INSIGHTTop News

Sunday Special| കാഴ്ചയില്ലാത്തവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയുമായി ഹൃദ്യം

കൃഷ്ണേന്ദു പ്രകാശ്

ജീവിതം കൗമാരമെന്ന വര്‍ണത്തിലേക്ക് കടന്നപ്പോഴാണ് സഫര്‍ അലി എന്ന പതിമൂന്നുകാരന് കാഴ്ചയുടെ വര്‍ണങ്ങള്‍ അന്യമാകുന്നത്. നിരവധി വര്‍ണങ്ങളെ ഉള്ളിലേറ്റിയിരുന്നതിനാല്‍ പെട്ടന്നുള്ള ഇരുട്ടിനെ വല്ലാതെ ഭയന്നിട്ടുണ്ടാകും. കാഴ്ചയുറച്ചുവരുന്ന നാലാം വയസ്സില്‍ തന്നെ സിയു പ്രയേഷിന്റെയും കണ്ണുകള്‍ അവനോട് പിണങ്ങി കാഴ്ചയുടെ അനുഭൂതികളെ അവന് മുന്നില്‍ നിഷേധിച്ചിരുന്നു. വര്‍ണങ്ങളുടെ വൈവിധ്യങ്ങളേക്കാള്‍ അക്ഷരങ്ങളുടെ വലിയ ലോകവും അവര്‍ക്ക് അന്ന് മുതല്‍ പരിമിതമായിരുന്നു. എങ്കിലും ജീവിതത്തില്‍ അവര്‍ പടര്‍ത്തിയതത്രയും നിറങ്ങളായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് ഇന്ത്യന്‍ ഓവര്‍സീര്‍സ് ബാങ്ക് ബംഗളൂരുവില്‍ ഡെപ്യൂട്ടി മാനേജര്‍ ആണ് സഫര്‍ അലി. പ്രിയേഷ് ആകട്ടേ മഹാരാജാസ് കോളേജിലെ പൊളിറ്റിക്കല്‍ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറും. അവരുടെ വിദ്യാഭ്യാസകാലത്ത് നേരിട്ട ഏറ്റവും വലിയ പ്രശ്നം വായനയാണ്. മറ്റൊരാളുടെ സഹായത്തോടെ മാത്രം വായനയെ അറിഞ്ഞവര്‍, ഇന്ന് അതേപ്രതി സന്ധി നേടിടുന്ന നിരവധി പേരുടെ വായന എന്ന പ്രശ്നത്തിന് പരിഹാരം കാണുകയാണ്.

