Breaking NewsINDIANEWSTop News

വസ്ത്രത്തിന് മുകളിലൂടെ മാറിടത്തിൽ സ്പർശിച്ചാലും പീഡനം തന്നെ; ബോംബെ ഹൈക്കോടതി വിധി തള്ളി സുപ്രീംകോടതി; ലൈംഗിക അതിക്രമത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വിഷയം ലൈംഗിക ഉദ്ദേശം ഉണ്ടോ എന്നതാണെന്നും കോടതി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ വസ്ത്രത്തിന് മുകളിലൂടെ സ്പര്‍ശിക്കുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകരമല്ലെന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ബോംബെ ഹൈക്കോടതിയുടെ വിധിയെ തള്ളിയാണ് സുപ്രീംകോടതിയുടെ വിധി. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റേതാണ് വിധി. പോക്‌സോ നിയമത്തെ തന്നെ പരാജയപ്പെടുത്തുന്നതാണ് ബോംബെ ഹൈക്കോടതിയുടെ സങ്കുചിതമായ വ്യാഖ്യാനം എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വസ്ത്രങ്ങള്‍ക്ക് മുകളിലൂടെയും ലൈംഗിക ഉദ്ദേശത്തോടെയും സ്പര്‍ശിക്കുന്നതും പോക്‌സോ നിയമത്തിന്റെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ലൈംഗിക അതിക്രമത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വിഷയം ലൈംഗിക ഉദ്ദേശം ഉണ്ടോ എന്നതാണ്. പരസ്പരം ചര്‍മ്മങ്ങള്‍ സ്പര്‍ശിക്കണം എന്ന സങ്കുചിതമായ നിലപാട് കൊണ്ട് പോക്‌സോ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചര്‍മത്തില്‍ സ്പര്‍ശിക്കാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ തൊടുന്നത് പോക്സോ നിയമപ്രകാരമുള്ള ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ്.

വസ്ത്രത്തിന് മുകളിലൂടെ ശരീരത്തില്‍ പിടിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പ് പ്രകാരമുള്ള കുറ്റം മാത്രമേ ആകൂവെന്ന് ബോംബൈ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല എന്ന് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വിധിച്ചു.

അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍, മഹാരാഷ്ട്ര സര്‍ക്കാര്‍, ദേശീയ വനിതാ കമ്മീഷന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പ്രസ്താവിക്കുന്നത്. ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചാല്‍, സര്‍ജിക്കല്‍ ഗ്ലൗസ് ഇട്ട ഒരു വ്യക്തി കുട്ടിയെ പീഡിപ്പിച്ചാല്‍ അദ്ദേഹത്തിന് പോക്‌സോ നിയമപ്രകാരം ശിക്ഷിക്കാന്‍ കഴിയില്ല എന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ വാദം.

പേരയ്ക്ക നല്‍കാമെന്ന് പറഞ്ഞ് 12 വയസ്സുകാരിയെ വിളിച്ചുവരുത്തുകയും മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം മാറ്റാന്‍ ശ്രമിച്ചുവെന്നുമാണ് കേസിലായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിധി. കേസിലെ പ്രതിയായ സതീഷിന് നേരത്തെ പോക്‌സോ നിയമപ്രകാരം വിചാരണ കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ വിചാരണ കോടതി വിധി സുപ്രീം കോടതി ശരിവച്ചതോടെ പ്രതിക്ക് മൂന്ന് വര്‍ഷത്തെ ശിക്ഷ അനുഭവിക്കണം. ഒപ്പം വിചാരണ കോടതി വിധിച്ച പിഴയും ഒടുക്കണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close