KERALANEWSTrending

കൊച്ചിയിലെ ലഹരി മാഫിയ നിയന്ത്രിയ്ക്കുന്നത് തമിഴ് പുലികളോ? കാക്കനാട്ടെ എംഡിഎംഎ അന്വേഷണം ചെന്നൈയിലേക്ക്; ‘ടീച്ചർക്ക്’ പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പോലീസ്

കൊച്ചി : കൊച്ചിയിലെ ലഹരി മാഫിയയ്ക്ക് പിന്നിൽ തമിഴ് പുലികളോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. കാക്കനാട് എം.ഡി.എം.എ. കേസിലെ പ്രതികൾക്കു കൃത്രിമ ലഹരി വസ്തുക്കൾ കൈമാറിയതു ശ്രീലങ്കൻ വംശജരായ രണ്ടു പേർ എന്ന വസ്തുതയാണ് ഈ സംശയത്തിന് കാരണം. ചെന്നൈ, പോണ്ടിച്ചേരി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇവർക്കു കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വൻതോതിൽ ഇടപാടുകാരുണ്ട്. ചെന്നൈയിൽ ശ്രീലങ്കൻ അഭയാർത്ഥികൾ തിങ്ങിപ്പാർക്കുന്ന ചേരിയിലാണു ഇവർ താമസിക്കുന്നത്.

വർഷങ്ങളായി തമിഴ്‌നാട്ടിൽ താമസിക്കുന്ന ഇരുവരുടെയും ഭാര്യമാർ തമിഴ്‌നാട്ടുകാരാണെന്നും എക്സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇവരുടെ താമസസ്ഥലം അടഞ്ഞു കിടക്കുകയാണ്. 40-45 വയസിനിടയിൽ പ്രായമുള്ള ഇവരെ കണ്ടെത്തുന്നതിനു ചെന്നൈ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ സഹായം തേടി. ഇവർക്ക് തമിഴ് പുലികളുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന.

വിദേശത്തുനിന്നു ചെന്നൈ വിമാനത്താവളവം തുറമുഖവും വഴിയെത്തുന്ന കാർഗോയിൽ ഒളിപ്പിച്ചാണ് എം.ഡി.എം.എ. പോലുള്ള കൃത്രിമ ലഹരി എത്തിക്കുന്നത്. ചെന്നൈയിൽ നിന്നു മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കു ഹാഷിഷ് ഓയിൽ കടത്തുന്നുണ്ട്. ഇതിനെല്ലാം പിന്നിൽ പുലികളുടെ ഇടപെടലാണ്. ശ്രീലങ്കയിൽ ഇരുന്നാണു എല്ലാം നിയന്ത്രിക്കുന്നത്.

സംശയ നിഴലിലുള്ളവരുടെ ബന്ധുക്കളും കള്ളക്കടത്ത് പതിവാക്കിയവരാണ്. സ്വർണം, പുരാവസ്തുക്കൾ തുടങ്ങി നിരോധനമുള്ള പലതും കടത്തുന്നുണ്ട്. ഹവാല, മനുഷ്യക്കടത്ത് ഇടപാടുകളിലും ഇവർക്കു ബന്ധമുണ്ട്. യൂറോപ്പ്, റഷ്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നു വാങ്ങുന്ന കൃത്രിമ ലഹരികൾ ഇന്ത്യയിൽ ഒരു കിലോയ്ക്കു 15 ലക്ഷം രൂപ മുതലാണ് ഇവർ ഈടാക്കുന്നത്.