സഫര്‍ അലി

ഹൃദ്യം പിറക്കുന്നു….
നിറങ്ങളുടെയും അക്ഷരങ്ങളുടെ ലോകം പെട്ടെന്ന് നഷ്ടമാകുമ്പോള്‍ അവയുടെ സ്ഥാനമെല്ലാം ഇരുട്ടുമൂടുമ്പോള്‍ ഉണ്ടാകുന്ന വേദന സഫറിന് കൃത്യമായി അറിയാം. താനുള്‍പ്പെടുന്ന കാഴ്ച പരിമിതര്‍ക്ക് പുസ്തകങ്ങളുടെ ലോകം അപ്രാപ്യമാകരുതെന്ന ആഗ്രഹകമാണ് ഹൃദ്യം പോലൊരു വായനയുടെ പുതുവാതായനത്തിന്റെ പിറവിക്കു പിന്നില്‍. അതിന് പശ്ചാത്തലമായതാവട്ടേ വ്യാജ വാര്‍ത്തകളുടെയും ഫോര്‍വേര്‍ഡ് തമാശകളുടെയും വിളനിലമായ വാട്ട്സ്അപ്പ്. സമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്നവയിലൊന്ന് എന്ന് തന്നെ പറയാം. എന്നാല്‍ പരിമിതികളുടെ പരിധികളെ ലംഘിച്ചുകൊണ്ട് ജീവിതത്തിന് ഒരു പുതു വെളിച്ചവും ഇതേ മാധ്യമവും ചെയ്യുന്നുവെന്നതിന്റെ തെളിവാണ് ഹൃദ്യം. തന്നെപ്പോലെ കാഴ്ച പരിമിതരായവര്‍ക്ക് വായനയുടെ നവ്യാനുഭവം നല്‍കുകയെന്ന ലക്ഷ്യമായിരുന്നു ഹൃദ്യത്തിന്റെ പിറവിക്കു പിന്നില്‍. കൂട്ടായി എത്തിയത് കാഴ്ച ഇല്ല എന്നത് ഒരു പരിമിതിയായി ചിന്തിച്ചിട്ടില്ലാത്ത സി.യു പ്രിയേഷ് എന്ന മഹാരാജാസ് കോളേജ് അധ്യാപകനും. പ്രിയേഷിനുമറിയാം കാഴ്ചയില്ലാത്തതിന്റെ പേരില്‍ നഷ്ടമാകുന്ന വായനയുടെ അനുഭൂതിയെ കുറിച്ച്. ഒരുപാട് വായന ഗ്രൂപ്പുകളില്‍ അംഗങ്ങളാണ് ഇരുവരും. എന്നാല്‍ കൃത്യമായ വായനാ അഭിരുചികളൊന്നും ലഭ്യമാകാതിരുന്നപ്പോളാണ് പുതിയൊരു ഗ്രൂപ്പിനെ കുറിച്ച് അവര്‍ ചിന്തിച്ചത്. എല്ലാ ഗ്രൂപ്പുകളില്‍ നിന്നും പൊതുവായി ലഭിക്കുന്നത് കഥ നോവല്‍ തുടങ്ങിയ സാഹിത്യങ്ങളാവും, വായനയെന്നത് അതുകൊണ്ടൊരിക്കലും പൂര്‍ണമാവുകയിലല്ലോ? അങ്ങനെ പത്രവും റഫറന്‍സ് പുസ്തകങ്ങളുമെല്ലാം പലരുടെയും ശബ്ദത്തില്‍ ഗ്രൂപ്പില്‍ എത്തി തുടങ്ങി. സന്നദ്ധരായ കുറച്ചു വോളന്റിയേഴ്സിനെയും കേള്‍വിക്കാരെയും വെച്ചുകൊണ്ടായിരുന്നു ആരംഭം. കൃത്യമായി പറഞ്ഞാല്‍ മൂന്ന് വോളന്റിയേഴ്സിനെയും പത്ത് കേള്‍വിക്കാരെയും വെച്ചു തുടക്കം. നാലഞ്ച് മാസങ്ങള്‍ക്കൊണ്ടു തന്നെ ഹ്യദ്യത്തിന്റെ പ്രവര്‍ത്തനത്തിന ആവശ്യക്കാരേറിയതും വോളന്റിയേഴ്സായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിച്ചുകൊണ്ട് നിരവധി ആളുകള്‍ വന്നതും കൂട്ടായ്മയയുടെ വളര്‍ച്ചയ്ക്ക് കാരണമായി.

