INDIAINSIGHTNEWSTop News

Sunday Special|അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തോളം ചരിത്രത്തില്‍ ഇടം നേടിയ പാവാ ഭാജി

ദീപ പ്രദീപ്

എന്നും ഇന്ത്യക്കാര്‍ക്ക് ഇഷ്ട വസ്തു ഏതെന്ന ചോദ്യത്തിന് ഭക്ഷണം എന്നൊരു ഉത്തരം കൂടിയുണ്ട്.പുതിയ രൂചിക്കുട്ടുകള്‍ തേടി അലയുന്നവര്‍ എല്ലാ കാലത്തും എത്തിപ്പെടുന്ന ഒരു പ്രധാന ഭക്ഷണ വിഭവമാണ് പാവാ ഭാജി.മുംബൈ തെരുവോരങ്ങളില്‍ രൂചിയുണര്‍ത്തി നിറഞ്ഞു നില്‍ക്കുന്ന ഈ വിഭവത്തിന് 1860 -കളിലെ അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തോളം പഴക്കമുണ്ടെന്ന് പറഞ്ഞാല്‍ അവിശ്വസിക്കേണ്ട കാര്യമൊന്നുമില്ല.സംഭവം സത്യമാണ്.

കാലങ്ങളായി മുംബൈ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ മിക്ക നഗരങ്ങളിലും തെരുവോരങ്ങളിലും ഹോട്ടലുകളിലും പാവ് ബാജി വളരെ ജനപ്രീതിയുള്ള ഒന്നാണ്.നിരവധി ആരാധകരെ സമ്പാദിച്ച ഈ സ്‌പൈസി ഫുഡ്ഡ് 1860 ല്‍ അമേരിക്കന്‍ ആഭ്യന്തര യുദ്ധ കാലത്താണ് ഇന്ത്യന്‍ മണ്ണിലെത്തി ചേരുന്നത്.

യുദ്ധ കാലഘട്ടത്തില്‍ ലോകവിപണിയില്‍ തെക്കന്‍ അമേരിക്കയുടെ പ്രധാന നാണ്യവിളയായ കിംഗ് കോട്ടന് പ്രാധാന്യം കുറയുകയും ഇത് ബോംബെയിലെ അതായത് ഇപ്പോഴത്തെ മുംബൈയില്‍ ഉള്ള കോട്ടണ്‍ മില്‍ ഉടമകളില്‍ നിന്നും ഉത്പന്നം വാങ്ങുന്നതിലേക്ക് പല രാജ്യങ്ങളെയും നയിച്ചു.അങ്ങനെ ഇന്ത്യന്‍കോട്ടന് ആവശ്യം വര്‍ധിച്ചെങ്കിലും അതിലൂടെ കഷ്ടത്തിലായത് നമ്മുടെ പാവം കോട്ടണ്‍മില്‍ ഉടമകളാണെന്ന് പറയാതിരിക്കാന്‍ ആകില്ല.ലോകമെമ്പാടുമുള്ള വലിയ വലിയ ഓര്‍ഡറുകള്‍ ലഭിച്ചതോടെ ഉത്പ്പന്നം കൃത്യ സ്ഥലങ്ങളില്‍ എത്തിക്കേണ്ടതിനാല്‍ മില്ലിലെ തൊഴിലാളികളുടെ ജോലി സമയം വര്‍ധിക്കുകയും അവര്‍ക്ക് ശരിയായ രീതിയില്‍ ആഹാരം കഴിക്കാനോ സാധിച്ചിരുന്നില്ല.കോട്ടണുമായുള്ള യാത്രകളില്‍ അവര്‍ക്ക് പെട്ടെന്ന് കഴിച്ചു തീര്‍ക്കാന്‍ കഴിയുന്ന ഏതെങ്കിലും ഒരു ആഹാര പദാര്‍ത്ഥം ആവശ്യമായിരുന്നു.മില്‍തൊഴിലാളികളായതിനാല്‍ വലിയ വില കൊടുത്ത് ഭക്ഷണം വാങ്ങിക്കഴിക്കാവുന്ന സാമ്പത്തിക ഭദ്രത അവര്‍ക്കുണ്ടായിരുന്നില്ല.കീശ കാലിയാകാതെ എങ്ങനെ ആഹാരം കഴിക്കാമെന്ന തൊഴിലാളികളുടെ ചിന്തകള്‍ക്ക് കൂട്ടായി തെരുവോരങ്ങളില്‍ കട നടത്തുന്നവരും എത്തിയതോടെ ഒരു പുതിയ വിഭവത്തിന്റെ പിറവിയായിരുന്നു അവിടെ സംഭവിച്ചത്.

