Breaking NewsKERALANEWSTop News

ബിജെപി വേദിയിൽ നിന്നും പിണങ്ങിയിറങ്ങി സുരേഷ് ​ഗോപി എംപി; പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടിക്കിടെ മടങ്ങിയത് നേതാക്കളോട് പോലും പറയാതെ; എന്താണ് സംഭവിച്ചതെന്നറിയാതെ അന്തംവിട്ട് ബിജെപിക്കാർ

കൊട്ടാരക്കര:ബിജെപി വേദിയിൽ നിന്നും പിണങ്ങിയിറങ്ങി സുരേഷ് ​ഗോപി എംപി. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി കൊട്ടാരക്കരയിൽ നടത്തിയ സ്മൃതികേരം പരിപാടിയിലാണ് സുരേഷ് ഗോപി ചടങ്ങ് പകുതിയിൽ നിർത്തി മടങ്ങിയത്. സാമൂഹിക അകലം പാലിക്കാതെ പ്രവർത്തകരും നേതാക്കളും തിക്കിത്തിരക്കിയെന്നതാണ് സുരേഷ് ​ഗോപിയുടെ പ്രതിഷേധത്തിന് കാരണമായത്.

ഇന്നലെ വൈകിട്ട് കൊട്ടാരക്കര മാർത്തോമ ജൂബിലി മന്ദിരം ഹാളിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ മൂന്നോടെയാണ് എം.പി. എത്തിയത്. കാറിൽനിന്ന്‌ ഇറങ്ങുംമുൻപുതന്നെ അകലം പാലിക്കണമെന്ന കർശന നിർദേശം അദ്ദേഹം നൽകിയിരുന്നു. നേതാക്കളും പ്രവർത്തകരും ഉൾപ്പെടെയുള്ളവർ അകന്നുനിന്നശേഷമാണ് എം.പി. കാറിൽനിന്നിറങ്ങിയത്.

മാർ ക്രിസോസ്റ്റം തിരുമേനിയുടെ പേരിൽ ഓർമ മരം നടുമ്പോഴും ചുറ്റുമുള്ളവരോട് സാമൂഹിക അകലം ഓർമിപ്പിച്ചു. ഹാളിനുള്ളിൽ കടന്ന് വേദിയിലേക്കു കയറാതെ താഴെനിന്ന് എം.പി. വേഗത്തിൽത്തന്നെ പദ്ധതിയുടെ ഭാഗമായുള്ള തെങ്ങിൻതൈ വിതരണത്തിലേക്കു കടക്കുകയായിരുന്നു. ആദ്യം തൈ നൽകേണ്ട അംഗപരിമിതയായ വീട്ടമ്മയുടെ പേരു വിളിക്കാതെ രണ്ടാമത്തെ ആളുടെ പേരുവിളിച്ചത് എം.പി. പറഞ്ഞ് തിരുത്തിച്ചു.

71 പേർക്ക് തെങ്ങിൻതൈ നൽകുന്നതായിരുന്നു പരിപാടി. ആദ്യ രണ്ടുപേർക്ക്‌ തൈ നൽകിയിട്ടും ചുറ്റുമുള്ള ആളുകളുടെ തിക്കും തിരക്കും കുറഞ്ഞില്ല. ഒതുങ്ങിനിൽക്കാനും ദൂരേക്കു നിൽക്കാനും സീറ്റുകളിലിരിക്കാനും പലതവണ എം.പി.തന്നെ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. തുടർന്നാണ് മറ്റുള്ളവർക്ക് തൈവിതരണത്തിനു നിൽക്കാതെയും ഒന്നും സംസാരിക്കാതെയും എം.പി. മടങ്ങിയത്. സംഭവിച്ചതെന്താണെന്നു നേതാക്കളും പ്രവർത്തകരും മനസ്സിലാക്കുംമുൻപേ എം.പി. പോയിക്കഴിഞ്ഞിരുന്നു. പാർട്ടി സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

നേരത്തേ, ബിജെപി സംസ്ഥാന അധ്യക്ഷനായേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി സുരേഷ് ഗോപി രം​ഗത്തെത്തിയിരുന്നു. തനിക്ക് പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താൽപര്യമെന്ന് അദ്ദേഹം പറഞ്ഞു. ‘അതിനൊന്നും ഞാന്‍ തയ്യാറല്ല. എനിക്ക് കൈപിടിയില്‍ ഒതുങ്ങാവുന്ന നേതാക്കളെയുള്ളൂ പാര്‍ട്ടിയില്‍. ഞാന്‍ എന്ത് ജോലി ചെയ്യാം എന്നാണ് പറഞ്ഞിരിക്കുന്നതെന്ന് അതില്‍ പ്രമുഖരായ അഞ്ച് പേര്‍ക്കറിയാം. ഒരു കലാകാരന്‍ എന്ന നിലയില്‍ എന്തൊക്കെ ചെയ്യാനാണ് എനിക്ക് സൗകര്യം എന്നത് അവര്‍ക്കറിയാം. അതൊക്കെ ഞാന്‍ ഓടി നടന്നു ചെയ്യുന്നുണ്ട്. പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കൊക്കെ വരാന്‍ പാഠവമുള്ള ആളുകള്‍ക്ക് മാത്രമെ സാധിക്കുകയുള്ളൂ. നാമ്പു നട്ട് വേരോടാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണ് ബിജെപി.’ സുരേഷ് ഗോപി പറഞ്ഞു.

ബിജെപി നേതൃത്വത്തിലേക്ക് ഗോപിയുടെ കടന്നുവരവ് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ഇക്കാര്യം മുൻനിർത്തിയാണ് അദ്ദേഹത്തിന്റെ പേര് പരിഗണിക്കപ്പെടുന്നത്. സംസ്ഥാനത്ത് സുരേഷ് ​ഗോപിയുടെ പ്രവര്‍ത്തനം സജീവമായത് ഇതിന്റെ ഭാഗമാണെന്നാണ് മറ്റൊരു കാഴ്ച്ചപാട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close