ഹൃദ്യം വളരുന്നു… ഹൃദയങ്ങളിലൂടെ…
ആനുകാലിക വായനകള്‍, അക്കാദമിക് വായനകള്‍, വിദ്യാഭ്യാസത്തിനായി സിലിബസ് അധിഷ്ടിത വായനകള്‍ എന്നിവയ്ക്കായി ‘ഹൃദ്യം അക്കാദമിക്’ എന്ന കൂട്ടായ്മ രൂപീകരിച്ചു. ഇതില്‍ ഡിഗ്രി, പി ജി വിദ്യാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ ഉന്നത പഠനാവശ്യങ്ങള്‍ക്കായി ‘ഹൃദ്യം റഫറന്‍സ’് എന്ന പേരില്‍ റഫറന്‍സ് ഗ്രന്ഥങ്ങളുടെ വായനയ്ക്കായും ഒരു ഗ്രൂപ്പ് ഉണ്ടാക്കി. രണ്ടായിരത്തിലധികം പേജുകളുള്ള വലിയ റഫറന്‍സ് ഗ്രന്ഥങ്ങള്‍ വരെ അതില്‍ വായിച്ചിട്ടുണ്ട്. സ്‌കൂള്‍ കുട്ടികളുടെ വിദ്യാഭ്യാസ സഹായത്തിനായാണ് ‘ഹൃദ്യം വിദ്യാലയം’ എന്ന ഗ്രൂപ്പ് ആരംഭിച്ചത്. അതില്‍ ഒന്നു മുതല്‍ പന്ത്രണ്ടുവരെയുള്ള വിദ്യാര്‍ത്ഥികളാണ് അതിലുള്ളത്. വിദ്യാഭ്യാസം നേടിയാലും ജോലി എന്നത് പിന്നെയും പ്രശ്നമാണ്. പിഎസ്‌സി പോലുള്ള മത്സര പരീക്ഷകളില്‍ കാഴ്ചയുള്ളവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് നാം നിരവധി കേട്ടിട്ടുണ്ട്. അപ്പോള്‍ കാഴ്ചപരിമിതരുടെ കാര്യമോ? അതിനൊരു ആശ്വാസമായിരുന്നു ഹൃദ്യം കോമ്പറ്റിറ്റീവ്. പിഎസ്‌സി മാത്രമല്ല, യുജിസി നെറ്റ് പോലുള്ള ദേശീയ പരീക്ഷകള്‍ക്കു വരെ ഹൃദ്യത്തിന്റെ സഹായമുണ്ട്. ‘ഹൃദ്യം നെറ്റ് സെറ്റ്’ എന്ന ഗ്രൂപ്പും ആരംഭിച്ചു.
അക്ഷരങ്ങളിലൂടെ മാത്രം ഹൃദയങ്ങളില്‍ ചേക്കേറുന്ന ഒന്നല്ല ഹൃദ്യവും അതിന്റെ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളും, വായനക്കാരുടെ മാനസിക ഉല്ലാസത്തിനുമുള്ള ഇടം ഹൃദ്യത്തിലുണ്ട്. ‘ഹൃദ്യം ലിസനേഴ്സ്’ എന്ന പേരില്‍ കൂട്ടായ്മയുടെ അംഗങ്ങളുടെ കഴിവുകളെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. രാത്രി ഒമ്പത് മണിമുതല്‍ പത്തുമണിവരെ പാട്ടും കഥയും കവിതയുമെല്ലാമായി മറ്റൊരു ഹൃദ്യമായ ലോകം. അതില്‍ ഗ്രൂപ്പംഗങ്ങള്‍ക്ക് അനുഭവങ്ങളും അഭിപ്രായങ്ങളുമെല്ലാം പറയാം.

ഇനിയും പരിഹരിക്കാത്ത പ്രശ്നങ്ങള്‍
ദിനംപ്രതി സാഹിത്യം നിരവധി പുസ്തകങ്ങളാല്‍ സമ്പന്നമാകുന്നുവുണ്ടെങ്കിലും കാഴ്ച പരിമിതരുടെ അവസ്ഥ പരിതാപകരം തന്നെയാണ്. ബ്രയിന്‍ലി പോലുള്ള ലിപികള്‍ വായനയ്ക്കായുണ്ടെങ്കിലും വായനയെ സമ്പന്നമാക്കാന്‍ അത് പര്യാപ്തമല്ല. മറ്റുഭാഷകള്‍ക്ക് കാഴ്ച പരിമിതരുടെ വായനയെ സഹായിക്കുന്ന സോഫ്റ്റ് വെയറുകളുണ്ടെങ്കിലും മലയാളത്തിന്റെ കാര്യത്തില്‍ അതും പരിമിതമാണ്. സാങ്കേതിക വളര്‍ച്ച കാഴ്ച പരിമിതരുടെ വിദ്യാഭ്യാസത്തെ സഹായിക്കാനുണ്ടെങ്കിലും സാമ്പത്തിക ശേഷിയില്‍ പിന്നാക്കം നില്‍ക്കുന്ന പലര്‍ക്കും അത് അപ്രാപ്യവുമാണ്. പാര്‍ശ്വവത്കരിക്കപ്പെടുന്ന പല സമൂഹത്തെകുറിച്ചും പൊതുവേദികളില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ടെങ്കിലും കാഴ്ചപരിമിതരുടെ കാര്യം പലപ്പോഴും അവഗണിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ചും അവരുടെ വിദ്യാസഹയത്തിനായി ഉള്ള കാര്യങ്ങള്‍. പാഠപുസ്തകങ്ങളുടെ അപര്യാപ്തത തന്നെ പ്രധാന പ്രശ്നം.

