INSIGHTTop News

Sunday Special | കള്ളനെ ആരാധിക്കുന്ന കാക്കി

സിന്ദൂരി വിജയന്‍

കായംകുളം കൊച്ചുണ്ണി ഒരു കള്ളനായിരുന്നോ? പണക്കാരെ കൊള്ളയടിച്ച് പാവപ്പെട്ടവന് പകുത്തുനല്‍കിയ ആദ്യത്തെ സോഷ്യലിസ്റ്റ് ആയിരുന്നോ? ഒരു രക്ഷാപുരുഷനായിരുന്നോ? 18-ാം നൂറ്റാണ്ടില്‍ ജീവിച്ച് ഇതിഹാസമായി മാറിയ ഈ കള്ളന്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ചര്‍ച്ചാവിഷയമാവുന്നു. കോടികള്‍ കൊയ്യുന്ന സിനിമയായി മാറുന്നു. അതെ, കായംകുളം കൊച്ചുണ്ണി ചിരഞ്ജീവിയാണ്. മനുഷ്യനുള്ളിടത്തോളം, അവന് കഥ കേള്‍ക്കാന്‍ മനസുള്ളിടത്തോളം കൊച്ചുണ്ണിയുടെ ഗാഥകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇവിടെയിതാ, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പതിനെട്ടാം നൂറ്റാണ്ടിലെ കള്ളനെ ‘പിടിക്കാന്‍’ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. കോട്ടയം അഡീഷണല്‍ എസ്.പി. നസീം ആണ് കള്ളന്റെ തേടി പോയതും ആ യാത്ര ഇപ്പോള്‍ പുസ്തകമാക്കാന്‍ പോവുന്നതും.

കായംകുളം കൊച്ചുണ്ണി എങ്ങനെയാണ് താങ്കളുടെ ഉറക്കം കെടുത്തിയത്?

എന്റെ ഉറക്കം കളഞ്ഞ കള്ളന്‍ അതാണ് കായംകുളം കൊച്ചുണ്ണി. കായംകുളം കൊച്ചുണ്ണിയെന്ന കള്ളനെക്കുറിച്ച് ഞാന്‍ പഠിക്കണമെന്ന് തീരുമാനിക്കുന്നത് ഒരു ദിന പത്രവാര്‍ത്ത കണ്ടതിന് ശേഷമാണ്. പിന്നീടിങ്ങോട്ട് കഴിഞ്ഞ നാലരവര്‍ഷം ഞാന്‍ കായംകുളംകൊച്ചുണ്ണിയുടെ പുറകെയായിരുന്നു. ആ ഒരു ഗവേഷണം ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. എന്റെ ആ യാത്രയില്‍ ഞാന്‍ കണ്ട കായംകുളം കൊച്ചുണ്ണിയെ ഒരു പുസ്തകരൂപത്തിലേക്ക് ഇപ്പോള്‍ മാറിക്കഴിഞ്ഞു. 500 പേജുള്ള പുസ്തകം ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്.
കായംകുളം കൊച്ചുണ്ണി എന്ന് ജനിച്ചു എല്ലാവര്‍ക്കും അറിയാം. എങ്ങനെ മരിച്ചു ആര്‍ക്കും അറിയില്ല അത് നമ്മളുടെ പുസ്തകത്തില്‍ നമ്മള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കായംകുളം കൊച്ചുണ്ണിയെ രണ്ട് പ്രാവിശ്യമാണ് ആകെ പൊലീസു പിടിച്ചത്. ആദ്യ പ്രാവിശ്യം അദ്ദേഹത്തിന്റെ കാമുകിയാണ് ഒറ്റുന്നത്. കൊച്ചുണ്ണിയെ പോലീസ് പിടിക്കുന്നു. അന്ന് രാത്രി തന്നെ ജയില്‍ ചാടി കാമുകിയെയും കാമുകിയുടെ മറ്റൊരു കാമുകനെയും കൊന്ന് ഒളിവില്‍ പോകുന്നു. ആ ഒളിവു ജീവിതം 14വര്‍ഷം നീണ്ടു. ഈ കാലഘട്ടത്തില്‍ അദ്ദേഹം ജീവിച്ചിരുന്നത് ഇവിടെ ആയിരുന്നു എന്ന് എന്റെ അന്വേഷണം ചെന്ന് നിന്നത് എന്റെ സ്വന്തം നാട്ടില്‍ തന്നെയാണ്. എന്റെ നാട് വവ്വക്കാവ് ആണ്. കായംകുളത്തിനും കരുനാഗപ്പള്ളിക്കും ഇടയ്ക്കുള്ള സ്ഥലമാണ് ഈ വവ്വക്കാവ്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല എന്ന പുസ്തകത്തിലാണ് ഇദ്ദേഹത്തെക്കുറിച്ചുള്ള ആദ്യവിവരങ്ങള്‍ ലഭിക്കുന്നത്. അതില്‍ ഈ വവ്വക്കാവിനെ വവ്വക്കാട് എന്നാണ് രേഖപെടുത്തിയിരിക്കുന്നത്. വവ്വാലുകള്‍ കൂടികിടക്കുന്ന ഒരു സ്ഥലമായിരുന്നു അന്ന് ഈ സ്ഥലം. അവിടെയാണ് ആദ്ദേഹം തന്റെ ഒളിവുകാലം ചിലവഴിച്ചത്. അതിനുശേഷം രണ്ടാമത്തെ പ്രവിശ്യം കൂട്ടുകാര്‍ ഒറ്റിക്കൊടുത്തതിനെ തുടര്‍ന്ന് പോലീസ് പിടിക്കുകയും തുടര്‍ന്നുണ്ടായ പീഡനത്തിനൊടുവില്‍ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു.

