KERALANEWS

നാലുമാസം മുൻപ് വിവാഹം;സൗഹൃദവും സാമ്പത്തിക ഇടപാടും രാജേഷിനെ കൊണ്ടെത്തിച്ചത് മരണത്തിന്റെ വക്കിൽ; സഹപ്രവത്തകയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

ബാലരാമപുരം പരുത്തിച്ചക്കോണം ചാനൽ പാലത്തിന് സമീപം സഹപ്രവത്തകയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. തീയ്യന്നൂർക്കോണം അനി നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന മുരളി – ലീല ദമ്പതികളുടെ മകൻ രാജേഷ് കുമാറാണ് (32)​ മരിച്ചത്. 85 ശതമാനം പൊള്ളലേറ്റതിനാൽ സ്ഥിതി ഗുരുതരമായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 10ഓടെ മരണം സംഭവിച്ചു.

കൃഷ്ണ വിലാസത്തിൽ അഞ്ജലിയുടെ വീട്ടുമുറ്റത്ത് കഴിഞ്ഞ 27ന് രാജേഷ് കുമാർ പൊട്രോൾ ഒഴിച്ച്‌ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ബവ്കോ ബാലരാമപുരം വെയർഹൗസിലെ സിഐടിയു ലോഡിങ് തൊഴിലാളിയായ രാജേഷ് കുമാറിന്റെ വിവാഹം നാലുമാസം മുൻപാണ് നടന്നത്. ലേബലിങ് യൂണിറ്റിലെ സ്ഥിരം ജീവനക്കാരിയാണ് അഞ്ജലി. തലയിലൂടെ പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം അഞ്ജലിയെയും അവരുടെ മൂത്ത മകനെയും ഇയാൾ കയറിപ്പിടിച്ചു. ഇതിനിടെ അഞ്ജലിക്ക് ഇരു കൈകളിലും കഴുത്തിലും മൂക്കിലും നെഞ്ചിലും പൊള്ളലേറ്റു.

അഞ്ജലിയും രാജേഷും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. രണ്ടാഴ്ച് മുമ്പ് ഇതേ സാമ്പത്തിക പ്രശ്നത്തെച്ചൊല്ലി രാജേഷ് കുമാറും യുവതിയുടെ വീട്ടുകാരും തമ്മിൽ വഴക്ക് നടന്നിരുന്നു. രാജേഷ് കുമാറിനെ മർദ്ദിച്ചതായി വീട്ടുകാർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഇയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നപ്പോഴും മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നൽകിയിരുന്നു.

സംഭവ ദിവസം രാവിലെ ആറര മണിയോടെ ഭാര്യ കൃഷ്ണ പ്രിയയെ വിളിച്ചുണർത്തി എനിക്ക് സ്വസ്ഥത വേണം, ഞാൻ പോകുന്നു എന്ന് പറഞ്ഞ് ഭാര്യയ്ക്ക് ഇഷ്ടമുള്ള കണ്ണടയും ധരിച്ചാണ് രാജേഷ് വീട്ടിൽ നിന്നിറങ്ങിയത്. രാജേഷ് കാട്ടാക്കട റോഡിലെ പമ്പിൽ നിന്ന് പെട്രോൾ വാങ്ങിയതായാണ് നിഗമനം. അത് അഞ്ജലിയുടെ വീടിന് സമീപത്തുവച്ച് തലയിൽ ഒഴിച്ചുകൊണ്ടാണ് സംഭവ സ്ഥലത്ത് എത്തുന്നത്.

അഞ്ജലിയും മക്കളും മാത്രമാണ് അപ്പോൾ വീട്ടിൽ ഉണ്ടായിരുന്നത്. പെട്ടെന്ന് ദേഹത്ത് തീ കൊളുത്തുകയായിരുന്നു. എട്ടുമണിയോടെ രാജേഷിന്റെ സഹോദരൻ വിളിച്ചപ്പോഴാണ് എന്തോ അപകടം പറ്റിയെന്ന വിവരം വീട്ടുകാർ അറിയുന്നത്. വീട്ടുകാരുടെ വിളിയും ബഹളവും കേട്ട് നാട്ടുകാർ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നാണ് ആദ്യം കരുതിയത്.

തുടർന്ന് തറയിൽ വീണുകിടന്ന രാജേഷിനെ അച്ഛനും സഹോദരനും എത്തി നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബെവ്കോയിലെ സി.ഐ.ടി.യു,​ ഐ.എൻ.ടി.യു.സി തൊഴിലാളികളുടെ നേതൃത്വത്തിൽ വിലാപയാത്രയായാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വൈകിട്ട് അഞ്ചരയോടെ സംസ്കാരം നടന്നു. ഗർഭിണിയായിരിക്കെ ചികിത്സാപ്പിഴവിനെ തുടർന്ന് ഒമ്പത് മാസങ്ങൾക്ക് മുമ്പ് രാജേഷിന്റെ സഹോദരി ലക്ഷ്മി മരണപ്പെട്ടിരുന്നു.

സൗഹൃദത്തിലിരിക്കെ രാജേഷ് കുമാർ യുവതിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളും, സൗഹൃദം നടിച്ച്‌ ആത്മഹത്യയുടെ വക്കിലെത്തിച്ചതും, രണ്ടാഴ്ചക്ക് മുമ്പ് യുവതിയുടെ വീട്ടിൽ വിളിച്ചുവരുത്തി മർദ്ദിച്ചതും സംബന്ധിച്ച്‌ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിച്ച്‌ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം ജനകീയസമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് റസൽപുരം ബെവ്കോ ഗോഡൗണിലെ സി.ഐ.ടി.യു,​ ഐ.എൻ.ടി.യു.സി തൊഴിലാളികൾ പറഞ്ഞു.പൊള്ളലേൽക്കാനിടയായ സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് ആർ.മുരളീധരൻ പരാതി നൽകിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close