കേസിൽ അറസ്റ്റിലായ സുസ്മിതയാണു കേരളത്തിലെ സംഘത്തെ നിയന്ത്രിക്കുന്നത്. പ്രതികൾക്കു ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾപേ വഴിയും വലിയ തോതിൽ പണം നൽകിയിരുന്നു ഇവർ. വാഴക്കാലയിലെ ഫ്ളാറ്റിൽ നിന്നു ലഹരി പിടിച്ചകേസിൽ ഇതുവരെ 21 പേർ അറസ്റ്റിലായിട്ടുണ്ട്. ഫ്ളാറ്റിന്റെ സ്റ്റെയർകേസിൽ വച്ചിരുന്ന 1.85 കിലോ എം.ഡി.എം.എ. പിടിച്ച മറ്റൊരു കേസിൽ ആറുപേരെയാണു പ്രതിചേർത്തത്. ഈ കേസിലാണു ശ്രീലങ്കൻ വംശജരെ പിടികൂടാനുള്ളത്.

കാക്കനാട് ലഹരിക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്ന കൊച്ചി സ്വദേശിനി സുസ്മിത ഫിലിപ്പിനെതിരെ എക്സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ചത് ശക്തമായ തെളിവുകളാണ്. നഗരത്തിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഇവർ ലഹരി ഇടപാടുകൾ നടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ലഹരി സംഘങ്ങളിൽ ടീച്ചർ എന്ന പേരിലാണ് സുസ്മിത അറിയപ്പെട്ടിരുന്നത്. 11 കോടിയുടെ ലഹരിമരുന്ന് കേസിൽ 12-ാം പ്രതിയാണ് സുസ്മിത ഫിലിപ്പ്.

ഹോട്ടലുകളിൽ ലഹരിപ്പാർട്ടികൾ സംഘടിപ്പിക്കാനും പ്രതികൾക്ക് സാമ്പത്തിക സഹായം നൽകാനും മുമ്പിൽ നിന്നത് സുസ്മിതയാണ് എന്നാണ് അന്വേഷണ സംഘം പറയുന്നത്. വൻകിട ഹോട്ടലുകളിലും ക്ലബുകളിലും നടന്ന റേവ് പാർട്ടികൾ ഇവർ പങ്കെടുത്തിരുന്നു. ചില പ്രതികൾക്കൊപ്പം ഹോട്ടലുകളിൽ ഇവർ താമസിച്ചിരുന്നതായും സൂചനയുണ്ട്.

കാക്കനാട് വാഴക്കാലായിൽ എക്സൈസ് പിടികൂടിയ ലഹരിമരുന്നു കടത്തു സംഘത്തിനൊപ്പമുണ്ടായിരുന്ന നായ്ക്കളെ ഏറ്റുവാങ്ങിയ ‘ടീച്ചർ’ എന്ന വിളിപ്പേരുകാരിയിലേയ്ക്കാണ് അന്വേഷണം ആദ്യം നീണ്ടത്. പിടിയിലായ പ്രതികൾക്കും എംഡിഎംഎ ഉപയോഗിക്കുന്ന സിനിമാക്കാർക്കും ഇടയിലെ കണ്ണിയാണ് ഇവരെന്ന സംശയം ഉയർന്നതോടെ എക്സൈസ് ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. അഭിഭാഷകയ്ക്കൊപ്പമാണ് ഇവർ അന്ന് ചോദ്യം ചെയ്യലിനു ഹാജരായത്. സിനിമാ മേഖലയുമായി ഇവർക്ക് അടുത്തബന്ധമുണ്ടെന്നു കണ്ടെത്തിയതോടെയാണ് ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

ലഹരിമരുന്നു കടത്തിനിടെ പിടിയിലായ സംഘം കുടുംബമായി യാത്ര ചെയ്യുകയാണ് എന്നു വരുത്തി തീർക്കാനാണ് നായ്ക്കളെയും ഒപ്പം കൂട്ടിയിരുന്നത്. റോട്‌വീലർ, കേൻ കോർസോ എന്നീ മുന്തിയ ഇനം മൂന്നു നായ്ക്കളെയാണ് കാറിൽ കണ്ടെത്തിയത്. ഇതിൽ ഒരു നായ്ക്ക് ഏകദേശം 80,000 രൂപ വരെ വിലവരുമെന്നാണ് സൂചന. ഇവയെ പ്രതികൾക്കൊപ്പം തൊണ്ടിമുതലായി കണ്ടുകെട്ടി മൃഗസംരക്ഷണ വകുപ്പിനെ ഏൽപിക്കുകയും പിന്നീട് ലേലത്തിലൂടെ വിറ്റു മുതൽക്കൂട്ടുകയും ചെയ്യുന്നതാണ് നടപടിക്രമങ്ങൾ.