കോട്ടയം അഡീഷണല്‍ എസ്.പി. നസീം

കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണം അതായിരുന്നോ?

അങ്ങനെവേണം കരുതാന്‍. എന്റെ നീരീക്ഷണത്തിലും പഠനത്തിലും ഞാന്‍ മനസിലാക്കിയതും അതാണ്. കേരളത്തിലെ കസ്റ്റഡി മരണങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ ഒരാളാണ് ഞാന്‍. എന്റെ പിഎച്ച്ഡി തീസിസ് കസ്റ്റോഡിയല്‍ ഡെത്ത് ഇന്‍ കേരള എന്നതായിരുന്നു. പ്രബന്ധത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഞാന്‍ നടത്തിയ പഠനത്തില്‍ മനസിലാകുന്നത് കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണം കായംകുളം കൊച്ചുണ്ണിയുടേത് തന്നെയാണ്.

നാലര വര്‍ഷത്തെ പഠനത്തിലൂടെ താങ്കള്‍ മനസ്സിലാക്കിയ കൊച്ചുണ്ണി ആരായിരുന്നു?

കായംകുളം കൊച്ചുണ്ണിയെ കള്ളന്‍ എന്ന് വിളിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. എന്റെ ആഭിപ്രായത്തില്‍ പുസ്തകം മോഷ്ടിക്കുന്നവനും അന്നം മോഷ്ടിക്കുന്നവനും കളളനല്ല. പുസ്തകം മോഷ്ടിക്കുന്നത് അറിവിനു വേണ്ടിയാണ്. ആഹാരം മോഷ്ടിക്കുന്നത് വിശപ്പിനു വേണ്ടിയും. കായംകുളം കൊച്ചുണ്ണി മോഷണം നടത്തിയത് പാവപ്പെട്ടവന് വേണ്ടിയാണ്. സ്വന്തത്തിനു വേണ്ടിയോ ബന്ധത്തിനു വേണ്ടിയോ കൊച്ചുണ്ണി മോഷ്ടിച്ചിട്ടില്ല. ഏത് മോഷണം നടത്തുന്നതിന് മുമ്പും കൊച്ചുണ്ണി അവരോട് കൊച്ചുണ്ണി ആദ്യം ചോദിക്കും തന്നില്ലെങ്കില്‍ ആ ദിവസമോ അടുത്ത ദിവസമോ മോഷ്ടിച്ചിരിക്കും അതാണ് കൊച്ചുണ്ണിയുടെ രീതി. മുന്നറിയിപ്പ് നല്‍കിയാരുന്നു കൊച്ചുണ്ണിയുടെ മോഷണം. പൊന്നോ പണമോ കൊച്ചുണ്ണി മോഷ്ടിച്ചിരുന്നില്ല. മോഷ്ടിച്ചത് അത്രയും ധാന്യം ആയിരുന്നു. ആകെ രണ്ട് തവണ സ്വര്‍ണ്ണം മോഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

