Breaking NewsKERALANEWS

പന്ത്രണ്ടുകാരന്‍ യുട്യൂബ് നോക്കി വൈനുണ്ടാക്കി സ്കൂളിൽ വിളമ്പി; ചിറയിൻകീഴിലെ സർക്കാർ സ്കൂളിൽ നടന്നത് ഇങ്ങനെ..

ചിറയിൻകീഴ്: പന്ത്രണ്ടുകാരൻ പരീക്ഷണാടിസ്ഥാനത്തിലുണ്ടാക്കിയ വൈൻ കഴിച്ച വിദ്യാർത്ഥിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറയിൻകീഴ് മുരുക്കുംപുഴ വെയിലൂർ ഗവൺമെന്റ് ഹൈസ്‌കൂളിലാണ് വെള്ളിയാഴ്ച രാവിലെ സംഭവമുണ്ടായത്. യുട്യൂബ് നോക്കി വീട്ടിൽ വെച്ചാണ് പന്ത്രണ്ടുകാരൻ മുന്തിരിവൈനുണ്ടാക്കിയത്. പിന്നീട് സ്കൂളിൽ കൊണ്ടുവന്ന് കൂട്ടുകാർക്ക് വിതരണം ചെയ്യുകയായിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടിൽ രക്ഷിതാക്കൾ വാങ്ങിക്കൊടുത്ത മുന്തിരി ഉപയോഗിച്ച് യുട്യൂബ് വീഡിയോയുടെ സഹായത്തോടെയാണ് 12 കാരൻ മിശ്രിതം തയ്യാറാക്കിയത്. പോലീസ് സ്‌കൂളിലെത്തി സ്‌കൂൾ അധികൃതരോടു വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു. മിശ്രിതം സ്‌കൂളിലെത്തിച്ച വിദ്യാർഥിയുടെ മാതാവിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും മുന്നറിയിപ്പു നൽകിയതായും ചിറയിൻകീഴ് എസ്.എച്ച്.ഒ. ജി.ബി.മുകേഷ് പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ രക്ഷിതാവിനെ കാര്യങ്ങൾ അറിയിച്ച് ജാഗ്രതാ നടപടികൾ സ്വീകരിച്ചതായി സ്‌കൂൾ അധികൃതരും പറഞ്ഞു.

അതേസമയം, വിദ്യാർഥി ക്ലാസിൽ കൊണ്ടുവന്ന മിശ്രിതം കുടിച്ച് സഹപാഠി ആശുപത്രിയിലായ സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. രക്ഷിതാവ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയ പരാതിയെത്തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close