രമേശ് ചെന്നിത്തല: കരുത്തനിലേക്കുള്ള പടയൊരുക്കം

നിരഞ്ജന്
2017 നവംബര്‍ രാഷ്ട്രീയ കേരളത്തിലെ പ്രചാരണ ചിത്രത്തിലും മുദ്രാവാക്യങ്ങളിലും പുതിയ ഒരു പേരെഴുതി ചേര്‍ത്തു. അന്നോളം കേരളം പലകുറി കണ്ട രാഷ്ട്രീയ യാത്രകളില്‍ നിന്ന് മാറി രാഷ്ട്രീയ ജാഥയുടെ ചിത്രം മാറ്റി എഴുതുകയായിരുന്നു ‘പടയൊരുക്കം’ എന്ന ആ യാത്ര. കാസര്‍കോട് നിന്ന് ജാഥ തിരുവനന്തപുരത്തെത്തുമ്പോള്‍ കോണ്‍ഗ്രസ് പാളയത്തിലെ പടയൊരുക്കമാകും എന്നായിരുന്നു എന്നായിരുന്നു ഇടതുപക്ഷം പരിഹസിച്ചത്.
വലിയ ഭൂരിപക്ഷത്തില്‍ അധികാരമേറ്റ ഇടത് സര്‍ക്കാരിന്റെ അപ്രമാദിത്ത ത്തിനിടയില്‍ ഇങ്ങനെ ഒരു ജാഥയുടെ പ്രസക്തിയെന്ത് എന്ന് മുഖം ചുളിച്ചവരുണ്ട്. തെരഞ്ഞെടുപ്പ് പരാജയവും സോളാര്‍ ആഘാതവും ഒരുപോലെ മുറിവേല്‍പ്പിച്ച ഒരു പാര്‍ട്ടി-മുന്നണി സംവിധാനത്തിന് ഒരുണര്‍വ് അത്യന്താപേക്ഷിതമായിരുന്നു. ആ തിരിച്ചറിവാണു യുഡിഫ് പടയൊരുക്കമായത് .
തെരഞ്ഞെടുപ്പ് തോല്‍വി മറ്റേതൊരു പാര്‍ട്ടി സംവിധാനത്തേക്കാള്‍ സ്വാധീനിക്കുന്നത് കോണ്‍ഗ്രസിനെയാണ്. ഈ വിലയിരുത്തലിന് ചരിത്രപരമായ തെളിവുകളുണ്ട്. സംഘടനയേക്കാള്‍ ഗ്രൂപ്പുകള്‍ നിര്‍ണായകമായ പാര്ട്ടിച്ചട്ടക്കൂടില് ഒരു തിരിച്ചുവരവിനു തടസമാകുന്നതും ഗ്രൂപ്പ് ഘടകങ്ങള്‍ തന്നെയാകും. അതുകൊണ്ട് തന്നെ പ്രതിപക്ഷമെന്ന നിലയില്‍ ഏകോപിത പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ശുഷ്കമായേക്കും. 2016 ലെ തെരഞ്ഞെടുപ്പ് തോല്‍വി യു.ഡി .എഫിന് കേവലം പാര്‍ലമെന്ററിതല തോല്‍വി മാത്രമായിരുന്നില്ല. ബാര്‍കോഴ, അന്ന് കെ പി സി സി പ്രസിഡന്റായിരുന്ന വി എം സുധീരനും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള ശീത സമരം, യുഡിഎഫ് നേതാവായിരുന്ന കെ എം മാണിയെ സംരക്ഷിക്കാനാവാതെ പോയത്, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സുധീരന്റെ ഇടപെടല്‍ മൂലം സീറ്റ് നഷ്ടപ്പെട്ടത്, കിട്ടിയ സീറ്റില്‍ തോല്‍ക്കുകയും ചെയ്ത നേതാക്കളുടെ പ്രതിഷേധം എന്നിങ്ങനെ നിറയെ പ്രശ്നങ്ങളായിരുന്നു.