കോട്ടയം അഡീഷണല്‍ എസ്.പി. നസീം

ജന്മനാടിന് ആരാണ് കൊച്ചുണ്ണി?

കായംകുളംകാര്‍ക്ക് കൊച്ചുണി ഒരു വീരനായകനാണ്. അദ്ദേഹം എന്നാണ് അവര്‍ കൊച്ചുണ്ണിയെ വിശേഷിപ്പിക്കുന്നത്. എന്റെ ഈ നാലരവര്‍ഷത്തെ പഠനത്തിനിടയില്‍ കായംകുളത്തെ വിവിധ പ്രായത്തിലുള്ള ആളുകളുമായി ഞാന്‍ കൊച്ചുണ്ണിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ആരും അദ്ദേഹത്തെ അയാള്‍ എന്ന് വിളിച്ച് കേട്ടിട്ടില്ല. ഇന്നും ആ നാട്ടിലുള്ളവര്‍ക്ക് അദ്ദേഹത്തോട് ഒരു വീരാരാധനയാണ്.

കായംകുളം കൊച്ചുണ്ണിയുടെ യഥാര്‍ത്ഥ പേര് എന്തായിരുന്നു?

കൊച്ചുണ്ണി എന്ന് തന്നെയായിരുന്നു. അദ്ദേഹത്തിന്റെ പേര്. പേരുമായി ബന്ധപ്പെട്ട് ചില പ്രധാനപ്പെട്ട വിവരങ്ങള്‍ എന്റെ പക്കലുണ്ട് പക്ഷെ അത് പുറത്തുവിടാനുള്ള സമയം ഇതല്ല. അല്‍പ്പം രഹസ്യ സ്വാഭാവമുള്ളതാണ് പേരുമായി ബന്ധപ്പെട്ട വിവരങ്ങള്‍.

പുസ്തകത്തില്‍ ആ വിവരങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചോട്ടെ?

ഉണ്ടാവാം ഉണ്ടാവണമല്ലോ.

കൊച്ചുണ്ണിയുടെ പുറകെയുള്ള ഈ യാത്രകളെ പ്രേരിപ്പിച്ചത് എന്താണ്?

നാലര വര്‍ഷങ്ങള്‍ക്ക് മുമ്പ് കായംകുളം കൊച്ചുണ്ണിയുടെ ചരമ ദിനവുമായി ബന്ധപ്പെട്ട് ഒരു ദിനപത്രത്തില്‍ വന്ന വാര്‍ത്തയാണ് ആ യാത്രക്ക് എന്നെ പ്രേരിപ്പിച്ചത്. അത് ഒരു അപകടകരമായ അവസ്ഥയായിരുന്നു. ഊണിലും ഉറക്കത്തിലും കായംകുളം കൊച്ചുണ്ണി എനിക്കൊപ്പം ഉള്ള ഒരു അവസ്ഥ. നിലാവുള്ള രാത്രിയില്‍ പഞ്ചസാരമണലിലൂടെ കൊച്ചുണ്ണിയും കൂട്ടരും മോഷണത്തിന് പോകുന്നു അവര്‍ക്കൊപ്പം ഞാനും പോകുന്ന സ്വപ്നങ്ങള്‍ സ്ഥിരമായി കാണുന്നു. ഉണര്‍വ്വിലും ഉറക്കത്തിലും കൊച്ചുണ്ണി ഒപ്പമുള്ള ദിനങ്ങളായിരുന്നു അത്.

