Sunday Special| ഇന്റര്‍നെറ്റ് കാലത്ത് ഇന്‍ലന്റുമായി ‘ഇറ്റാര’

കൃഷ്ണേന്ദു പ്രകാശ്
പ്രിയപ്പെട്ട സാറാമ്മേ…
ജീവിതം യവനതീഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങിനെ വിനിയോഗിക്കുന്നു… ഞാനാണെങ്കില്‍ എന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ്… സാറാമ്മയോ? ഗാഢമായി ചിന്തിച്ച് മധുരമായ മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട്
സാറാമ്മയുടെ കേശവന് നായര്‍…….
മുഷിഞ്ഞു ചുളിഞ്ഞ കടലാസുതുണ്ടില്‍ ഹൃദയരക്തം കൊണ്ടാവണം ബഷീറിന്റെ കേശവന് നായര്‍ സാറമ്മയ്ക്കായി പ്രേമലേഖനം എഴുതിയത്. കേശവന്‍നായരുടെ മാത്രമല്ല എണ്ണമില്ലാത്ത ഹൃദയങ്ങളുടെ എല്ലാ വികാരങ്ങളെയും ഒരുപോലെ ആവാഹിച്ചവയായിരുന്നു കത്തുകള്‍. കടല്‍ക്കടന്ന് അവ വിരഹവും പ്രാരാബ്ദവുമെല്ലാം കൊണ്ടുപോയി. യുദ്ധമുഖങ്ങളില്‍ നിന്നും മരണത്തിന്റെ കറുത്ത നിറം കൊണ്ടുവന്നു. പ്രണയം, വിരഹം,ദുഃഖം, സന്തോഷം, അങ്ങനെ അനിയന്ത്രിതമായ വികാരവിചാരങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ കത്തിലൂടെ നടന്നു വന്നു. അകലങ്ങളെല്ലാം അക്ഷരത്തിന്റെ മാസ്മരികതയാല്‍ അകലങ്ങളല്ലാതാവുന്ന ഇന്ദ്രജാലമായിരുന്നു കത്തെഴുത്ത്. മനുഷ്യപരിണാമത്തിന്റെ ഏതോ സന്ധിയില്‍ പൊട്ടിമുളച്ച് മനുഷ്യരാശിയുടെ നിലനില്‍പ്പിനോളം വളര്‍ന്നു പന്തലിക്കാന്‍ കത്തുസംസ്കാരത്തിനായി. ആശയവിനിമയം എന്ന് ഒറ്റവാക്കില്‍ കത്തെഴുത്തിനെ നിര്‍വചിക്കാനുമാവില്ല. അനിര്‍വചനീയമാണ് കത്തെഴുത്തെന്ന കൊടുക്കല്‍ വാങ്ങല്‍.

കാലത്തിന്റെ പരിണാമത്തിനൊപ്പം കത്തെഴുത്തിനും മാറ്റം വന്നു. കടലാസുകഷ്ണങ്ങള്‍ ഒപ്പിയെടുത്തിരുന്ന അക്ഷരമഷികള്ക്കു വംശനാശം തന്നെ സംഭവിച്ചു. ഗൃഹാതുരതയുടെ ഗര്‍ഭഗൃഹങ്ങളിലേക്ക് അവ ഓടി ഒളിച്ചു. കത്തിന്റെ സുഖമുള്ള കാത്തിരുപ്പുകളെല്ലാം ആര്‍ക്കും വേണ്ടാതെയായി. കൈകളിലൊതുങ്ങുന്ന ചെറുസ്ക്രീനുകളിലേക്ക് അക്ഷരങ്ങളെല്ലാം ഒതുങ്ങി നിന്നു. പ്രണയംപോലും കാത്തിരിപ്പിന്റെ സുഖം കാംക്ഷിക്കാതെയായി. വാട്ട്സ്അപ്പ് പോലുള്ള സാമൂഹ്യമാധ്യമങ്ങളില്‍ തെളിയുന്ന ശരി ചിഹ്നത്തിന്റെ വലുപ്പത്തില്‍ പ്രണയവും ദേഷ്യവും വിരഹവുമെല്ലാം ഒതുങ്ങി നിന്നു. ഇന്നത്തെ കാലത്ത് വിവര സാങ്കേതിക വിനിമയമെന്നത് വളരെ സുഗമമായ ഒന്നാണ്. വേഗമേറിയ നിരവധി ആപ്ലിക്കേഷനുകള്‍ ആശയവിനിമയ രംഗത്ത് വിസ്ഫോടനങ്ങള്‍ തന്നെ സൃഷ്ടിച്ചു കടന്നുവന്നു. വിവര സാങ്കേതിക വിനിമയ രംഗത്തെ മാറ്റങ്ങളുടെ കാലത്തും കത്തിന്റെ ഗൃഹാതുരതയെ നെഞ്ചേറ്റുന്ന ഒരു പറ്റം യുവതലമുറ ഇന്നുമുണ്ടെന്നു പറഞ്ഞാല്‍ വിശ്വാസം വരുമോ?
