INSIGHTTop News

sunday special |കഥാപ്രേതങ്ങള്‍ മധുരം വിളമ്പുന്ന തെരുവ്; ഹല്‍വയുണ്ടാക്കിയ ഒരു തെരുവിന്റെ കഥ

അശ്വതിബാലചന്ദ്രന്‍

സഞ്ചാരികളുടെ രാജകുമാരന്റെ കണ്ണില്‍ ഉടക്കിയ തെരുവ്. സുധാകരനും മാലതിയും പ്രണയം വിതറിയ, കുറുപ്പും മുരുകനും പണം കട്ട പേരറിയാത്ത പല ജീവിതങ്ങളും രാത്രിയില്‍ ഒരു ദിവസത്തെ പായാരങ്ങളെ കടത്തിണ്ണയില്‍ ഉറക്കിക്കിടത്തിയ തെരുവ്. കാലം മാറിയിട്ടും എത്ര വേഗത്തില്‍ ചുറ്റുമുള്ള ലോകം ഓടിയിട്ടും ഈ തെരുവ് ഇന്നും ഇവിടെ ഇങ്ങനെ തന്നെ. മിട്ടായി മധുരവുമായി. അതേ സല്‍കാര പ്രിയരായ ഒരു ജനതയുടെ, കല്‍പന്തുകളിയുടെയും സംഗീതസായഹ്നങ്ങളുടെയും നാടായ കോഴിക്കോട്ടെ മിഠായി തെരുവ് തന്നെ.

കോഴിക്കോടെന്ന് കേള്‍ക്കുമ്പോള്‍ ദം പൊട്ടിച്ച ബിരിയാണി മണത്തെക്കാള്‍ ഓടിയെത്തുക നാവില്‍ വെള്ളമൂറിക്കുന്ന മധുരമുള്ള കോഴിക്കോടന്‍ ഹല്‍വ തന്നെ. അതെന്താണെന്ന് ചോദിച്ചാല്‍ ഇതു ഈ നാടിന്റെ സ്വത്താണെന്നു പറയേണ്ടി വരും. വിരുന്ന് വന്നു വീട്ടുകാരാനായ കോഴിക്കോടിന്റെ മൊഞ്ചുകളില്‍ ഒന്ന്.

അല്‍പം ചരിത്രം

കാപ്പാട് തുറമുഖത്ത് ഗാമ പിസറോയ് വന്നിറങ്ങുന്നതിന് മുമ്പ്, അറബികളും ചീനക്കാരും കുരുമുളകും മറ്റും തേടി എത്തിയനാടാണ് കോഴിക്കോട്. സംസ്‌കാരം കലരുമ്പോള്‍ കൈമാറ്റം ചെയ്യപ്പെട്ടതില്‍ ഹല്‍വ മധുരവും ഉണ്ടായിരുന്നു. കച്ചവടം ചെയ്യാനെത്തിയവരെ എല്ലാ മര്യാദകളും നല്‍കി സല്‍കരിച്ച സാമുതിരി മതഭ്രാന്തിന് പടിക്കു പുറത്താണ് സ്ഥാനം നല്‍കിയത്. ആ ഒരുമ നാടിന്റെ സംസ്‌കാരത്തിന് നല്‍കിയ ഉന്നമനം ചെറുതൊന്നുമല്ല. അറബികള്‍ ആ സ്നേഹത്തിന് പകരം വിളമ്പിയ മധുരമായിരുന്നു ഹല്‍വ. ഇതിന്റെ വരവ് പേര്‍ഷ്യയില്‍ നിന്നുമാണെന്നു പറയപ്പെടുന്നു.