കായംകുളം കൊച്ചുണ്ണിയെ നായകനാക്കി നിവിന്‍ പോളി അഭിനയിച്ച കായംകുളം കൊച്ചുണ്ണി എന്ന സിനിമയെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം?

2018ല്‍ ഇറങ്ങിയ കായംകുളം കൊച്ചുണ്ണിയെന്ന സിനിമ യഥാര്‍ത്ഥ കൊച്ചുണ്ണിയുടെ മൃതദേഹം വച്ചുള്ള ഒന്നാണ്. ആ സിനിമില്‍ കൊച്ചുണ്ണിയെ ഇത്തിക്കര പക്കിയുടെ നിഴലാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത്തിക്കര പക്കി രക്ഷിച്ചുകൊണ്ടു പോകുന്നു. അടിതടകള്‍ പഠിപ്പിക്കുന്നു. അതിനുശേഷം നായകനാകുന്ന കൊച്ചുണ്ണി. അതല്ല യാഥാര്‍ഥ്യം. 20 വയസിനുള്ളില്‍ തന്നെ സകലഅടവുകളും പഠിച്ച ഒരു തികഞ്ഞ അഭ്യാസിയായിരുന്നു കൊച്ചുണ്ണി. പൊന്നാനിക്കാരനായ ഒരു ഉസ്താദ് ആയിരുന്നു കൊച്ചുണ്ണിയുടെ ആദ്യ ഗുരു. പിന്നീട് കായംകുളത്തുള്ള ഒരു വീട്ടില്‍ രഹസ്യമായി അദ്ദേഹം ആയോധന വിദ്യ അഭ്യസിച്ചു. ഇരുപത്തിയൊന്നു വയസിനു മുന്‍പു കായംകുളം കൊച്ചുണ്ണി ഒരു തികഞ്ഞ അഭ്യാസിയായി മാറിക്കഴിഞ്ഞിരുന്നു. എന്നാല്‍ സിനിമയില്‍ കാണിച്ചിരിക്കുന്നത് തികച്ചും ഘടകവിരുദ്ധമായിട്ടാണ്. ഇത് നീതിക്ക് നിരക്കാത്തതാണ്. ചരിത്രത്തിന് നിരക്കാത്തതാണ്.

കായംകുളം കൊച്ചുണ്ണി കേരളത്തിന്റെ റോബിന്‍ഹുഡ് ആണോ?

തീര്‍ച്ചയായും. അദ്ദേഹം മോഷ്ടിച്ചത് സമ്പാദിക്കാന്‍ വേണ്ടിയായിരുന്നില്ല, മറിച്ച് ഇല്ലാത്തവന് നല്‍കാന്‍ വേണ്ടിയായിരുന്നു. അദ്ദേഹത്തിന്റെ പിന്‍തലമുറക്കാരെ നോക്കിയാല്‍ ഇത് മനസിലാകും. കൊച്ചുണ്ണിയുടെ മകളും പിന്നീടുള്ള തലമുറകളും താമസിച്ചതും ഇപ്പോള്‍ താമസിക്കുന്നതും തികച്ചും സാധാരണക്കാരായിട്ടാണ്. മോഷ്ടിച്ച് കൊണ്ടുവരുന്ന വസ്തുക്കള്‍ പാവപ്പെട്ടവര്‍ക്ക് വീതം വച്ചു നല്‍കുന്നതായിരുന്നു കൊച്ചുണ്ണിയുടെ ശീലം.

കായംകുളം കൊച്ചുണ്ണിയുടെ ബാല്യകാലം ദുരിതപൂര്‍ണമായിരുന്നോ?

കായംകുളം കൊച്ചുണ്ണിയുടെ അച്ഛന്‍ ഒരു കള്ളനായിരുന്നു. അച്ഛന്‍ മരിച്ചതോടെ കുടുംബത്തിന്റെ ഭാരം കൊച്ചുണ്ണിയുടെ ചുമലിലായി. ഇതോടെ ജോലിക്കായി ഏവൂര്‍ എന്ന സ്ഥലത്തേക്ക് കൊച്ചുണ്ണി പോയി. ഇരുപത്തിയൊന്നു വയസുവരെ കൊച്ചുണ്ണി ഒരു സാധാരണ മനുഷ്യനായിട്ടാണ് ജീവിച്ചത്. എന്നാല്‍ കള്ളന്‍ എന്ന് മുദ്രകുത്തപ്പെടുന്ന ഒരു സംഭവം അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടാവുകയും അതിന് ശേഷമാണ് അദ്ദേഹം മോഷണത്തിലേക്ക് തിരിയുന്നതും.

