INSIGHTKERALATop News

Sunday Special|കുതിരയെ അടക്കം ചെയ്ത ഒരു പള്ളി

മീനു ജോബി

ഒന്നര നൂറ്റാണ്ടിന് മുമ്പ് പീരുമേട് കുട്ടിക്കാനം മേഖലകളില്‍ തോട്ട വ്യവസായവുമായി എത്തിയ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പള്ളിക്കുന്നിലെ സെന്റ് ജോര്‍ജ് സി.എസ്.ഐ ദേവാലയം ഇന്നും പഴമയുടെ പുതുചരിതം എഴുതി നില്‍ക്കുന്നു. വിദേശ, സ്വദേശ വിനോദസഞ്ചാരികളില്‍ കൗതുകവും വിസ്മയവും ആണ് ഈ ദേവാലയം ഉണര്‍ത്തുന്നത്. കോട്ടയം കട്ടപ്പന റൂട്ടില്‍ കുട്ടിക്കാനത്തിന് സമീപം പ്രശാന്തസുന്ദരമായ പള്ളിക്കുന്നില്‍ ആണ് ദേവാലയം നിലകൊള്ളുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2500 മുതല്‍ 3500 അടി വരെ ഉയരമുള്ള മലനിരകളാല്‍ ചുറ്റപ്പെട്ടതാണ് ഈ പ്രദേശം

1850 വരെ ചങ്ങനാശേരി രാജവംശത്തിന് അധീനതയിലായിരുന്ന പീരുമേട് ,കുട്ടിക്കാനം, ഏലപ്പാറ, എന്നീ മേഖലകള്‍. പിന്നീട് തിരുവിതാംകൂര്‍ രാജവംശത്തിന് കീഴിലായി. 1860 കളിലാണ് തോട്ട വ്യവസായവുമായി ബന്ധപ്പെട്ട യൂറോപ്യന്മാര്‍ ഇവിടെ എത്തുന്നത് ഇവരില്‍ പ്രധാനി ആയിരുന്നു ഹെന്‍ട്രി ബേക്കര്‍.

ഡൗണി എന്ന കുതിരയുടെ കല്ലറ

തിരുവിതാംകൂര്‍ രാജാവില്‍ നിന്നും പ്രത്യേക അനുവാദം വാങ്ങി പാട്ടവ്യവസ്ഥയില്‍ ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി വെട്ടിത്തെളിച്ച് ആദ്യമായി കാപ്പി കൃഷി ചെയ്യുന്നതിന് ചുക്കാന്‍ പിടിച്ചതും ഹെന്‍ട്രി ബേക്കര്‍ ആയിരുന്നു. ഹെന്‍ട്രി ബേക്കറുടെ കുടുംബത്തോടൊപ്പം കൃഷിയുമായി ബന്ധപ്പെട്ട സുഹൃത്തുക്കളും ബന്ധുക്കളും അടക്കമുള്ള ഒട്ടേറെ ബ്രിട്ടീഷുകാര്‍ ഈ മേഖലകളിലെത്തി വാസമുറപ്പിച്ചു.

കൃഷിപ്പണികള്‍ക്കായി ശ്രീലങ്കയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമാണ് നൂറുകണക്കിന് തൊഴിലാളികളെ എത്തിച്ചിരുന്നത്. അക്കാലത്ത് ഒരു ചാക്ക് അരിക്ക് ഒരു രൂപയും ഒരു കാളയുടെ വില മൂന്നു രൂപയും ഒരു തൊഴിലാളിയുടെ ഒരു മാസത്തെ കൂലി ഒന്നും ഒന്നരയും രൂപയുമായിരുന്നു. ചരക്ക് നീക്കത്തിന് കാളവണ്ടിയും സവാരിക്ക് കുതിരയും മാത്രമായിരുന്നു ആശ്രയം ഇതിനായി മുണ്ടക്കയത്ത് കാളകെട്ടിയില്‍ കാളവണ്ടിത്താവളം ഉണ്ടായിരുന്നു. ഇക്കാലത്ത് ക്രൈസ്തവ ആരാധനയ്ക്കായി ഈ മേഖലകളില്‍ പേരിനുപോലും ഒരു ദേവാലയം ഇല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് പള്ളിക്കുന്നില്‍ ദേവാലയം നിര്‍മ്മിക്കുവാന്‍ ഹെന്‍ട്രി ബേക്കര്‍ ജൂനിയറിന്റെ നേതൃത്വത്തില്‍ തോട്ടം ഉടമകളായ ബ്രിട്ടീഷുകാര്‍ തീരുമാനിച്ചത്.