കത്തെഴുത്തിന്റെ ‘ഇറ്റാര’
നവ സാങ്കേതിക വിദ്യയുടെ കാലത്തും ആശയവിനിമയത്തിനായി കത്തെഴുത്തിനെ പൊടിതട്ടിയെടുത്ത ഒരു പറ്റം യുവതയുടെ കൂട്ടായ്മയാണ് ഇറ്റാര. മാള്‍ട്ടീസ് ഭാഷയില്‍ അക്ഷരം എന്നാണ് ഇറ്റാര എന്ന വാക്കിന്റെ അര്‍ത്ഥം. കോവിഡ് മഹാമാരി ജനജീവിതങ്ങളെ വീടിനുള്ളില്‍ മാത്രമായി ഒതുക്കിയപ്പോള്‍ ജീവിതത്തിന്റെ സകല വിനോദങ്ങളും ഇന്റര്‍നെറ്റിന്റെ അനന്തലോകം അപഹരിച്ചു. കത്തെഴുത്തിലൂടെ സൗഹ്യദങ്ങളെ ഹൃദയത്തോട് അടുപ്പിക്കാമെന്ന ആശയത്തിന്റെ പിറവിയും ഇതേ കാലത്താണ്. ലെറ്റര്‍ ബോക്സ് എന്ന പേരില്‍ ഉണ്ടായിരുന്ന വാട്സ് ആപ്പ് കൂട്ടായ്മയിലൂടെയാണ് കത്തെഴുത്തെന്ന പഴമയിലേക്ക് തിരിച്ചുപോകാമെന്ന ചിന്ത ഉരിത്തിരിഞ്ഞത്. നൗറി, ജെന്ന, ഫസല്‍ അനുശ്രീ എന്നിവരാണ് ഈ ആശയത്തിന്റെ പിറവിക്ക് പിന്നില്‍. സമാന താല്പര്യമുള്ളവരെയെല്ലാം ഒരു കുടക്കീഴില് കൊണ്ടുവന്ന് അങ്ങിനെ ഇറ്റാര പിറന്നു. പ്രശസ്ത സൂഫി ഗായകന് സമീര്‍ ബിന്‍സി ഓണ്‍ലൈനായി കൂട്ടായ്മയുടെ ഉദ്ഘാടനവും ചെയ്തു.
അനുദിനം വളരുന്ന അക്ഷര സൗഹൃദം
ഏഴു സുഹൃത്തുക്കളുടെ മാത്രം കൂട്ടായ്മയായിരുന്ന ഇറ്റാര ഇന്ന് എത്തി നില്‍ക്കുന്നത് ആയിരത്തിലധികം ഹൃദയങ്ങളിലാണ്. സമൂഹത്തിന്റെ വിവിധതുറയിലുള്ളവര്‍ ഇറ്റാരയുടെ ഭാഗമായി ഇന്ന് പ്രവര്‍ത്തിക്കുന്നു. തുടക്കം യുവജനങ്ങളിലൂടെ ആയിരുന്നുവെങ്കിലും ഇറ്റാരക്കിന്ന് പ്രായഭേദമില്ല, നിരവധി വയോജനങ്ങളും ഇറ്റാരയെ ഹൃദയത്തിലേറ്റിയിട്ടുണ്ട്. കത്തെഴുത്തിന്റെ ഗൃഹാതുരതയെ ഉള്ളേറ്റുന്ന പ്രവാസികള്‍, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ വര്ക്കുചെയ്യുന്നവരും അതില്‍ നിന്നും വിരമിച്ചവരുമെല്ലാം കത്തെഴുത്തിനോടുള്ള ഇഷ്ടംകൊണ്ട് കൂട്ടായ്മയില്‍ അംഗമായിട്ടുണ്ട്.
