INSIGHTMUKHAMUKHAMTop News

Sunday Special|സ്നേഹപൂര്‍വ്വം ആര്യനന്ദ

അശ്വതി ബാലചന്ദ്രന്‍

ക്യാ നാം ഹെ തുമാരാ? ……ചോദ്യം കേട്ടമാത്രത്തില്‍ തെല്ലൊന്നന്ധാളിച്ച് അച്ഛന്റെ മുഖത്തേക്കവള്‍ നോക്കി. മകളുടെ ചിരിയുടെ അര്‍ത്ഥമറിഞ്ഞ അച്ഛന്‍ സദസ്സിനോടായി പറഞ്ഞു she doenst know hindi …….
തുടര്‍ന്നുള്ള മറുപടി അല്‍പം നര്‍മ്മത്തില്‍ ചാലിച്ചാണ് എത്തിയത് You dont know hindi , we dont know english but we know music …. നിറഞ്ഞ കയ്യടി അവിടെയുയര്‍ന്നു . സംഭവം നടക്കുന്നത് ഉത്തരേന്ത്യന്‍ മണ്ണിലാണ്. നായിക 12വയസ്സുള്ള ആര്യനന്ദ എന്ന കോഴിക്കോടുകാരിയും. സീ ടിവി സംഘടിപ്പിച്ച സരിഗമപ എന്ന റിയാലിറ്റി ഷോയുടെ ആദ്യ വേദിയില്‍ എത്തിയപ്പോള്‍ ഹിന്ദി ഒരു ഭയമായി ആര്യയുടെ ഉള്ളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ സംഗീതമെന്ന ഭാഷ അവള്‍ക്ക് കരുത്തു നല്‍കി. ഒടുവില്‍ ഹിന്ദി കൈക്കുള്ളിലായി ഒപ്പം വിജയവും.

ശ്രേയ ഘോഷാലിനും സോനു നിഗത്തിനും ശേഷം ആര്യ

സംഘം കലാഗ്രൂപ്പിന്റെ ദേശീയതലത്തില്‍ ആര്യ വിജയിയായിരുന്നു. ആര്യയ്ക്കുമുമ്പ് ശ്രേയ ഘോഷാലും സുനീതി ചൗഹാനും സോനു നിഗവുമായിരുന്നു വിജയികള്‍ എന്നുകൂടി ചേര്‍ത്തു പറഞ്ഞാലേ ആ വിജയത്തിന്റെ വലിപ്പം വ്യക്തമാവുകയുള്ളു. കൂടാതെ കോഴിക്കോടുവച്ച് ഏഴാം വയസ്സില്‍ സ്നേഹപൂര്‍വ്വം ആര്യനന്ദ എന്ന പേരില്‍ ഇരുപത്തഞ്ചോളം പാട്ടുകള്‍ കോര്‍ത്തിണക്കി ഒരു പരിപാടിയും ചെയ്തിരുന്നു. സീ ടീവി തമിഴിലും പങ്കെടുത്ത് പ്രശംസ പിടിച്ചു പറ്റിയ ശേഷമാണ് ഹിന്ദിയിലേക്ക് ചുവടുവച്ചത്. കൂടാതെ പലതരത്തിലുള്ള വിജയങ്ങളുടെ കഥ പറയുന്ന സമ്മാനങ്ങള്‍ വീട്ടിലെ ഒരു മുറി നിറയെ സൂക്ഷിക്കുന്നുണ്ട് ഈ കൊച്ചുമിടുക്കി. അഛനും അമ്മയും സംഗീതാധ്യാപകരായതുകൊണ്ടുതന്നെ ചെറുപ്പം മുതല്‍ അവരായിരുന്നു ഗുരുക്കന്മാര്‍.

രണ്ടര വയസ്സില്‍ ചെമ്പൈ സംഗീതോത്സവത്തില്‍ അരങ്ങേറ്റം

സംഗീതാധ്യാപകനായ ആര്യയുടെ അച്ഛന്‍ ശിഷ്യരുമായി ചെമ്പൈ സംഗീതോത്സവത്തില്‍ പങ്കെടുക്കാനായി പോയപ്പോള്‍ രണ്ടരവയസ്സുകാരിയായ മകളെയും കൂടെക്കൂട്ടി. അവിടെയെത്തിയപ്പോള്‍ എല്ലാവര്‍ക്കുമൊപ്പം പാടാല്‍ ആ കുഞ്ഞും വാശിപിടിച്ചു കരഞ്ഞു. ഒടുവില്‍ അധികൃതര്‍ ആ പിടിവാശി സമ്മതിക്കുകയും അന്ന് അരങ്ങേറ്റം നടക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് ആര്യയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വിജയത്തിന്റെ തുടക്കം കൂടിയായിരുന്നു അന്ന് കുറിക്കപ്പെട്ടത്.

സരിഗമയ്ക്ക് ശേഷം

ആദ്യമെല്ലാം ഹിന്ദി വില്ലനായിരുന്നെങ്കിലും കൂടെയുള്ളവരുടെ സഹായം ആ പ്രശ്നം പരിഹരിച്ചു. ഇപ്പോള്‍ അത്യാവശ്യം കേട്ടാല്‍ മനസ്സിലാവുന്ന നിലയില്‍ കാര്യങ്ങളെത്തി എന്ന് ആര്യ പറയുന്നു. വിജയിയായതിനു ശേഷം പല അവസരങ്ങളും തേടിയെത്തുന്നുണ്ട്. ഷോയില്‍ പങ്കടുക്കുന്ന സമയത്തുതന്നെ രണ്ട് ഹിന്ദി പാട്ടുകള്‍ പാടാന്‍ അവസരം ലഭിച്ചിരുന്നു. മലയാളത്തില്‍ നിന്നും അവസരങ്ങള്‍ തേടിയെത്തിയിരുന്നു. കൂടാതെ സുജാത മോഹന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും പ്രശംസയുമായെത്തി. കോവിഡ് കാലമായതുകൊണ്ടുതന്നെ അനുമോദനയോഗങ്ങള്‍ നടത്താനുള്ള സാഹചര്യം ലഭിച്ചില്ല. പക്ഷെ ആര്യ തിരക്കില്‍ തന്നെയാണ്. അറിഞ്ഞുകേട്ടെത്തുന്ന മാധ്യമങ്ങള്‍ക്കെല്ലാം നിറപുഞ്ചിരിയോടെ പാട്ടുപാടിക്കൊടുക്കാനും സംസാരിക്കാനും യാതൊരു മടിയും കാട്ടാറില്ല ആര്യ. സംഗീതമാണ് ഭാവിയെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇനി ലോകമറിയപ്പെടുന്നൊരു ഗായികയാകണം എന്ന സ്വപ്നമാണ് ആര്യയ്ക്ക് പ്രചോദനമേകുന്നത്. കൂടെ താങ്ങും തണലും കരുത്തുമായി അച്ഛനും അമ്മയും ഇടം വലമുള്ളപ്പോള്‍ ആ സ്വപ്നവും സത്യമാകുമെന്ന പ്രതീക്ഷയിലാണ് ഈ കൊച്ചുമിടുക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close