NEWSTop NewsWOMEN

Sunday special |കൊടുങ്കാറ്റിന്റെ പര്യായം – വില്‍മ റുഡോള്‍ഫ്

ഓരോ തവണയും ഒളിംപിക്‌സ് ട്രാക്കുകളില്‍ ലോകത്തെ വിസ്മയിപ്പിക്കുന്ന പല താരങ്ങളും പിറവിയെടുക്കാറുണ്ട്. എന്നാല്‍, 1960ലെ റോം ഒളിംപിക്‌സില്‍ കായിക ലോകത്തെ മാത്രമല്ല, വൈദ്യശാസ്ത്രത്തെയും അത്ഭുതപ്പെടുത്തിയ ഒരു സുവര്‍ണ താരം ജനിച്ചു. വില്‍മ റുഡോള്‍ഫ് എന്നറിയപ്പെടുന്ന വില്‍മ ഗ്ലോഡിയന്‍ റുഡോള്‍ഫ്. കൊടുങ്കാറ്റ്, കറുത്തമുത്ത് എന്നെല്ലാം മാധ്യമങ്ങള്‍ വിശേഷിപ്പിച്ച വേഗത്തിന്റെ ഈ രാജകുമാരി, വിധിയെഴുതിയ ജീവിതം ഇച്ഛാശക്തികൊണ്ട് മാറ്റിയെഴുതിയവളാണ്.

1956 മെല്‍ബണിലെ ഒളിംപിക്‌സ് സ്റ്റേഡിയത്തില്‍, സ്വര്‍ണ്ണത്തോളം തിളക്കമുള്ള വെങ്കല മെഡല്‍ നേടിയപ്പോള്‍ വില്‍മ എന്ന 16 കാരിയുടെ മനസ്സില്‍ മാറി മറിഞ്ഞ ചിന്തകള്‍ അവള്‍ക്ക് മാത്രമേ അറിയൂ. അന്ന് മുതല്‍ ഇന്ന് ഈ കോവിഡ് മഹാമാരി കാലത്തും ലോകം അവളെ മനസ്സില്‍ ഓര്‍ക്കുന്നത് ആത്മവിശ്വാസത്തിന്റെ പര്യായമായാണ്. അമേരിക്കയിലെ ടെന്നസിയിലെ ചെറിയൊരു ഗ്രാമത്തില്‍ ജനിച്ച വില്‍മ ഗ്ലോഡിയന്‍ റുഡോള്‍ഫ് ഒരു മഹാമാരിയെ മനസ് കൊണ്ട് തോല്‍പ്പിച്ചവള്‍ ആയിരുന്നു , കഴിഞ്ഞ നൂറ്റാണ്ടിലുള്‍പ്പെടെ നിരവധി പേരെ ശാരീരികമായി തളര്‍ത്തിയ പോളിയോയെ.

എഡ്- ബ്ലാക്ക് എന്നീ ദമ്പതികളുടെ 22 മക്കളില്‍ ഇരുപതാമത്തെ കുട്ടിയായിരുന്നു വില്‍മ. ജനിച്ചപ്പോള്‍ തന്നെ തൂക്ക കുറവിന്റെ പ്രശ്‌നങ്ങള്‍ അവളെ അലട്ടി. ന്യുമോണിയയും മറ്റു അസുഖങ്ങളും ചെറുപ്പത്തില്‍ തന്നെ വേട്ടയാടി. അഞ്ചാം വയസ്സില്‍ പോളിയോയും അവളെ തളര്‍ത്തി. കാലുകള്‍ തളര്‍ന്നു. നടക്കാന്‍ കഴിയില്ലയെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ ആ വിധി മാറ്റി മറിച്ചു കൊണ്ട് വില്‍മ നേടിയത് ഓട്ടത്തില്‍ ഒളിംപിക്‌സ് സ്വര്‍ണ്ണ മെഡലാണ്. പോളിയോ തളര്‍ത്തിയെങ്കിലും മനസ് തളര്‍ന്നില്ല. ഊന്നുവടിയുടെ സഹായത്തോടെ പതിനൊന്നാം വയസില്‍ അവള്‍ കായിക പരിശീലനം നേടാന്‍ തുടങ്ങി.

