Breaking NewsKERALANEWSTop News

ലഹരിയുടെ ആദ്യ പാഠങ്ങൾ മുതൽ റേവ് പാർട്ടികളുടെ ചടുലവേ​ഗം വരെ പഠിപ്പിക്കുന്ന ടീച്ചർ; സാദാ കഞ്ചാവ് കച്ചവടക്കാർ മുതൽ തമിഴ് പുലികൾ വരെ വിളിപ്പുറത്ത്; സുസ്മിത ഫിലിപ്പ് എന്ന മലയാളി അധോലോക നായികയുടെ കഥ

കൊച്ചി: ലഹരികടത്ത് കേസിൽ അറസ്റ്റിലായ സുസ്മിത ഫിലിപ്പിന് തമിഴ് പുലികളുമായും ബന്ധമെന്ന് റിപ്പോർട്ടുകൾ. കേരളത്തിലെ ലഹരിമാഫിയയെ മുഴുവനായി നിയന്ത്രിക്കുന്നത് ശ്രീലങ്ക ആസ്ഥാനമാക്കിയുള്ള തമിഴ് പുലികളാണെന്ന തരത്തിലാണ് റിപ്പോർട്ടുകൾ. കേരളത്തിലെ സിനിമാ മേഖലയുമായും ലഹരി മാഫിയയുമായും മാത്രമല്ല, മനുഷ്യക്കടത്ത് സംഘവുമായി പോലും സുസ്മിതക്ക് ബന്ധമുണ്ടെന്ന സംശയവും ഇപ്പോൾ ഉയരുന്നുണ്ട്. കാക്കനാട് ലഹരികടത്ത് കേസിൽ രണ്ട് ശ്രീലങ്കൻ വംശജർ കൂടി ഉൾപ്പെട്ടതോടെയാണ് കേരളത്തിലെ ലഹരി മാഫിയ- തമിഴ് പുലി ബന്ധം ചർച്ചകളിൽ നിറയുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 19ന് വാഴക്കാലയിലുള്ള ഫ്ലാറ്റിൽ നിന്ന് 11 കിലോ എംഡിഎംഎ കണ്ടെടുത്തതിനെ തുടർന്നു നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് സുസ്മിത ഫിലിപ്പ് എക്സൈസ് കസ്റ്റഡിയിലാകുന്നത്. ടീച്ചർ എന്നു വിളിക്കുന്ന സുസ്മിതയാണു ലഹരി സംഘത്തിനു കൊച്ചിയിൽ വേണ്ട ഒത്താശകൾ ചെയ്തു കൊടുത്തതെന്നും, ഇവരുടെ അക്കൗണ്ടിലൂടെ ആദ്യം പിടിയിലായ പ്രതികളുടെ അക്കൗണ്ടുകളിലേക്കു വലിയ തുക കൈമാറിയെന്നും കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ലഹരിയുമായി പിടിയിലായവരുടെ ഒപ്പമുണ്ടായിരുന്ന നായയുടെ സംരക്ഷകയായി എത്തിയ ഇവരിലേയ്ക്ക് വൈകിയാണു അന്വേഷണം എത്തിയത്.

കൊച്ചിയിൽ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചു സിനിമാ പ്രവർത്തകർക്ക് ഉൾപ്പടെ ലഹരി വിൽപന നടത്തിയിരുന്നതിൽ സുസ്മിതയ്ക്ക് നിർണായക പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നേരത്തേ ഓൺലൈൻ ക്ലാസുകൾ എടുത്ത് ടീച്ചർ എന്ന വിളിപ്പേരു സമ്പാദിച്ചിരുന്ന ഇവരെ ലഹരി സംഘത്തിലും ടീച്ചർ എന്നാണു പരിചയപ്പെടുത്തിയിരുന്നത്. ഫോർട്ടുകൊച്ചി പാണ്ടിക്കുടി സ്വദേശിനിയായ സുസ്മിതയെ ആദ്യം ചോദ്യം ചെയ്തു വിട്ടയച്ച എക്സൈസ് കൂടുതൽ തെളിവുകൾ ലഭിച്ചതിനെ തുടർന്നു വിളിച്ചു വരുത്തി സെപ്റ്റംബർ 30നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

