കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിലേക്ക് ദേശീയ നേതൃത്വം പരിഗണിക്കുന്നത് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ എന്ന് റിപ്പോർട്ടുകൾ. സംസ്ഥാന അധ്യക്ഷന് പുറമേ രണ്ട് വർക്കിംഗ് പ്രസിഡന്റുമാരും അടങ്ങുന്ന നേതൃനിരയാണ് പാർട്ടി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്നാകും കേരളത്തിലെ നേതൃമാറ്റം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക.
നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ സാമ്പത്തിക ക്രമക്കേടും വിഭാഗീയതയും സംബന്ധിച്ച് കെ സുരേന്ദ്രനെതിരെ ആരോപണങ്ങൾ ശക്തമായതോടെയാണ് കേരളത്തിൽ നേതൃമാറ്റം അനിവാര്യമാണെന്ന നിലപാടിലേക്ക് ദേശീയ നേതൃത്വം എത്തിയത്. എന്നാൽ, വിവാദങ്ങളുടെ നടുച്ചുഴിയിൽ നിൽക്കുമ്പോൾ നേതൃമാറ്റം ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്നതിനാൽ നടപടികൾ വൈകിക്കുകയായിരുന്നു. വിഭാഗീയതയും സാമ്പത്തിക അച്ചടക്കമില്ലായ്മയുമാണ് കെ സുരേന്ദ്രന് വിനയായതെങ്കിൽ, ജനകീയതയും സത്യസന്ധതയും പണത്തോട് ആർത്തി ഇല്ലാത്തതുമാണ് സുരേഷ് ഗോപിക്ക് ദേശീയ നേതൃത്വം കാണുന്ന ഗുണങ്ങൾ.
കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായി തുടരുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പ് ശക്തമാണ്. തെരഞ്ഞെടുപ്പ് പരാജയം, കൊടകര കുഴൽപ്പണക്കേസ്, സികെ ജാനുവിന് പണം നൽകിയ സംഭവം, ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരക്ക് പത്രിക പിൻവലിക്കാൻ കോഴ നൽകിയത് അടക്കമുള്ള കാര്യങ്ങളാണ് കെ സുരേന്ദ്രനെതിരെ എതിർചേരി ആയുധമാക്കുന്നത്. കേരളത്തിൽ ഉടൻ പുനഃസംഘടനയെന്ന ആവശ്യം ഒരു കോണിൽ നിന്ന് ശക്തമാണ്. പാർട്ടിയെ ചലിപ്പിക്കാൻ പുതിയ നേതൃത്വം എന്നതാണ് ഉയരുന്ന ആവശ്യം.
സുരേഷ് ഗോപിക്കൊപ്പം എല്ലാ വിഭാഗത്തേയും കൂടെ കൂട്ടാനാകുന്ന പല മുഖങ്ങളിലേക്കും ചർച്ചകൾ അധ്യക്ഷ പദവിയിൽ നീളുന്നുണ്ട്. ജേക്കബ് തോമസിന്റെ പേരും പരിഗണനയിലാണ്. സുരേഷ് ഗോപി നടത്തുന്ന സാമൂഹിക ഇടപെടലുകൾ ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ സുരേഷ് ഗോപിയെ ചുമതല ഏൽപ്പിക്കുന്നതിലാണ് കൂടുതൽ താൽപ്പര്യം. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകൾ സുരേഷ് ഗോപിക്കുണ്ട്. ഈ സാഹചര്യത്തിൽ പ്രധാന ചുമതകളിലേക്ക് പരിഗണിക്കരുതെന്ന് സുരേഷ് ഗോപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് കൂടി മനസ്സിലാക്കിയാണ് രണ്ട് വർക്കിങ് പ്രസിഡന്റുമാരെ കൂടി നിയമിച്ച് സുരേഷ് ഗോപിയെ ഒന്നാമനാക്കാനുള്ള നീക്കം. ഇതിനെ അട്ടിമറിക്കാൻ ബിജെപിയിലെ ഒരു വിഭാഗം സജീവമായി രംഗത്തുണ്ട്. ദേശീയ സംഘടനാ ജനറൽ സെക്രട്ടറിയായ ബിഎൽ സന്തോഷും സുരേഷ് ഗോപി ഫോർമുലയ്ക്ക് എതിരാണ്.
അതിനാൽ സുരേഷ് ഗോപിയുടെ പേരിനെ വെട്ടാനും സാധ്യതയുണ്ട്. നിലവിലെ നേതൃത്വത്തിലെ ആരേയും അമിത് ഷായ്ക്ക് താൽപ്പര്യമില്ല. ഇത് മനസ്സിലാക്കി ബിഎൽ സന്തോഷ് നടത്തുന്ന നീക്കങ്ങളാണ് പുനഃസംഘടനയെ അട്ടിമറിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവിയിൽ തയ്യാറായ സംഘടനാ റിപ്പോർട്ടിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുണ്ട്. ഈ സാഹചര്യത്തെ ഗൗരവത്തോടെ കേന്ദ്ര നേതൃത്വവും കണ്ടേക്കും. കൊടകര പണക്കേസും വയനാട്ടിലെ വിഷയങ്ങളും മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കേസും പിടിപ്പുകേടിന്റെ ഫലമാണെന്ന് ദേശീയ നേതൃത്വം വിലയിരുത്തുന്നു. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എന്നും കേരളത്തിൽ ആർഎസ്എസ് പ്രചാരകന്മാരെ മാത്രമേ നിർദ്ദേശിച്ചിട്ടുള്ളൂ.