ഇരുപത്തിയൊന്നാമത്തെ വയസില്‍ അദ്ദേഹത്തെ കള്ളനാക്കിയ സംഭവം സിനിമയില്‍ പറയുന്നുണ്ട്. അതു ശരിയാണോ?

ആ സിനിമയില്‍ പറയുന്നത് ശുദ്ധ അസംബദ്ധമാണ്. ഏവൂര്‍ ക്ഷേത്രത്തിലേക്ക് ശര്‍ക്കര കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് യഥാര്‍ഥ സംഭവം നടന്നത്. ഏവൂര്‍ ക്ഷേത്രത്തിലേക്ക് ശര്‍ക്കര ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ ഭാരവാഹികള്‍ എത്തി. എന്നാല്‍ കട അടച്ചുപോയതിനാല്‍ കൊടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് കടയുടമയുടെ വീട്ടില്‍ പോയി മതില്‍ ചാടി ശര്‍ക്കര എടുത്തുകൊണ്ടുവന്ന് നല്‍കുകയും ചെയ്തു. പിറ്റേ ദിവസം ഉടമസ്ഥന്‍ എത്തുമ്പോഴാണ് സംഭവം അറിയുന്നത്. ആ സംഭവത്തോടെ കൊച്ചുണ്ണിയെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. ഇതോടെയാണ് കൊച്ചുണ്ണി കായംകുളം കൊച്ചുണ്ണിയായത്.

കായംകുളം കൊച്ചുണ്ണിയെ പിടികൂടിയത് എങ്ങനെയാണ്?

രണ്ടു തവണയാണ് കൊച്ചുണ്ണിയെ പൊലീസ് പിടിക്കപ്പെടുന്നത്. ആദ്യം രക്ഷപ്പെട്ടു. രണ്ടാം തവണ പുല്ലുകുളങ്ങരയ്ക്ക് അടുത്തുള്ള ഒരു വീട്ടില്‍ നിന്നുമാണ്. കട്ടില്‍കെട്ടിയിട്ട ശേഷം കൊച്ചുണ്ണിയെ ഠാണാപ്പടിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കായംകുളം കായല്‍ വഴി തിരുവനന്തപുരത്ത് എത്തിച്ചു. ഇവിടെ ജയിലില്‍ അടയ്ക്കപ്പെട്ടു. തുടര്‍ന്ന് ദിവസങ്ങളോളം നീണ്ട പീഡനങ്ങള്‍ക്കൊടുവില്‍ അദ്ദേഹം മരണപ്പെട്ടു. പേട്ട ജുമാമസ്ജിദിലാണ് അടക്കം ചെയ്തത്.

കായംകുളം കൊച്ചുണ്ണിക്ക് ഒരു ക്ഷേത്രമുണ്ട്. താങ്കള്‍ക്ക് അതില്‍ വിശ്വാസമുണ്ടോ?

പത്തനംതിട്ടയ്ക്കടുത്ത് കാരംവേലി എന്ന സ്ഥലത്താണ് ക്ഷേത്രം. അത് ഒരു വിശ്വാസം മാത്രമാണ്. എന്തെങ്കിലും സാധനം മോഷണം പോയിട്ടുണ്ടെങ്കില്‍ ഇവിടെയെത്തി പ്രാര്‍ഥിച്ചാല്‍ തിരികെ ലഭിക്കുമെന്നാണ് വിശ്വാസം.

കായംകുളം കൊച്ചുണ്ണിയുടെ പുസ്തകത്തിന്റെ പേരെന്താണ്?

കായംകുളം കൊച്ചുണ്ണി, ഒരു ഓടനാടന്‍ വീരഗാഥ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close