എന്നാൽ പ്രതികളുടെ ‘ടീച്ചർ’ എന്ന് അവകാശപ്പെട്ടെത്തിയ സുസ്മിത ഫിലിപ്പിനെ അന്വേഷണ ഉദ്യോഗസ്ഥൻ നായ്ക്കളുടെ സംരക്ഷണം ഏൽപിച്ചു നൽകുകയായിരുന്നു. നായ്ക്കളെ ഏറ്റുവാങ്ങിയ ഇവർ പ്രതികളിൽ ഒരാളുടെ ബന്ധുവാണ് എന്നായിരുന്നു ആദ്യം ഉദ്യോഗസ്ഥർ അറിയിച്ചത്. പിന്നീട് ടീച്ചറാണെന്നു പറഞ്ഞു. പക്ഷേ ഇതു രണ്ടും ശരിയല്ലെന്ന് വ്യക്തമായതോടെയാണ് ഇവരിലേയ്ക്കു സംശയമുന നീണ്ടത്.

പ്രതികളെ പിടികൂടിയ ദിവസം, വൈകിട്ടു വരെ നായ്ക്കൾക്കു ഭക്ഷണം കൊടുക്കാതെ ഫ്ലാറ്റിനു താഴെയുള്ള കാർ പോർച്ചിൽ അടച്ചിട്ടത് വിവാദമായതോടെയാണ് ടീച്ചർക്ക് നായ്ക്കളെ കൈമാറാൻ അന്വേഷണ സംഘം തീരുമാനിച്ചത്. ഫ്ലാറ്റിൽ കണ്ടെത്തിയ വിലയേറിയ വസ്തുക്കളും വാഹനം ഉൾപ്പെടെയുള്ള തൊണ്ടിമുതലുകളും സമയത്ത് ഏറ്റെടുത്ത് മഹസറിൽ രേഖപ്പെടുത്താതിരുന്നത് വാർത്തയായതിനു പിന്നാലെ ഉദ്യോഗസ്ഥനെതിരെ സസ്പെൻഷൻ ഉൾപ്പടെയുള്ള നടപടികളുമുണ്ടായി.

റോട്‌വീലർ പോലെയുള്ള നായ്ക്കൾ ഏക ഉടമകളെ മാത്രം അംഗീകരിക്കുന്ന സ്വഭാവക്കാരാണ്. അപരിചിതരോട് അക്രമാസക്തമായി മാത്രം പെരുമാറുന്ന നായ സ്വീകരിക്കാനെത്തിയ സുസ്മിതയോട് പരിചിത ഭാവത്തിൽ പെരുമാറിയതും ആദ്യ ഘട്ടത്തിൽ ഉദ്യോഗസ്ഥർ അവഗണിച്ചിരുന്നു. പിന്നീട് സംഭവം വിവാദമായതോടെ നായ്ക്കൾക്ക് ഇവരെ മുൻപരിചയമുണ്ടെന്നു സംശയം ഉയർന്നു. തുടർന്നാണ് ഇവരെക്കുറിച്ച് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചത്.

11 കോടിയുടെ ലഹരിയാണ് കൊച്ചിയിൽ പിടികൂടിയത്. ചെന്നൈയിൽ നിന്നായിരുന്നു മയക്കുമരുന്ന് എത്തിച്ചതെന്ന് പിന്നീട് കണ്ടെത്തി. ആറ് പേരെയാണ് കേസിൽ ആദ്യം അറസ്റ്റ് ചെയ്തത്. ഇതിനിടയിൽ കേസ് അട്ടിമറിക്കാനും എക്സൈസ് ശ്രമിച്ചിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close