പടയൊരുക്കം
ഒരു വശത്ത് ഏകദേശം നിശ്ചലമായ പാര്‍ട്ടി/ മുന്നണി സംവിധാനം, മറുവശത്തി ഏക ശിലാവിഗ്രഹം എന്ന് തോന്നിപ്പിക്കും വിധം ഇടത് സര്‍ക്കാര്‍. ഒന്നാം വര്‍ഷത്തില്‍ സര്‍ക്കാരില്‍ നിന്ന് കാര്യമായ വിവാദങ്ങളില്ലെന്ന പൊതു ബോധ്യം. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് ഒരു രാഷ്ട്രീയ ജാഥയ്ക്കിറങ്ങുന്നത്. അതും തെരഞ്ഞെടുപ്പ് ജാഥകള്‍ മാത്രം കണ്ടുശീലിച്ച മലയാളിയുടെ ജനാധിപത്യ ബോധത്തിനു മുന്പില്. പാര്‍ട്ടി ജാഥ എന്ന കാഴ്ചപ്പാടില്‍ നിന്ന് മുന്നണി ജാഥയെന്ന നിലയില്‍ ‘പടയൊരുക്കം’ തുടങ്ങുകയായി.
ജാഥയോടൊപ്പം തന്നെ ജാഥാക്യാപ്റ്റന്റെ രൂപഭാവങ്ങളും ശരീര ഭാഷയും കേരളം ചര്‍ച്ച ചെയ്തു. അന്നോളം എണ്ണ മിനുസമുള്ള തലമുടി ഇടത്തേക്ക് ചീകിയൊതുക്കി നിറ ചിരിയുമായി പൊതുസമൂഹത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഗൗരവക്കാരനായ പൊതുപ്രവര്‍ത്തകന്റെ മെയ്ക് ഓവര്‍. മുടി മുകളിലേക്ക് ചീകി ഒതുക്കി നേരിയ നരകളെ പ്രായത്തിന് വിട്ടുകൊടുത്തതുകൊണ്ട് ഒരു ലീഡര്‍ പരിവേഷത്തിലേക്ക്.
ആദ്യം നിങ്ങളെ അവര്‍ അവഗണിക്കും പിന്നെ പരിഹസിക്കും, പിന്നീട് പുച്ഛിക്കും, എന്നിട്ട് കടന്നാക്രമിക്കും, ഒടുവിലായിരിക്കും നിങ്ങളുടെ വിജയംഎന്നൊരു പറച്ചിലുണ്ട്. ഇതിന് സമാനമായിരുന്നു പ്രതിപക്ഷനേതാവെന്നനിലയില്‍ രമേശ് ചെന്നിത്തല നേരിട്ട രാഷ്ട്രീയ പരീക്ഷണങ്ങള്‍.
ഇത് ആദ്യമായല്ല രമേശ് ചെന്നിത്തല നിര്‍ണയക ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ നെടുനായകത്വം കയ്യാളുന്നത്. പേരിലും ശൈലിയിലും ലീഡറായിരുന്ന കെ.കരുണാകരന് ഡി ഐ സി പ്രഖ്യാപിച്ച് പാർട്ടി കാലം, ഗ്രൂപ്പ് സമവാക്യങ്ങള്‍ പാര്‍ട്ടിയില്‍ പിളര്‍പ്പിലേക്ക് പടര്‍ന്ന് പന്തലിച്ചിരുന്ന അരക്ഷിതാവസ്ഥ. നായകനില്ലാത്ത കോണ്‍ഗ്രസ്സ് നടുക്കടലില്‍ തിരകള്‍ക്കൊപ്പം ഒഴുകി നടക്കുന്ന കാലത്താണ് രമേശ് കെ. പി. സി. സി. പ്രസിഡന്റ് പദവിയിലെത്തുന്നത്. പിന്നീടങ്ങോട്ട് ജനാധിപത്യത്തിന്റെ കെട്ടുറപ്പായി കേരളത്തിലെ കോണ്‍ഗ്രസ്സിനെ അദ്ദേഹം പടുത്തുയര്‍ത്തുകയായിരുന്നു. ഇക്കാലയളവില്‍ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും, തദ്ദേശ തെരഞ്ഞെടുപ്പിലും പര്‍ട്ടിക്ക് തിളക്കമാര്‍ന്ന വിജയം നേടിയെടുക്കനായതും, അദ്ദേഹത്തിന്റെ അഭ്യന്ത്രമന്ത്രി പദത്തിലേക്കുള്ള പടവുകള്‍ സുഗമമാക്കി.