രോഗക്കിടക്കയില്‍ തളര്‍ന്നു കിടന്ന വില്‍മയില്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരിയാകണം എന്ന സ്വപ്നം നിറച്ചത് അവളുടെ അമ്മയാണ്. തളര്‍ന്നുപോയ ഇടംകാലുമായി പിച്ചവച്ചു തുടങ്ങിയ അവള്‍ അമ്മ നല്‍കിയ ധൈര്യത്തില്‍ ആകാശത്തോളം സ്വപ്നം കണ്ടു. പിന്നീടു സ്വപ്നം നേടിയതിനു ശേഷം അവള്‍ ലോകത്തോടു വിളിച്ചുപറഞ്ഞു-‘എന്റെ ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞു എനിക്ക് ഒരിക്കലും നടക്കാന്‍ കഴിയില്ലെന്ന്, പക്ഷേ, എന്റെ അമ്മ പറഞ്ഞു എനിക്ക് കഴിയുമെന്ന്. ഞാന്‍ അമ്മയെ വിശ്വസിച്ചു…’

ബാസ്‌ക്കറ്റ് ബോളില്‍ അസാമാന്യ മികവ് സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ അവള്‍ പ്രകടിപ്പിച്ചു. ഒടുവില്‍ 1956 മെല്‍ബണ്‍ ഒളിംപിക്‌സില്‍ റിലേയില്‍ വില്‍മ ഉള്‍പ്പെട്ട ടീമിന് വെങ്കല മെഡല്‍ ലഭിച്ചു. അന്നത്തെ ഗ്രൂപ്പ് ഇനത്തിലെ വെങ്കല മെഡല്‍ പിന്നീടുള്ള ഒളിംപിക്‌സുകളില്‍ വ്യക്തിഗത സ്വര്‍ണ മെഡലുകളായി.

1960 റോം ഒളിമ്പിക്‌സില്‍ 100,200 മീറ്റര്‍ ഓട്ടം ,റിലേ മത്സരങ്ങളില്‍ വില്‍മ സുവര്‍ണ്ണ നേട്ടം കൊയ്തു. 100,200 മീറ്ററുകളിലും 4×100 റിലേയിലും സ്വര്‍ണം.100 മീറ്ററില്‍ തൊട്ടടുത്ത എതിരാളിയെ ബഹുദൂരം പിന്നിലാക്കിയായിരുന്നു വിജയം. 11 സെക്കന്‍ഡില്‍ ഫിനിഷിങ്. എന്നാല്‍ ലോക റെക്കോര്‍ഡ് ഭേദിച്ച ആ ഐതിഹാസിക വിജയം രേഖപ്പെടുത്തിയില്ല. കാറ്റിനു വേഗം കൂടുതലായിരുന്നു എന്നതായിരുന്നു കാരണം. 200 മീറ്ററിലും വില്‍മയുടെ വിജയം മികവുറ്റതായിരുന്നു. 24.13 സെക്കന്‍ഡില്‍ ഓടിയെത്തി. ഒരു ഒളിംപിക്‌സില്‍ 3 സ്വര്‍ണം നേടുന്ന ആദ്യത്തെ വനിത എന്ന റെക്കോര്‍ഡ് അവളുടെ പേരില്‍ സ്വര്‍ണ ലിപികളാല്‍ എഴുതിച്ചേര്‍ത്തു. തുടര്‍ന്നും ദേശീയ, രാജ്യാന്തര പുരസ്‌കാരങ്ങള്‍ വില്‍മയെ തേടിയെത്തി.

1962 ല്‍ കായിക രംഗത്ത് നിന്ന് വിരമിച്ചെങ്കിലും ആരാധകരുടെ ഹൃദയത്തിലെ പോഡിയത്തില്‍ ചാംപ്യനായി ഇന്നും വില്‍മയുണ്ട്. ഒരുപാട് വിളിപ്പേരുകളില്‍ വില്‍മ കായിക ലോകത്ത് അറിയപ്പെടുന്നു. അതിലൊന്ന് ‘ കൊടുങ്കാറ്റ് ‘ എന്ന പേരാണ്. നിനക്ക് നടക്കാന്‍ കഴിയില്ല എന്ന് പറഞ്ഞപ്പോള്‍ ഓടി കാണിച്ച വില്‍മയുടെ വില്‍ പവറിന് ഇതില്‍ കുറഞ്ഞൊരു വിളിപ്പേരില്ല.


കടപ്പാട് : ജോമോള്‍ ജോസ്‌

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close