തെരുവോര കച്ചവടക്കാര്‍ വില കുറച്ച് കിട്ടുന്ന പച്ചക്കറികള്‍ വാങ്ങി, അത് മസാലയിലിട്ടു. ബേക്കറികളില്‍ നിന്നും മറ്റും ബാക്കിവരുന്ന ബ്രെഡ്ഡ് വെണ്ണയില്‍ മൊരിച്ചെടുത്തു.കഷ്ടപ്പെടുന്ന തൊഴിലാളി വര്‍ഗ്ഗത്തിനായി അതേ നിരയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സമ്മാനം.കുറച്ച് വര്‍ഷങ്ങള്‍ക്കുശേഷം പോര്‍ച്ചുഗീസുകാര്‍ നഗരത്തില്‍ പാവ് അവതരിപ്പിച്ചു. ഇതുകൂടി ചേര്‍ന്നതോടെ യഥാര്‍ത്ഥത്തില്‍ പാവ് ബാജി രൂപമെടുക്കുകയായിരുന്നു. ‘ഒരു ചെറിയ ബണ്‍’ എന്ന അര്‍ത്ഥം വരുന്ന പാവും പച്ചക്കറി എന്നര്‍ത്ഥമുള്ള ‘ബാജിയും’ ചേര്‍ന്നപ്പോള്‍ രൂചി പോലെത്തന്നെ ഈ വിഭവത്തിന്റെ പേരും അര്‍ത്ഥവത്തുള്ളതാവുകയായിരുന്നു.വളരെ പെട്ടെന്ന് ആളുകള്‍ക്ക് പ്രിയമുള്ള വിഭവമായിത്തീര്‍ന്ന പാവ് ബാജി നാവുകളില്‍ നിന്ന് നാവുകളിലേക്ക് വളരെപ്പെട്ടെന്നാണ് വ്യാപിച്ചത്.

തൊഴിലാളികളില്‍ നിന്നും മാറി, മറ്റുള്ളവരും പാവ് ബാജിയുടെ രുചി തേടിയെത്തിത്തുടങ്ങിയതോടെ മിക്ക കടകളിലും പാവ് ബാജിയുണ്ടാക്കുന്ന അവസ്ഥ വന്നു.അങ്ങനെ, അന്ന് തൊഴിലാളികള്‍ക്കുവേണ്ടി വളരെ കുറഞ്ഞ പൈസക്ക് തയ്യാറാക്കി വിളമ്പിയിരുന്ന പാവ് ബാജി ഇന്ന് തെരുവോരങ്ങളില്‍ മാത്രമല്ല ഫൈവ് സ്റ്റാര്‍ റസ്റ്റോറന്റുകളില്‍ വരെ കിട്ടുന്ന വിഭവമെന്ന നിലയിലേക്ക് ഉയര്‍ന്നു.മുംബൈയിലെ തെരുവോരങ്ങളില്‍ നിന്ന് എവിടെയും കിട്ടുമെന്ന നിലയിലേക്ക് ഈ സ്‌പൈസി ഫുഡ്ഡിന് ഉയരാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതിന് ഒരു പ്രധാന കാരണം ഓരോ നാവിനെയും ത്രസിപ്പിക്കുന്ന ഇതിന്റെ രൂചി ഒന്നുകൊണ്ടുത്തന്നെ ആണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close