ഇറ്റാരയുടെ പ്രവര്‍ത്തന വഴികള്‍
പ്രിയപ്പെട്ടവര്‍ക്കുള്ള കത്തെഴുത്ത് മാത്രമല്ല ഇറ്റാരയിലൂടെ നടന്നുവരുന്നത്. ഓണനാളുകളില്‍ കത്തോണം എന്ന പേരില്‍ മാവേലിയും കൊറോണയും തമ്മിലുള്ള കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചിരുന്നു. ഏറെയാളുകളുടെ ശ്രദ്ധയാകര്‍ഷിച്ച മത്സരമായിരുന്നു അത്. ലോക തപാല്‍ദിനം പ്രമാണിച്ച് പോസ്റ്റ്കാര്‍ഡ് കളറിംഗ് മത്സരവും നടത്തി. കത്തിന്റെ ഭാഷയേറയും പ്രണയമല്ലേ.. പ്രണയമില്ലാതെ എന്ത് കത്ത്. പ്രേമലേഖനമത്സരമായിരുന്നു ഇറ്റാരയുടെ നേതൃത്തില്‍ നടന്ന മറ്റൊരു മത്സരം. ഇറ്റാരയുടെ മാതൃക പിന്തുടര്ന്നു തന്നെ നിരവധി യുവജന സംഘടനകളും ക്ലബ്ബുകളും കത്തെഴുത്തുകളെ തിരികെയെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
ഇന്റര്‍നെറ്റിന്റെ ഇഷ്ടകാലത്ത് എന്തിനാണ് ഇറ്റാര
അതിവേഗ ഇന്റര്‍നെറ്റിന്റെ അഞ്ചാം തലമുറയിലേക്ക് ചുവടുവയ്പ്പ് നടത്തുകയാണ് നമ്മുടെ രാജ്യം. ആശയവിനിമയം നൂതന സാങ്കേതിക വിദ്യയിലേക്ക് ചുവടുവയ്പ്പ് നടത്തുന്ന ഈ കാലഘട്ടത്തില്‍ എന്താണ് ഇറ്റാര പോലൊരു പഴമയിലേക്ക് എന്തിനൊരു തിരിച്ചുപോക്ക് എന്ന് ചിന്തിക്കാം. ഏറ്റവും പ്രിയപ്പെട്ടവരുടെ പിറന്നാളിന് വാട്ട്സ് ആപ്പ് സ്റ്റാറ്റസ്, ഫേസ്ബുക്ക് പോസ്റ്റ്, ഇന്‍സ്റ്റ്ഗ്രാം സറ്റോറി ഒക്കെ ഇട്ട് ആഘോഷിക്കുന്നവരാണ് നമ്മള്. സന്ദേശങ്ങളുടെ കുത്തൊഴുക്കില്‍ മാഞ്ഞുപോകുന്ന, ഇരുപത്തിനാലു മണിക്കൂര്‍ മാത്രം ആയുസുള്ള അരൂപങ്ങളായ സ്നേഹപ്രകടനങ്ങള്‍. നവസാങ്കേതിക വിദ്യയുടെ വിപ്ലവകാലത്ത് അക്ഷരത്തെ സ്നേഹമായി നോക്കികാണാനാണ് ഇറ്റാര പഠിപ്പിക്കുന്നത്. നാശമില്ലാത്ത അക്ഷരങ്ങള്‍ പങ്കുവയ്ക്കുന്ന സ്നേഹത്തിനും നാശമില്ല. ഓര്‍മയിലെന്നും അവ നശ്വരങ്ങളായി അക്ഷര രൂപങ്ങളായി നിലനില്ക്കും. സ്നേഹബന്ധങ്ങളുടെ ഇഴയെടുപ്പം തന്നെയാണ് ഇറ്റാരയുടെ കാതല്‍.
ഇറ്റാരയുടെ ഭാവി പരിപാടികള്‍
നവതലമുറയ്ക്ക് അപരിചിതമായ കത്തെഴുത്തിനെ കൂടുതല്‍ ജനകീയമാക്കാനാണ് ഇറ്റാരയുടെ ലക്ഷ്യം. പോസ്റ്റ്മാസ്റ്ററോടു ചോദിക്കാം എന്ന പേരില്‍ അറിവിന്റെ കത്തെഴുത്തും ഇറ്റാരയുടെ ഭാവി പരിപാടികളിലുണ്ട്. തപാല്‍ സംബന്ധമായ അറിവുകള്‍ പൊതുജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യവും ഇറ്റാരയ്ക്കുണ്ട്. ഇറ്റാരയെപോലുള്ള പ്രതിരോധങ്ങള്‍ ഇന്ന് ആധുനിക സമൂഹത്തിന് ആവശ്യമുണ്ട്. കാരണം ഇറ്റാര ഒരു ഓര്‍മപ്പെടുത്തലാണ്. ഇടയ്ക്കെപ്പോഴൊ സ്വത്വം നഷ്ടപ്പെടുന്ന, ആധുനികനായ പരിഷ്കൃത മനുഷ്യന് അവന് വന്ന വഴികള്‍ ഓര്മപ്പെടുത്താന്.