INSIGHTSPORTSTop News

Sunday Special| ഇന്ത്യ മറക്കരുതാത്ത ‘ഗോള്‍ഡന്‍ ഹാട്രിക് ‘ – ബല്‍ബീര്‍ സിങ്

ജോമോള്‍ ജോസ്

1936 ഒളിംപിക്‌സ് ഹോക്കി ഫൈനല്‍.ലോകം മുഴുവന്‍ കിടുകിടാ വിറപ്പിച്ച അഡോള്‍ഫ് ഹിറ്റ്‌ലറെ സാക്ഷിയാക്കി , ജര്‍മന്‍ ടീമിനെ ഒന്നിനെതിരെ എട്ടു ഗോളിന് തച്ചുടച്ച് ഹോക്കി മാന്ത്രികന്‍ ധ്യാന്‍ ചന്ദും കൂട്ടരും സ്വര്‍ണം നേടിയ ചരിത്രം കായിക പ്രേമികള്‍ക്ക് മറക്കാനാകില്ല. ആയിരങ്ങള്‍ ആര്‍പ്പു വിളിച്ച് ആവേശത്തോടെ നെഞ്ചിലേറ്റിയ ചരിത്രം ഹോക്കിക്കുണ്ടായിരുന്നു. ഇന്ത്യയില്‍ ക്രിക്കറ്റും ഇന്നത്തെ പ്രധാന കായിക ഇനങ്ങളും വേരോടിക്കുന്നതിനു മുമ്പെ ഹോക്കി വളര്‍ന്നു പന്തലിച്ചു കഴിഞ്ഞിരുന്നു. ഇന്ത്യയെ ലോക കായിക ഭൂപടത്തില്‍ എത്തിച്ചതില്‍ ഹോക്കി എന്ന കളി വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. കളിക്കൊപ്പം കളം നിറഞ്ഞവരെ ഓര്‍ക്കുമ്പോള്‍ അതില്‍ ബല്‍ബീര്‍ സിങ് എന്ന പേര് കായിക പ്രേമികളുടെ മനസില്‍ എന്നുമുണ്ടാകും.

1924 ഒക്ടോബര്‍ 10 ന് പഞ്ചാബിലാണ് ബല്‍ബീര്‍ സിങ് സീനിയര്‍ ജനിച്ചത്. സര്‍ദാര്‍ ദിലീപ് സിങ്, കരം കൗര്‍ എന്നിവരായിരുന്നു മാതാപിതാക്കള്‍. സ്‌കൂള്‍ ടീമില്‍ ഗോള്‍ കീപ്പറായി തുടക്കം. ഈ തുടക്കം ലോകകപ്പില്‍ സുവര്‍ണ്ണ നേട്ടത്തില്‍ വരെ എത്തി. 1948 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ഹോക്കി ടീമില്‍ ഇദ്ദേഹം അംഗമായിരുന്നു. 1952 ല്‍ ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്‌സില്‍ സുവര്‍ണ്ണ നേട്ടത്തില്‍ എത്തിയപ്പോള്‍ ഫൈനലില്‍ നെതര്‍ലന്റ്‌സിനെതിരെ അന്നത്തെ ഈ ഹോക്കി ടീം വൈസ് ക്യാപ്റ്റന്‍ നേടിയത് അഞ്ചു ഗോളുകളായിരുന്നു. ഒളിംപിക്‌സില്‍ പുരുഷ ഹോക്കി ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന ഈ റെക്കോര്‍ഡ് ഇതുവരെ തകര്‍ക്കപ്പെട്ടിട്ടില്ല. 1956 ലെ മെല്‍ബണ്‍ ഒളിംപിക്‌സില്‍ നായകനായി ഇറങ്ങി ഇദ്ദേഹവും കൂട്ടരും ഇന്ത്യക്കായി സ്വര്‍ണ മെഡല്‍ നേടി. 1958 ല്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ ഹോക്കി ടീമിലും അംഗമായിരുന്നു.

കളിയില്‍ നിന്ന് വിരമിച്ച ശേഷം പരിശീലകനായും ബല്‍ബീര്‍ സിങ് തിളങ്ങി. 1975 ല്‍ ഇന്ത്യ ഹോക്കി ലോകകപ്പ് ചാംപ്യന്മാരായപ്പോള്‍ കളികളത്തിനു പുറത്ത് കോച്ചിന്റെ ഇരിപ്പിടത്തില്‍ ഇദ്ദേഹമുണ്ടായിരുന്നു. 1966 ല്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണ മെഡല്‍ നേടിയപ്പോഴും 1971 ലെ ലോകകപ്പിലും, 1982 ലെ ചാംപ്യന്‍സ് ട്രോഫിയിലും ഇന്ത്യ വെങ്കല മെഡല്‍ നേടിയപ്പോഴും,1982 ല്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയപ്പോഴും ബില്‍ബീര്‍ സിങ് ആ ഇരിപ്പിടത്തിലൂടെ ഇന്ത്യയെ കായിക ചരിത്രത്തിന്റെ ഭാഗമാക്കി. 1957 ല്‍ പത്മശ്രീ നല്‍കി ഭാരതം ഇദ്ദേഹത്തെ ആദരിച്ചു. 2015 ല്‍ ധ്യാന്‍ചന്ദ് പുരസ്‌കാരവും നേടി. അന്താരാഷ്ട്ര ഒളിംപിക്‌സ് സമിതി തെരഞ്ഞെടുത്ത ലോകത്തെ 16 മികച്ച കളിക്കാരിലും ഈ ഹോക്കി ഇതിഹാസം ഉണ്ടായിരുന്നു. ദി ഗോള്‍ഡന്‍ ഹാട്രിക് (1977) ആണ് ആത്മകഥ. നൂറ്റാണ്ടിന്റെ ഇന്ത്യന്‍ കായികതാരമായി 1982 ല്‍ ‘ ദ പാട്രിയറ്റ് ‘ എന്ന പത്രം തിരഞ്ഞെടുത്തതും ഇദ്ദേഹത്തെയാണ്. 2020 മേയ് 25 ന് 96 ആം വയസില്‍ വിടപറയുമ്പോഴും, ഹോക്കി സ്റ്റിക്കിലൂടെ ഇദ്ദേഹം അടിച്ചെടുത്ത നേട്ടങ്ങള്‍ കായിക ചരിത്രത്തിന്റെ സുവര്‍ണ്ണ അധ്യായങ്ങളായി എന്നും നിലനില്‍ക്കും. ‘ശ്രേഷ്ഠനായ കായിക താരം. വാക്കുകള്‍ക്കു അതീതമായ ആദര്‍ശ മാതൃക’- ഗോള്‍ഡന്‍ ഗേള്‍’ പി.ടി.ഉഷ ബല്‍ബീര്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ചു കൊണ്ട് ട്വിറ്ററില്‍ കുറിച്ച വരികള്‍ തന്നെ മതി ഈ ഇതിഹാസത്തെ അടയാളപ്പെടുത്താന്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close