11 കോടിയുടെ ലഹരിമരുന്ന് കേസിൽ 12-ാം പ്രതിയാണ് ടീച്ചർ എന്നറിയപ്പെടുന്ന സുസ്മിത ഫിലിപ്പ്. വാഴക്കാലയിലെ ഫ്ളാറ്റിൽ നിന്നു ലഹരി പിടിച്ചകേസിൽ ഇതുവരെ 21 പേർ അറസ്റ്റിലായിട്ടുണ്ട്. ഫ്ളാറ്റിന്റെ സ്റ്റെയർകേസിൽ വച്ചിരുന്ന 1.85 കിലോ എം.ഡി.എം.എ. പിടിച്ച മറ്റൊരു കേസിൽ ആറുപേരെയാണു പ്രതിചേർത്തത്. ഈ കേസിലാണു ശ്രീലങ്കൻ വംശജരെ പിടികൂടാനുള്ളത്.

സുസ്മിതയാണു കേരളത്തിലെ ലഹരി സംഘത്തെ നിയന്ത്രിക്കുന്നത്. പ്രതികൾക്കു ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾപേ വഴിയും ഇവർ വലിയ തോതിൽ പണം നൽകിയിരുന്നു. കാക്കനാട് ലഹരിക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്ന കൊച്ചി സ്വദേശിനി സുസ്മിത ഫിലിപ്പിനെതിരെ എക്സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ചത് ശക്തമായ തെളിവുകളാണ്. നഗരത്തിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഇവർ ലഹരി ഇടപാടുകൾ നടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ലഹരി സംഘങ്ങളിൽ ടീച്ചർ എന്ന പേരിലാണ് സുസ്മിത അറിയപ്പെട്ടിരുന്നത്.

ഹോട്ടലുകളിൽ ലഹരിപ്പാർട്ടികൾ സംഘടിപ്പിക്കാനും പ്രതികൾക്ക് സാമ്പത്തിക സഹായം നൽകാനും മുമ്പിൽ നിന്നത് സുസ്മിതയാണ് എന്നാണ് അന്വേഷണ സംഘം പറയുന്നത്. വൻകിട ഹോട്ടലുകളിലും ക്ലബുകളിലും നടന്ന റേവ് പാർട്ടികൾ ഇവർ പങ്കെടുത്തിരുന്നു. ചില പ്രതികൾക്കൊപ്പം ഹോട്ടലുകളിൽ ഇവർ താമസിച്ചിരുന്നതായും സൂചനയുണ്ട്.

കാക്കനാട് വാഴക്കാലായിൽ എക്സൈസ് പിടികൂടിയ ലഹരിമരുന്നു കടത്തു സംഘത്തിനൊപ്പമുണ്ടായിരുന്ന നായ്ക്കളെ ഏറ്റുവാങ്ങിയ ‘ടീച്ചർ’ എന്ന വിളിപ്പേരുകാരിയിലേയ്ക്കാണ് അന്വേഷണം ആദ്യം നീണ്ടത്. പിടിയിലായ പ്രതികൾക്കും എംഡിഎംഎ ഉപയോഗിക്കുന്ന സിനിമാക്കാർക്കും ഇടയിലെ കണ്ണിയാണ് ഇവരെന്ന സംശയം ഉയർന്നതോടെ എക്സൈസ് ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. അഭിഭാഷകയ്ക്കൊപ്പമാണ് ഇവർ അന്ന് ചോദ്യം ചെയ്യലിനു ഹാജരായത്. സിനിമാ മേഖലയുമായി ഇവർക്ക് അടുത്തബന്ധമുണ്ടെന്നു കണ്ടെത്തിയതോടെയാണ് ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

ലഹരിമരുന്നു കടത്തിനിടെ പിടിയിലായ സംഘം കുടുംബമായി യാത്ര ചെയ്യുകയാണ് എന്നു വരുത്തി തീർക്കാനാണ് നായ്ക്കളെയും ഒപ്പം കൂട്ടിയിരുന്നത്. റോട്‌വീലർ, കേൻ കോർസോ എന്നീ മുന്തിയ ഇനം മൂന്നു നായ്ക്കളെയാണ് കാറിൽ കണ്ടെത്തിയത്. ഇതിൽ ഒരു നായ്ക്ക് ഏകദേശം 80,000 രൂപ വരെ വിലവരുമെന്നാണ് സൂചന. ഇവയെ പ്രതികൾക്കൊപ്പം തൊണ്ടിമുതലായി കണ്ടുകെട്ടി മൃഗസംരക്ഷണ വകുപ്പിനെ ഏൽപിക്കുകയും പിന്നീട് ലേലത്തിലൂടെ വിറ്റു മുതൽക്കൂട്ടുകയും ചെയ്യുന്നതാണ് നടപടിക്രമങ്ങൾ.