നിലവിൽ കേരളത്തിലെ പ്രധാന ആർഎസ്എസ് പ്രചാരകന്മാർക്കാർക്കും ഈ പദവിയോട് താൽപ്പര്യമില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിന് പുറത്ത് സജീവമായി ജയകുമാറിന്റെ പേരിലേക്ക് ചർച്ചകളെത്തുന്നത്. തിരുവനന്തപുരത്തുകാരനായ ജയകുമാറിനും പദവിയിലെ പ്രശ്‌നങ്ങളെ കുറിച്ച് നന്നായി അറിയാം. അതുകൊണ്ട് തന്നെ കരുതലോടെ മാത്രം പ്രതികരിക്കാനാണ് തീരുമാനം.
നിയമസഭാതിരഞ്ഞെടുപ്പിൽ ബിജെപി.യുടെ പരാജയകാരണങ്ങൾ നിരത്തി നേതാക്കളുടെ പഠനറിപ്പോർട്ട് അതീവ ഗൗരവ സ്വഭാവമുള്ളതാണ്. വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ എം ടി.രമേശ്, സി.കൃഷ്ണകുമാർ, ജോർജ് കുര്യൻ, പി.സുധീർ എന്നിവരുടെ നേതൃത്വത്തിൽ അഞ്ചുസംഘമായിട്ടായിരുന്നു പഠനം. സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളാണ് ഈ റിപ്പോർട്ടിലുള്ളത്. ഉമാകാന്തന് ശേഷം എം ഗണേശ് പദവിയിൽ എത്തി. എന്നാൽ സംഘടനാ പ്രവർത്തനത്തിൽ ഈ കാസർകോടുകാരൻ പൂർണ്ണ പരാജയമായി. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് വേരുകളുള്ള നേതാവിനെ സംഘടനാ ചുമതല ഏൽപ്പിക്കുന്നത്.
35 സീറ്റുകിട്ടിയാൽ കേരളം ഭരിക്കുമെന്ന സംസ്ഥാനപ്രസിഡന്റിന്റെ പ്രസ്താവന പ്രചാരണത്തിനെത്തിയ ദേശീയനേതാക്കളും ആവർത്തിച്ചത് കുതിരക്കച്ചവടം നടക്കുമെന്ന ധാരണ ജനങ്ങൾക്കിടയിലുണ്ടാക്കിയെന്ന വിമർശനം പോലും തോൽവിയെ കുറിച്ച് പഠിച്ച സമിതി മുമ്പോട്ട് വയ്ക്കുന്നു. ഇടതുമുന്നണി ഈ പ്രചാരണം ന്യൂനപക്ഷങ്ങൾക്കിടയിൽ ഫലപ്രദമായി ഉപയോഗിച്ചു. ശബരിമലപോലുള്ള മതപരമായ വിഷയങ്ങൾമാത്രമല്ല ജനകീയ വിഷയങ്ങളും സേവനപ്രവർത്തനങ്ങളും പാർട്ടി ഏറ്റെടുക്കണം. നേമം ഗുജറാത്താക്കുമെന്ന കുമ്മനം രാജശേഖരന്റെ പ്രസ്താവന ന്യൂനപക്ഷങ്ങൾ സംശയത്തോടെയാണ് കേട്ടതെന്നും വിലയിരുത്തലുണ്ട്. ഇതിനെല്ലാം കാരണം സംഘടനാ വീഴ്ചയാണെന്നാണ് വിലയിരുത്തൽ.
ബി.ഡി.ജെ.എസിൽനിന്ന് കാര്യമായ ഗുണംകിട്ടിയില്ല, അമിത ആത്മവിശ്വാസം ദോഷം ചെയ്തു, കഴക്കൂട്ടത്തെ സ്ഥാനാർത്ഥിത്വപ്രശ്നം തിരിച്ചടിയായി എന്നുതുടങ്ങി ഒട്ടേറെ കാരണങ്ങളാണ് റിപ്പോർട്ടുകളിൽ എടുത്തുപറയുന്നത്. റിപ്പോർട്ടിൽ ഓരോ മണ്ഡലം കേന്ദ്രീകരിച്ച് സമഗ്രചർച്ചയുണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അറിയിച്ചിട്ടുണ്ട്. ഇതിനിടെയാണ് നേതൃത്വത്തെ തന്നെ മാറ്റാനുള്ള നീക്കം