ഓപ്പറേഷന് കുബേര
ഇക്കാലയളവില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലെ അഭ്യന്ത്രമന്ത്രിയെന്നനിലയില് ഓപ്പറഷേന്‍ കുബേരയും അന്ധവിശ്വാസ നിര്‍മ്മാര്‍ജന ബില്ലുമടക്കം ശ്രദ്ധേയമായ കയ്യൊപ്പുകളുമായി സഭാചരിത്രത്തിലും ഇടം നേടി. നഗര ഗ്രാമഭേദമില്ലാതെ സമാന്തര സാമ്പത്തിക സംവിധാനം പടുത്തുയര്‍ത്തിയ ധന മാഫിയയുടെ വേരറുക്കനായത് സമാനതകളില്ലാത്ത ചരിത്രമാണ്.
പ്രതിപക്ഷ നേതാവ്
പുതിയ നിയമസഭയുടെ പ്രതിപക്ഷ നേതാവിന്റെ റോളിലേക്കെത്തിയപ്പോള്‍ സര്‍ക്കാരിനെ തന്നെ പിടിച്ചുലച്ച ബന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ .പി ജയരാജന്റെ രാജിയിലേക്ക് നയിച്ച വിവാദം ഉരിത്തിരിഞ്ഞതും പ്രതിപക്ഷ നേതാവിന്റെ ആവനാഴിയില്നിന്നാണ്. പിന്നീട് പുറത്തുവന്ന വെളിപ്പെടുത്തലുകളിലൂടെ സര്‍ക്കാര്‍ സംവിധാനത്തെ സ്വജനപക്ഷപാതപരമായ നിലപാടുകള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നുകാട്ടാന്‍ ഈ രാജി ഉപകരിച്ചു. അന്നുമുതലിങ്ങോട്ട് സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്ന പ്രതിപക്ഷ നേതാവിനെയാണ് കേരളം വീക്ഷിച്ചത്.
അഴിമതിയിലും ആക്രമരാഷ്ട്രീയത്തിലും സ്വജന പക്ഷപാതത്തിലും പ്രതിപക്ഷ നേതാവ് ഉന്നയിച്ച വാക്കുകള്‍ മുഖ്യധാരമാധ്യമങ്ങളുടെ തലക്കെട്ടുകളായി. പ്രതിപക്ഷ നേതാവിനെ പൗഡര്കുട്ടപ്പന് എന്നടച്ചാക്ഷേപിച്ച രാഷ്ട്രീയനേതാക്കള്‍ രമേശിനെ കേട്ടുതുടങ്ങി. കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ സി പി എമ്മിന്റെ ഇരട്ടമുഖം വെളിച്ചെത്തെത്തിച്ചത് പ്രതിപക്ഷനേതാവിന്റെ ക്രിയാത്മക ഇടപെടലാണ്. സഭയ്ക്കകത്തും പുറത്തും ഒരുപോലെ രമേശ് ചെന്നിത്തല നടത്തിയ പോരാട്ടത്തിന്റെയും കൂടി ഫലമായിരുന്നു ലോക്സഭതെരെഞ്ഞെടുപ്പിലെ 19 സീറ്റിലെ തിളക്കമാര്‍ന്ന വിജയം. അതിനു പിന്നാലെയാണ് സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തിൽ വെള്ളം കുടിപ്പിച്ച അഴിമതി ആരോപണങ്ങള്‍. അവയൊക്കെ കേരള സമൂഹം ചര്‍ച്ച ചെയ്തു. അവയൊക്കെ പിന്നെ സര്‍ക്കാര്‍ റദ്ദാക്കി മുഖം രക്ഷിക്കുകയായിരുന്നു.
