
ന്യൂഡൽഹി : കോൺഗ്രസിൽ നിന്ന് രാജി വെച്ച സുഷ്മിത ദേവ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ടിഎംസി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി, ഡെറിക് ഒബ്രിയാന് എം പി എന്നിവരുടെ സാന്നിധ്യത്തിലാണ് സുഷ്മിത പാർട്ടി അംഗത്വം സ്വീകരിച്ചത്. ഇന്ന് രാവിലെയാണ് മുൻ എം.പി കൂടിയായ മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ പാർട്ടി വിടുന്ന വാർത്ത പുറത്ത് വന്നത്. തന്റെ ട്വിറ്റെർ ഹാൻഡിലിന്റെ ബയോയിൽ മുൻ അംഗം എന്ന് രേഖപ്പെടുത്തിയതോടെയാണ് പാർട്ടി വിട്ടതായി വ്യക്തമായത്.
സോണിയ ഗാന്ധിക്ക് രാജിക്കത്ത് നൽകിയിരുന്നു. പാർട്ടി നേതാക്കൾ , സഹപ്രവർത്തകർ, പാർട്ടി അംഗങ്ങൾ എന്നിവർക്ക് നന്ദി, പാർട്ടിക്ക് ഒപ്പമുണ്ടായിരുന്നത് ഒട്ടേറെ ഓർമ്മകൾ നിറഞ്ഞ യാത്രയായിരുന്നു. നൽകിയ ഉപദേശങ്ങൾക്കും അവസരങ്ങൾക്കും സോണിയ ഗാന്ധിക്ക് വ്യക്തിപരമായി നന്ദി അറിയിക്കുന്നതായും കത്തിൽ വ്യക്തമാക്കിയിരുന്നു.
സുഷ്മിത ത്രിപുരയിൽ മുഖ്യമന്ത്രിസ്ഥാനാർഥി ആയേക്കുമെന്നാണ് സൂചന. മൂന്ന് പതിറ്റാണ്ട് കാലം കോൺഗ്രസ് പ്രവർത്തകയായിരുന്ന സുഷ്മിത കുറച്ച് കാലമായി നേതൃത്വവുമായി അകൽച്ചയിലായിരുന്നു. അസമിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിലുള്ള അതൃപ്തിയും എഐയുഡിഎഫുമായുള്ള കോൺഗ്രസിന്റെ സഹകരണവുമാണ് അകൽച്ചയ്ക്ക് കാരണമായത്. പ്രിയങ്ക ഗാന്ധി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇവരുടെ രാജിവാർത്ത കോൺഗ്രസിനെ ഞെട്ടിച്ചിരുന്നു. പുതിയ പ്രവർത്തന മണ്ഡലങ്ങളിലേക്ക് സുഷ്മിത എത്തുന്നതോടെ അത് ഏറ്റവും കൂടുതൽ തലവേദനയുണ്ടാക്കുന്നതും കോൺഗ്രസിന് തന്നെയായിരിക്കും.