അന്നത്തെ തിരുവിതാംകൂര്‍ അമ്മ മഹാറാണി റാണി സേതുലക്ഷ്മിഭായി തമ്പുരാട്ടി ദേവാലയത്തിനായി 15 ഏക്കര്‍ 62 സെന്റ് സ്ഥലം വിട്ടു നല്‍കി. 1869 ലാണ് ഹെന്‍ട്രി ബേക്കര്‍ ജൂനിയറും സഹപ്രവര്‍ത്തകരും ചേര്‍ന്ന് പള്ളിക്കുന്നിലെ ദേവാലയത്തിലെ പണികള്‍ പൂര്‍ത്തീകരിച്ച് ആരാധനയ്ക്കായി തുറന്നു നല്‍കിയത്. ആദ്യകാലങ്ങളില്‍ അഴുത സെന്റ് ജോര്‍ജ് സി.എസ്.ഐ പള്ളി എന്നാണ് ഈ ദേവാലയം അറിയപ്പെട്ടിരുന്നത്. കാട്ടു കല്ലുകളും കുമ്മായവും തേക്ക്, ഈട്ടി തടികളും ഓടും ഉപയോഗിച്ചാണ് യൂറോപ്യന്‍ വാസ്തുശില്പ ചാതുര്യത്തോടുകൂടി ഈ ദേവാലയം നിര്‍മ്മിച്ചത്. നിര്‍മ്മാണച്ചെലവ് ആകട്ടെ വെറും 800 രൂപ മാത്രമായിരുന്നു എന്നത് ശ്രദ്ധേയം.

സി.എസ്.ഐ ദേവാലയത്തിലെ സെമിത്തേരി

ആദ്യകാലത്ത് ബ്രിട്ടീഷുകാര്‍ക്ക് മാത്രമായിരുന്നു ആരാധനയ്ക്ക് അനുമതി ഉണ്ടായിരുന്നത് പീരുമേട്, കുട്ടിക്കാനം, ആഷ്ലി, ബൈസണ്‍വാലി, സ്റ്റാര്‍ ബ്രൂക്ക് ഉപ്പുകുളം, ഏലപ്പാറ തുടങ്ങിയ പ്രദേശങ്ങളാണ് പള്ളിക്കുന്ന് പള്ളിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ആദ്യ കാലങ്ങളിൽ കുര്‍ബാനയും തിരുകര്‍മ്മങ്ങളും നടന്നിരുന്നത് ഇംഗ്ലീഷ് ഭാഷയിലായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റുള്ളവര്‍ക്കും പ്രവേശനം അനുവദിക്കുകയും സമയം നിശ്ചയിച്ച് ആരാധനാകര്‍മങ്ങള്‍ മലയാളത്തിലും തമിഴിലും ആക്കുകയും ചെയ്തു. പള്ളിയോടു ചേര്‍ന്നുള്ള സെമിത്തേരിയില്‍ 1877 മെയ് പതിനാറാം തീയതി ആദ്യമായി അടക്കം ചെയ്തത് ലൂസിയ ജില്‍ മാക്ലാര്‍ക്കിന്റെ മൃതദേഹം ആയിരുന്നു. മറ്റൊരു പ്രത്യേകത ഒരു കുതിരയുടെ ശവശരീരം കൂടി അടക്കി എന്നുള്ളതാണ്. ജെ.ഡി. മണ്‍റോയുടെ സന്തതസഹചാരിയായിരുന്ന ഡൗണി എന്ന് പേരുള്ള വെളുത്ത പെണ്‍കുതിരയാണ് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത്. കല്ലറകളില്‍ എല്ലാം പേരുകളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബേക്കര്‍ കുടുംബത്തിന്റെ ആഗ്രഹപ്രകാരം ദീര്‍ഘകാലം പള്ളിയിലെ പുരോഹിതനായിരുന്ന നല്ലതമ്പിയുടെയും മൃതദേഹം ഈ സെമിത്തേരിയില്‍ അടക്കം ചെയ്തിട്ടുണ്ട്.

പുരാതനമായ പള്ളിക്കുന്ന് ദേവാലയം പലവട്ടം പുതുക്കിപ്പണിതിട്ടുണ്ട്. പീരുമേട്, കുട്ടിക്കാനം മേഖലകളില്‍ ഇന്ന് കാണുന്ന ഹൈടെക് വികസനത്തിന് ഉടമകളായ ബ്രിട്ടീഷുകാര്‍ നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാവുന്നതല്ല. ഒരു കാലത്ത് തിരുവിതാംകൂര്‍ രാജവംശത്തിന്റെ ഭരണസിരാകേന്ദ്രവും വേനല്‍ക്കാല ആസ്ഥാനവും കൂടിയായിരുന്ന പീരുമേട്, കുട്ടിക്കാനം മേഖലകളിലാണ് അമ്മ മഹാറാണിയുടെ കൊട്ടാരം, ദിവാന്‍ കൊട്ടാരം എന്നിവ നിലകൊണ്ടിരുന്നത്. പള്ളിക്കുന്ന് ദേവാലയത്തില്‍ നിന്നും ഏറെ അകലെയല്ല കുട്ടിക്കാനത്തെ അമ്മച്ചി കൊട്ടാരവും മുസ്ലിം സന്യാസിവര്യന്‍ ആയിരുന്ന പീര്‍മുഹമ്മദിന്റെ ഖബറിടവും. ഇപ്പോള്‍ റവ.ജെയ് സിങ്ങ് നോര്‍ബര്‍ട്ട് പുരോഹിതനായി സി.എസ്.ഐ ഈസ്റ്റ് കേരള ഡയോസിസിന്റെ ഭാഗമായി ഈ ദേവാലയം നിലകൊള്ളുന്നു. പള്ളിക്കുന്നില്‍ സൈപ്രസ് മരങ്ങളുടെ ഇടയില്‍ നിലകൊള്ളുകയാണ് ഈ വിസ്മയ ദേവാലയം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close