കോവിഡ് പ്രതിരോധത്തില്‍ മികച്ച മാതൃകയായി വിദേശമാധ്യമങ്ങള്‍ പോലും കേരളത്തെ പുകഴ്ത്തുന്നതിനിടെയാണ് സ്പ്രിംഗ്ളർ എന്ന അമേരിക്കന്‍ കമ്പിനിക്കു വ്യവസ്ഥാപിത കരാര്‍ ഇല്ലാതെ, പൗരന്മാരുടെ ഡാറ്റ നല്‍കുംവിധം ഒരു രോഗപ്രതിരോധ ആപ്പിന് സംസ്ഥാന സര്‍ക്കാര്‍ മുതിരുന്നത്. ഈ തീരുമാനത്തിനു പിന്നില്‍ അഴിമതിയുടെ കറയുണ്ടെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം വന്‍ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് തുടക്കമിട്ടത്. ആരോപണത്തെ ചില മുഖ്യധാരമാധ്യമങ്ങള്‍ പോലും വിമര്‍ശിച്ചു. ‘അസമയത്തെ അനുചിതമായ ആരോപണമായി’ അതിനെ വിശേഷിപ്പികുകയും ചെയ്തു. എന്നാല്‍ പ്രതിപക്ഷ നേതാവ് കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുകയും സര്‍ക്കാര്‍ അതിനു മറുപടി പറയാതെ എല്ലാം ഐ ടി സെക്രട്ടറിയുടെ തീരുമാനം എന്നു കൈകഴുകാന്‍ നോക്കുകയും ചെയ്തതോടെ കേരള സമൂഹം ആ ആരോപണത്തിലെ സത്യം തിരിച്ചറിയുകയായിരുന്നു. പിന്നാലെ കോടതി വിമര്‍ശനം കൂടിയായപ്പോള്‍ സര്‍ക്കാരിന് കരാറില്‍ നിന്ന് ഒളിച്ചോടേണ്ടിവന്നു. പിന്നാലെ വന്ന വെബ്ക്യു ആപ്പിന്റെ പരാജയം, ഇ-മൊബിലിറ്റി പദ്ധതിയിലെ അഴിമതി, പമ്പയിലെ മണല്‍ വാരല്‍ പ്രശ്നങ്ങളില്‍ പ്രതിപക്ഷനേതാവിന്റെ ആരോപണ ശരങ്ങള്‍ സര്‍ക്കാരിന്റെ ഉറക്കം കെടുത്തി. ആദ്യം അവഗണിച്ചും പിന്നെ പരിഹസിച്ചും പ്രതിരോധിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ സംവിധാനങ്ങള്‍ ക്രമേണ പ്രതിപക്ഷ നേതാവിന് മുന്നില്‍ മുട്ടുമടക്കുന്നതാണ് കേരളം കണ്ടത്. “പ്രതിപക്ഷ നേതാവിന്റെ മനോനിലയ്ക്ക് എന്തോ തകരാര്‍” എന്ന തരത്തില്‍ മുഖ്യമന്ത്രി പൊട്ടിത്തെറിച്ചപ്പോഴും പ്രതിപക്ഷനേതാവ് അക്ഷോഭ്യനായി നിലപാടിലുറച്ചു നിന്നു.
സംഘടനപരമായ ദൗര്‍ബല്യങ്ങള്‍ക്കിടയിലും യു ഡി എഫ് ചെയര്മാന് എന്നനിലയില്‍ കേരള കോണ്‍ഗ്രസ്സ് പ്രശ്നത്തില്‍ ശക്തമായ നിലപാടെടുത്ത് രാഷ്ട്രീയമായ കരുത്ത്കാട്ടി. വിമര്‍ശനങ്ങളെ ചിരിയോടെ അവഗണിച്ചും,
അതൊക്കെ പിന്നെപറയാം എന്നു പറഞ്ഞു രാഷ്ട്രീയ തന്ത്രജ്ഞത പുറത്തെടുത്തും രമേശ് നടന്നു കയറിയത് പാകം വന്ന രാഷ്ട്രീയ നേതാവിന്റെ പദവിയിലേക്കാണ്. ഇപ്പോള്‍ രമേശ് ചെന്നിത്തലയെ മറുപക്ഷം കാണുന്നത് അല്പം ഭയത്തോടെയാണ്. ഇനിയെന്താണ് അദ്ദേഹം പുറത്തുവിടുക എന്ന ആശങ്കയാണ് ഇടതുപക്ഷത്തിനെങ്കില് അതറിയാനുള്ള ആകാംക്ഷയിലാണ് സാധാരണക്കാര്‍.