INSIGHTKERALANEWSTrendingWOMEN

Sunday special/ആര്‍ദ്രമീ ധനുമാസരാവില്‍ ആതിര വരുന്നു, അംഗനമാരൊരുങ്ങുന്നു

അശ്വതി ബാലചന്ദ്രന്‍

ധനുമാസ പുലരികള്‍ ദശപുഷ്പം ചൂടുന്ന തിരുവാതിര നാള്‍. പാര്‍വതി പരമേശ്വരന്‍മാരുടെ പ്രണയ സാഫല്യത്തിന്റെ ഓര്‍മപുതുക്കലാണ് ഓരോ തിരുവാതിരക്കാലവും. പദങ്ങളുടെ ലാസ്യവും കുമ്മിയുടെ താളവും മാത്രമല്ല, തുടിച്ചു കുളിയുടെ കുളിരും ആചാരങ്ങളുടെ നൈര്‍മല്യവും ഇതിലുണ്ട്. വൃതാനുഷ്ഠാനങ്ങള്‍ മാത്രമല്ല ഒരുമയും ആഘോഷവും കൂടി ആര്‍ദ്രയുടെ സവിശേഷതയാണ്. മറക്കുടക്കുള്ളിലും വീടിന്റെ അകത്തളങ്ങളിലും ഒതുങ്ങിജീവിച്ച സ്ത്രീകള്‍ക്ക് ഒരുകാലത്ത് വെളിച്ചം കാണാനും സന്തോഷിക്കാനും കൂടിയുള്ള ദിവസമായിരുന്നു തിരുവാതിരനാള്‍. അതുകൊണ്ട് തന്നെ കൈ മെയ് മറന്നു ആടിത്തിമിര്‍ക്കുന്ന ദിവസം കൂടിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

പനിമതി മുഖിയില്‍ തുടങ്ങി …കുമ്മി, കുറത്തി, വഞ്ചി വരെ

തിരുവാതിര വൃതത്തിന്റെ ഭാഗമാണു പുലരും വരെയുള്ള തിരുവാതിരകളി. ഗണപതി സ്തുതിയില്‍ തുടങ്ങി കഥകളി പദങ്ങളിലൂടെ വികസിച്ചു ഒടുവില്‍ വഞ്ചിപ്പാട്ടിലും നാടോടി കഥകള്‍ പറയുന്ന കുറത്തിയിലും കുമ്മിയിലും എല്ലാം എത്തിനില്‍ക്കുന്നു പാട്ടുകള്‍. നളചരിതത്തിലെയും ദക്ഷയാഗത്തിലെയുമെല്ലാം പാട്ടുകള്‍ കളിക്ക് മാറ്റുകൂട്ടാറുണ്ട്. ദശപുഷ്പങ്ങളുടെ സവിശേഷത, പണ്ടത്തെ അന്തര്‍ജങ്ങളിലെ പ്രമുഖരുടെ കഥകള്‍, സ്ത്രീകളുടെ ആശങ്കകള്‍ എല്ലാം പാട്ടിലൂടെ പുറത്തെത്താറുണ്ട്.
”ഭര്‍ത്താവേ ഗംഗാധര നിങ്ങളെന്തിനീ ഗംഗയെ കാമിക്കുന്നു” …. എന്നു പാടുമ്പോള്‍ നമ്പൂതിരി സമുദായത്തിലെ സപത്‌നി പോരുകളും മറ്റും ഒരു പരിധിവരെ മനസ്സിലാക്കാം.


മിത്തുകള്‍… ആചാരങ്ങള്‍

പാര്‍വതിദേവി ശിവനേ ഭര്‍ത്താവായി ലഭിക്കാന്‍ തപസ്സുചെയ്യുന്ന കാലം. അന്നു ദേവിയെ സഹായിക്കാനെത്തിയ കാമദേവനെ പരമശിവന്‍ ഭസ്മമാക്കി. കാമദേവന്റെ മരണത്തിനു ശേഷം പല പ്രശ്‌നങ്ങളും ലോകത്തുണ്ടാകുകയും ഇതിനെത്തുടര്‍ന്നു കാമനെ പുനര്‍ജനിപ്പിച്ചു എന്നുമാണ് സങ്കല്‍പം. ഈ ദിനമാണ് തിരുവാതിര എന്നും അതല്ല പാര്‍വതി പരമേശ്വരന്‍മാരുടെ വിവാഹ ദിനമാണെന്നും പുരാണങ്ങള്‍ പറയുന്നു. തിരുവാതിര വൃതമെടുക്കുന്നത് നല്ല കുടുംബജീവിതത്തിനും നല്ല ഭര്‍ത്താവിനെ ലഭിക്കാനും ദീര്‍ഘ സുമംഗലിയായിരിക്കാനുമാണെന്നാണ് വിശ്വാസം.


തിരുവാതിര രാവ്, എട്ടങ്ങാടി നിവേദ്യവും ഉറക്കമൊഴിപ്പും

കാച്ചില്‍, മരച്ചീനി, ശര്‍കര,പയര്‍,കരിമ്പു തുടങ്ങിയ എട്ടുകൂട്ടം ചേര്‍ത്ത് തയ്യാറാക്കുന്ന എട്ടങ്ങാടി കഴിച്ചാണ് വൃതം തുടങ്ങുക . അരിയാഹാരം കഴിക്കാതെയും ഉറക്കമൊഴിച്ചുമാണ് വൃതമെടുക്കുക. രാത്രിയില്‍ തളിര്‍വെറ്റില അടക്കയും ചുണ്ണാമ്പും ചേര്‍ത്ത് മുറുക്കുകയും പാതിരാപൂവ് ചൂടിക്കുകയും എല്ലാം ചെയ്യുന്നു. രാത്രിയുടെ അവസാന യാമത്തില്‍ കുളത്തിലേക്ക് ആഘോഷമായി കുളിക്കാനെത്തുന്നു. മഞ്ഞളും താളിയും ഇഞ്ചയുമെല്ലാമായി തുടിച്ചു കുളിക്കുന്ന ആഘോഷത്തോടെ തിരുവാതിര വൃതം അവസാനിപ്പിക്കുന്നു. ക്ഷേത്രങ്ങളിലും വിവാഹം കഴിഞ്ഞ വീടുകളിലുമാണ് ആഘോഷം നടത്തുക. പണ്ടുകാലങ്ങളില്‍ പുരുഷന്‍മാരും ഇതില്‍ പങ്കെടുക്കുമായിരുന്നു. കച്ചിയും മറ്റും ശരീരത്തില്‍ കെട്ടിവച്ചു കടുവ വേഷം കെട്ടിയും മറ്റും ഇതില്‍ ഭാഗഭാക്കാാറുണ്ടായിരുന്നു. പക്ഷേ കാലം പോകേപ്പോകേ ഇതില്ലാതായി.

കോവിഡ് കാലമാണിത്. ആഘോഷങ്ങള്‍ക്കൊക്കെ വിലക്കും വന്നു. പക്ഷേ തിരുവാതിര വരുമ്പോ എങ്ങനെ ആഘോഷിക്കാതിരിക്കാനാകും. പഴയ രീതിയിലുള്ള വലിയ കൂട്ടങ്ങളൊക്കെ ഒഴിവാക്കി വീടുകളില്‍ ചെറിയ തോതില്‍ തിരുവാതിര ആഘോഷം നടക്കുമെന്നാണ് പ്രതീക്ഷ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close