ചെയ്ത് നരസിംഹൻ നമ്പൂതിരി എന്ന പേരു നൽകി, പുഴക്കാട്ടിരി കൊട്ടുവാടി മംഗലത്തു മനയ്‌ക്കൽ നാരായണൻ നമ്പൂതിരിയുടെ മകൾ കമല അന്തർജ്ജനത്തെക്കൊണ്ട് വേളിയും കഴിപ്പിച്ചു.

അങ്ങനെ ആ കുടുംബം സമ്പൂർണ്ണ ഹൈന്ദവസംസ്കൃതിയിൽ തുടരാൻ ആരംഭിക്കുകയായിരുന്നു. അക്കാലത്ത് (ഇക്കാലത്തും) അത്യപൂർവ്വമായ ഈ സംഭവം ആ പ്രദേശമാകെ സംസാരവിഷയമായിരുന്നു. രാമസിംഹന്റെയും കുടുംബത്തിന്റെയും സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. 1947 ആഗസ്റ്റ് രണ്ടിന് അർദ്ധരാത്രിയിൽ, മലാപ്പറമ്പിലെ എസ്റ്റേറ്റ് ബംഗ്ലാവിൽ വച്ച് ആ കുടുംബം ദാരുണമായി കൊല ചെയ്യപ്പെട്ടു. രാമസിംഹൻ, നരസിംഹൻ, കമല അന്തർജനം, അവിടുത്തെ പാചകക്കാരൻ രാജു അയ്യർ എന്നിവരെ നിഷ്ഠൂരമായി വെട്ടി കൊല ചെയ്യുകയായിരുന്നു. അതേസമയം, ആ വീട്ടിലുണ്ടായിരുന്ന കമല അന്തർജ്ജനത്തിന്റെ അമ്മയും, കുട്ടികളും കൊലയാളികളുടെ കണ്ണിൽപ്പെടാതെ രക്ഷപ്പെട്ടു.

ആ കുടുംബം ഛിന്നഭിന്നമാക്കിയിട്ടും കലിയടങ്ങാത്ത, മതവെറിയുടെ മനുഷ്യരൂപമാർന്ന അവർ രാമസിംഹന്റെ എസ്റ്റേറ്റ് ബംഗ്ലാവ് കൊള്ളയടിച്ചു. രാമസിംഹൻ ജീർണ്ണോദ്ധാരണം ചെയ്ത് ഉപാസിച്ചു പോന്ന നരസിംഹമൂർത്തിക്ഷേത്രം ഇടിച്ചു നിരത്തി. നാലമ്പലവും, ശ്രീകോവിലുമുൾപ്പെടെ പൊളിച്ചടുക്കിയ അവർ തടിയും, ഓടുമടക്കമുള്ളവ കൊള്ളയടിക്കുകയും, ക്ഷേത്രവിഗ്രഹങ്ങൾ തകർത്ത് ക്ഷേത്രക്കുളത്തിലും, കിണറ്റിലുമിട്ട്, ക്ഷേത്രത്തിന്റെ ചുറ്റുമതിൽ ഇടിച്ചു തകർത്ത് അതിട്ടു മൂടുകയും ചെയ്തു.

മുസ്ലീം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചതു മാത്രമായിരുന്നു രാമസിംഹനോടും കുടുംബത്തോടും ഈ കൊടും ക്രൂരത ചെയ്യാനുള്ള കാരണം. ആ നിർദ്ദോഷ കുടുംബത്തെ തുണ്ടം തുണ്ടമായി വെട്ടി നുറുക്കിയ അക്രമിസംഘം, എസ്റ്റേറ്റ് ബംഗ്ലാവിന്റെ പുറകിലൂടെ, കുന്നിറങ്ങി പലവഴി പിരിഞ്ഞ് ഒളിസ്ഥലങ്ങളിൽ അഭയം തേടി. പോയ വഴിയിലുപേക്ഷിച്ച, കൊലയ്‌ക്കുപയോഗിച്ച ആയുധങ്ങൾ കുളത്തൂരിനടുത്തുള്ള മുതലക്കോട്ട് കുളത്തിൽ നിന്നും പിന്നീട് പൊലീസ് കണ്ടെടുത്തു.

കേസ് അന്വേഷിച്ചത് പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടറായിരുന്ന കേശവമേനോനാണ്. സാക്ഷികളും, തെളിവുകളും ധാരാളമുണ്ടായിരുന്ന കേസിൽ ഒൻപതു പേരടങ്ങുന്ന കൊലയാളിസംഘമാണ് അറസ്റ്റിലായത്. നാണത്ത് കുഞ്ഞലവി, മൊട്ടേങ്ങൽ മൊയ്തൂട്ടി എന്നിവരായിരുന്നു കൊലയാളിസംഘത്തിന്റെ നേതാക്കൾ. ഈ കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ, ഇവരെക്കൂടാതെ രാമസിംഹന്റെ ഭാര്യാപിതാവ് കല്ലടി ഉണ്ണിക്കമ്മു തുടങ്ങിയ ചിലർക്കും പങ്കുള്ളതായി കേശവ മേനോന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി. സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതികൾ, പക്ഷേ മദ്രാസ് ഹൈക്കോടതിയുടെ ആനുകൂല്യത്തിൽ നിരുപാധികം രക്ഷപ്പെടുകയായിരുന്നു.

സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അന്തരിച്ചപ്പോൾ ആ വാർത്തയ്ക്കുനേരെ ഫേസ്ബുക്കിൽ ആഹ്ളാദപ്രകടനം നടന്നെന്നും അതിൽ പ്രതിഷേധിച്ചാണ് മതം വിടുന്നതെന്നും അലി അക്ബർ പറഞ്ഞിരുന്നു. ‘എന്റെ പേര് നാളെ മുതൽ രാമ സിംഹൻ എന്നാക്കുകയാണ്. സംസ്കാരത്തോട് ചേർന്ന് നിന്നപ്പോൾ കൊല ചെയ്യപ്പെട്ട വ്യക്തിത്വമാണ് രാമസിംഹൻ. നാളെ മുതൽ അലി അക്ബറിനെ നിങ്ങൾക്ക് രാമസിംഹൻ എന്ന് വിളിക്കാം. നല്ല പേരാണത്’, എന്ന് അലി അക്ബർ പറഞ്ഞു. ബിപിൻ റാവത്തിൻറെ മരണവാർത്തയ്ക്ക് സോഷ്യൽ മീഡിയയിൽ ചിലർ സ്മൈലികൾ ഇടുന്നതായി ചൂണ്ടിക്കാട്ടി അലി അക്ബർ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവ് നടത്തിയിരുന്നു. എന്നാൽ ലൈവ് വീഡിയോയിലെ വർഗീയ പരാമർശം ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് സംവിധായകൻറെ അക്കൗണ്ട് ഒരു മാസത്തേക്ക് നിർജ്ജീവമാക്കി. തുടർന്ന് മറ്റൊരു ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് താൻ‌ മതം വിടുന്നതായി പ്രഖ്യാപിച്ചത്.

‘വാരിയംകുന്നൻ’ സിനിമയിൽ നിന്ന് സംവിധായകൻ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിൻമാറിയെങ്കിലും ‘1921 പുഴ മുതൽ പുഴ വരെ’ എന്ന സിനിമയുമായി മുന്നോട്ടുപോവുകയാണ് സംവിധായകൻ അലി അക്ബർ നേരത്തേ വ്യക്തമാക്കിയിരുന്നു. തൻറെ പുതിയ സിനിമയുടെ അണിയറ വിവരങ്ങളും രാമസിംഹൻ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. മലബാർ സമരത്തിൻറെ പശ്ചാത്തലത്തിലൊരുക്കുന്ന ‘പുഴ മുതൽ പുഴ വരെ’യിലെ മാറിയ പേര് വിവരങ്ങളാണ് അദ്ദേഹം പുറത്തുവിട്ടത്. സംവിധായകൻറെ പേരിന് നേരെ പുതുതായി സ്വീകരിച്ച രാമസിംഹൻ എന്ന പേരാകും നൽകുകയെന്ന് പറഞ്ഞ അദ്ദേഹം നിർമാതാവിൻറെ ടൈറ്റിലിൽ അലി അക്ബർ എന്ന് തന്നെ നൽകുമെന്നും വ്യക്തമാക്കി. അലി അക്ബർ എന്ന പേരിലേക്കാണ് സിനിമക്കാവശ്യമായ പണം വന്നതെന്നും അവരോടുള്ള ബാധ്യത കാരണമാണ് അലി അക്ബർ എന്ന പേര് ആ ടൈറ്റിലിന് നേരെ നൽകുകയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപരമായി ബി.ജെ.പിയിൽ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിന്ദു മതത്തിൽ ചേർന്നതിൽ പിന്നെ ഏത് ജാതിയിലായിരിക്കുമെന്ന് ചോദിച്ചപ്പോൾ അലി അക്ബറിൻറെ മറുപടി ഇങ്ങനെയായിരുന്നു: “ഞാൻ ശൂദ്രനാണ്. ഹൈന്ദവ വർണം എന്ന് പറയുന്നത് ഞാൻ ചെയ്യുന്ന കർമ്മങ്ങളുടെ അടിസ്ഥാനത്തിലാണ്. ഞാനിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് സേവനമാണ്, ആ സേവനം എന്ന് പറയുന്നത് ശൂദ്ര കർമ്മമാണ്. നമ്മളുടെ സമയത്തിന് അനുസരിച്ച് ഞാൻ ക്ഷത്രിയനുമാണ്. ഞാൻ നല്ല പോരാട്ടക്കാരനുമാണ്. ഭഗവാൻ കൃഷ്ണന് എന്തായിരുന്നു ആദ്യത്തെ ജോലി. അദ്ദേഹം ആട്ടിടയനായിരുന്നു, അവിടെ ശൂദ്രനായിരുന്നു. അതെ സമയം തന്നെ അർജുനന് ഉപദേശം കൊടുക്കാറുണ്ടായിരുന്നു, അപ്പോൾ ആരായി? ബ്രാഹ്മണനായില്ലേ. അതെ സമയത്ത് നന്നായി ആയുധമെടുക്കുന്നുണ്ട്. ആരായി ക്ഷത്രിയനായില്ലേ. കർമ്മത്തെ അടിസ്ഥാനമാക്കിയാണ് വർണ്ണം നിശ്ചയിക്കുന്നത്. ജാതി-മതം എന്നിവയെല്ലാം കുലങ്ങളാണ്.”

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ‘വാരിയംകുന്നൻ’ എന്ന സിനിമ സംവിധായകൻ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അലി അക്ബർ തൻറെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. നടൻ തലൈവാസൽ വിജയ് ആണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. ജോയ് മാത്യൂവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മമധർമ്മ എന്ന പേരിൽ രൂപീകരിച്ച പ്രൊഡക്ഷൻ ഹൗസിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് അലി അക്ബർ ചിത്രമൊരുക്കുന്നത്. സിനിമയുടെ നിർമാണം നിർവ്വഹിക്കുന്ന അലി അക്ബറിൻറെ നേതൃത്വത്തിൽ രൂപീകരിച്ച മമധർമ്മക്ക് ഒരു കോടിക്ക് മുകളിൽ രൂപയാണ് ആദ്യഘട്ടത്തിൽ നിർമാണത്തിനായി ലഭിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close