ഇനിയുമുണ്ട് ലക്ഷ്യങ്ങള്‍
ഹൃദ്യത്തിന് ഇനിയുമുണ്ട് നിരവധി സ്വപ്നങ്ങള്‍. നിലവില്‍ ഹൃദ്യത്തിന് ഒരു ഓഡിയോ ലെബ്രറി ഉണ്ട്. ആളുകള്‍ക്ക് സേര്‍ച്ച് ചെയ്ത് കണ്ടെത്താവുന്ന തരത്തിലാണ് ടെലിഗ്രാമിലെ ഓഡിയോ ലൈബ്രറി തയ്യാറാക്കിയിരിക്കുന്നത്. ഹൃദ്യത്തിന്റെ എല്ലാ അനുബന്ധഗ്രൂപ്പുകള്‍ക്കും ഇത് ഉണ്ട്. അത് മികച്ച രീതിയില്‍ വിപലീകരിക്കുക എന്നത് ഹൃദ്യത്തിന്റെ അടുത്ത പ്രവര്‍ത്തനമാണ്. ഇത്തരത്തില്‍ ഓഡിയോ എല്ലാം ഭാവി തലമുറയ്ക്കു കൂടി ശേഖരിച്ചു വെയ്ക്കുന്ന തരത്തില്‍ ഒരു സ്റ്റോറേജ് സംവിധാനമുണ്ടാകുന്നതിനെ കുറിച്ചും ഹൃദ്യത്തിനാലോചനയുണ്ട്. ഹൃദ്യത്തിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനൊപ്പം തന്നെ ഇന്നും സ്മാര്‍ട്ട് ഫോണോ സോഫ്റ്റ്വെയറോ ലഭിക്കാത്ത നിരവധി കാഴ്ച പരിമിതരുണ്ട്. എന്‍ജിഒകളുടെ സഹായത്തോടെ അവര്‍ക്ക് സ്മാര്‍ട്ട്ഫോണും ലാപ്ടോപ്പുമെല്ലാം നല്‍കുന്ന ഒരു പദ്ധതിക്കായി കാത്തിരിക്കുകയാണ് കൂട്ടായ്മയിലെ അംഗങ്ങള്‍. അടുത്തിടെയാണ് ഇരുപത്തിമൂന്ന് അംഗങ്ങള്‍ക്ക് ടാലന്റ് അക്കാദമിയുടെ ഓണ്‍ലൈന്‍ കോച്ചിംഗ് ഏര്‍പ്പെടുത്താനും ഹൃദ്യത്തിനായി.

ഹൃദ്യം പകരുന്ന സന്ദേശങ്ങള്‍
കാഴ്ചപരിമിതരുടെ നിരവധി പ്രശ്നങ്ങളില്‍ പലതും ഇന്നും പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ ചെന്നുപെട്ടിട്ടില്ല. പല ആനൂകൂല്യങ്ങളും ക്ഷേമ പദ്ധതികളുമെല്ലാം പ്രഖ്യാപിക്കുമ്പോഴും അര്‍ഹമായവരില്‍ അത് കൃത്യമായി എത്തിച്ചേരുന്നുണ്ടോ എന്നും സംശയമാണ്. കാഴ്ച പരിമിതര്‍ക്കായി വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക സംവരണമൊക്കെ കരുതിയിട്ടുണ്ടെങ്കിലും അവിടെയും പ്രശ്നങ്ങള്‍ ബാക്കിയുണ്ട്. പാഠപുസ്തകങ്ങളാണ് അതില്‍ പ്രധാനം. പലപ്പോഴും സഹപാഠികളുടെയും അധ്യാപകരുടെയും സഹായത്തോടെയാവും പാഠഭാഗങ്ങള്‍ അറിയേണ്ടി വരിക. അതും നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങളും നിരവധി. ഹൃദ്യം പോലുള്ള കൂട്ടായ്മകള്‍ നിരവധിപേരില്‍ വെളിച്ചം വീശുന്ന പ്രകാശമാണ്.

Tags
Show More

Related Articles

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close