ഹല്‍വ ഉണ്ടായ കഥ

250 വര്‍ഷത്തെ പഴക്കമാണ് ഹല്‍വയ്ക്ക് ഉള്ളത്. പേര്‍ഷ്യന്‍ മധുരമായ ഹല്‍വ, തുര്‍ക്കി സുല്‍ത്താന്‍ തന്റെ തോഴിമാരെ സന്തോഷിപ്പിക്കുവാന്‍ ഉണ്ടാക്കിയ മധുരമാണ്. ഇതിനെ ‘തുറോണ്‍’ എന്നാണ് പറഞ്ഞിരുന്നത്. തുറോണ്‍ അറബികളുടെ ഇടയില്‍ ‘കറാച്ചി ഹല്‍വ’യായി മാറപ്പെട്ടു. ഇറ്റാലിയന്‍ സ്പാനിഷ് പലഹാരമായ തുറോണുമായി ഹല്‍വയ്ക്ക് ബന്ധമുണ്ട്. ടര്‍ക്കീസ് ഹല്‍വ പ്രസിദ്ധമായത് കറച്ചി ഹല്‍വ എന്ന പേരിലാണ്. കറാച്ചിയില്‍ ഹല്‍വ പ്രചാരമായ സമയത്തു തന്നെ ഇന്ത്യയിലും ഹല്‍വ രുചി പകര്‍ന്നു തുടങ്ങിയിരുന്നു.

കോഴിക്കോടന്‍ ഹല്‍വ

ഈ കറാച്ചി ഹല്‍വയെ കോഴിക്കോടിനു അറബികളാണ് പരിചയപ്പെടുത്തിയത്. അങ്ങനെ മറുനാട്ടില്‍ നിന്നെത്തിയ ഈ മധുരം നല്ല അസ്സലൊരു മലയാളിയായി. പാരമ്പര്യമാണ് ഈ വിഭവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു എടുത്തുപറയേണ്ടല്ലോ. ഇതിലെ പല കൂട്ടുകളും പാരമ്പര്യമായി ഹല്‍വ നിര്‍മ്മിക്കുന്നവര്‍ തങ്ങളുടെ സ്വന്തം തലമുറകള്‍ക്ക് കൈമാറി വരുന്നു. അതുകൊണ്ടുതന്നെ കോഴിക്കോഴിന്റെ തനിമ ചോരാത്ത ഹല്‍വ ഇന്നും മധുരപ്രിയരില്‍ ഒന്നാമനായി തുടരുന്നു.

മിഠായി തെരുവിന്റെ കഥ

അങ്ങനെ മധുരത്തിനു മാത്രമായി കോഴിക്കോട് ഒരു തെരുവുതന്നെ ഉണ്ടായി .ഈ തെരുവിനെ വിദേശികള്‍ സ്വീറ്റ് മീറ്റ് സ്ട്രീറ്റ് എന്നു വിളിച്ചു. ഇതാണ് പില്‍ക്കാലത്ത് എസ്എം സ്ട്രീറ്റ് ആയി മാറിയത്. പക്ഷേ നമുക്കിപ്പോഴും ഇത് മിഠായി തെരുവ് തന്നെ.

കണ്ണും മനസ്സും നിറക്കുന്ന ഈ നാടിനെ സമ്പമാക്കുന്ന പലതും കോഴിക്കോടുണ്ടെങ്കിലും ഹല്‍വ മനസ്സുള്ള കോയിക്കോട്ടുകാര്‍ മിഠായി തെരുവിലൂടെ നടക്കുമ്പോള്‍ വിളിച്ച് സൗജന്യമായി വച്ചുനീട്ടുന്ന ഈ മധുരം ഒരിക്കലെങ്കിലും രുചിക്കാത്തവര്‍ ചുരുക്കമാണ്.

പലതരം വ്യത്യസ്തതകള്‍ ഇതില്‍ വന്നിട്ടുണ്ടെകിലും പല നാടുകളിലേക്ക് ചേക്കേറിയിട്ടുണ്ടെങ്കിലും ഈ മധുരം ഇപ്പോഴും മിഠായി തെരുവിന്റെ മാത്രം സ്വന്തമാണ്. കാരണം തലമുറകള്‍ കൈമാറി വന്ന ഈ മധുരത്തിന് കോഴിക്കോടിന്റെ ചൂടും ചൂരും നന്‍മയുമാണുള്ളത്.

കടപ്പാട് ; മീനു ജോബി

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close