എന്നാൽ പ്രതികളുടെ ‘ടീച്ചർ’ എന്ന് അവകാശപ്പെട്ടെത്തിയ സുസ്മിത ഫിലിപ്പിനെ അന്വേഷണ ഉദ്യോഗസ്ഥൻ നായ്ക്കളുടെ സംരക്ഷണം ഏൽപിച്ചു നൽകുകയായിരുന്നു. നായ്ക്കളെ ഏറ്റുവാങ്ങിയ ഇവർ പ്രതികളിൽ ഒരാളുടെ ബന്ധുവാണ് എന്നായിരുന്നു ആദ്യം ഉദ്യോഗസ്ഥർ അറിയിച്ചത്. പിന്നീട് ടീച്ചറാണെന്നു പറഞ്ഞു. പക്ഷേ ഇതു രണ്ടും ശരിയല്ലെന്ന് വ്യക്തമായതോടെയാണ് ഇവരിലേയ്ക്കു സംശയമുന നീണ്ടത്.

പ്രതികളെ പിടികൂടിയ ദിവസം, വൈകിട്ടു വരെ നായ്ക്കൾക്കു ഭക്ഷണം കൊടുക്കാതെ ഫ്ലാറ്റിനു താഴെയുള്ള കാർ പോർച്ചിൽ അടച്ചിട്ടത് വിവാദമായതോടെയാണ് ടീച്ചർക്ക് നായ്ക്കളെ കൈമാറാൻ അന്വേഷണ സംഘം തീരുമാനിച്ചത്. ഫ്ലാറ്റിൽ കണ്ടെത്തിയ വിലയേറിയ വസ്തുക്കളും വാഹനം ഉൾപ്പെടെയുള്ള തൊണ്ടിമുതലുകളും സമയത്ത് ഏറ്റെടുത്ത് മഹസറിൽ രേഖപ്പെടുത്താതിരുന്നത് വാർത്തയായതിനു പിന്നാലെ ഉദ്യോഗസ്ഥനെതിരെ സസ്പെൻഷൻ ഉൾപ്പടെയുള്ള നടപടികളുമുണ്ടായി.

റോട്‌വീലർ പോലെയുള്ള നായ്ക്കൾ ഏക ഉടമകളെ മാത്രം അംഗീകരിക്കുന്ന സ്വഭാവക്കാരാണ്. അപരിചിതരോട് അക്രമാസക്തമായി മാത്രം പെരുമാറുന്ന നായ സ്വീകരിക്കാനെത്തിയ സുസ്മിതയോട് പരിചിത ഭാവത്തിൽ പെരുമാറിയതും ആദ്യ ഘട്ടത്തിൽ ഉദ്യോഗസ്ഥർ അവഗണിച്ചിരുന്നു. പിന്നീട് സംഭവം വിവാദമായതോടെ നായ്ക്കൾക്ക് ഇവരെ മുൻപരിചയമുണ്ടെന്നു സംശയം ഉയർന്നു. തുടർന്നാണ് ഇവരെക്കുറിച്ച് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചത്. 11 കോടിയുടെ ലഹരിയാണ് കൊച്ചിയിൽ പിടികൂടിയത്. ചെന്നൈയിൽ നിന്നായിരുന്നു മയക്കുമരുന്ന് എത്തിച്ചതെന്ന് പിന്നീട് കണ്ടെത്തി. ആറ് പേരെയാണ് കേസിൽ ആദ്യം അറസ്റ്റ് ചെയ്തത്. ഇതിനിടയിൽ കേസ് അട്ടിമറിക്കാനും എക്സൈസ് ശ്രമിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close