Breaking NewsKERALANEWSTop News

വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച ഗുണ്ടാനേതാവിനെ ജാമ്യം നൽകി വിട്ടയച്ച സംഭവം; എസ്.ഐയ്ക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച ഗുണ്ടാനേതാവിനെ ജാമ്യം നൽകി വിട്ടയച്ച സംഭവത്തിൽ മംഗലപുരം സ്റ്റേഷൻ എസ്.ഐ തുളസീധരൻ നായരെ സസ്‌പെൻഡ് ചെയ്തു. എസ് ഐയ്ക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ആവും അന്വേഷണം നടത്തുക.

ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് നേരത്തെ റിപ്പോ‍ർട്ട് നൽകിയിരുന്നു. വിവാദം മുറുകന്നതിനിടെ ഡിഐജി സഞ്ജയ് കുമാ‍ർ ​ഗരുഡിൻ ഇന്നലെ സ്റ്റേഷനിൽ മിന്നൽ പരിശോധന നടത്തി.

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് കണിയാപുരത്ത് വച്ച് ​നിരവധി കേസുകളിൽ പ്രതിയായ കണിയാപുരം മസ്താൻ മുക്ക് സ്വദേശി ഫൈസൽ മദ്യലഹരിയിൽ അനസ് എന്ന വിദ്യാ‍ർത്ഥിയെ മ‍ർദ്ദിച്ച് അവശനാക്കിയത്. അനസും സുഹൃത്തും ഭക്ഷണം കഴിക്കാൻ ബൈക്കിൽ പോകുമ്പോൾ ഫൈസലും സംഘവും തടഞ്ഞു നിർത്തിയെന്നാണ് അനസ് പറയുന്നത്. മർദ്ദനത്തിൽ അനസിന്റെ രണ്ട് പല്ലുകൾ നഷ്ടമായി. ബൈക്കിന്റെ താക്കോൽ ഊരിയെടുക്കാൻ ശ്രമിച്ചത് തടഞ്ഞതോടെയാണ് മർദ്ദനമെന്നാണ് അനസിൻ്റെ പരാതിയിൽ പറയുന്നത്.

സംഭവത്തിന് പിന്നാലെ പരാതിയുമായി അനസ് പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാൻ പോലും പോലീസ് തയ്യാറായില്ല. പരാതിയുമായി എത്തിയ തന്നെ മംഗലപുരം സ്റ്റേഷനിൽ നിന്നും കണിയാപുരം സ്റ്റേഷനിൽ നിന്നും തന്നെ തിരിച്ചയച്ചെന്നാണ് അനസ് പറയുന്നത്. ഒടുവിൽ മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം മാധ്യമങ്ങളിൽ വാ‍ർത്ത വന്നതോടെയാണ് പോലീസ് കേസെടുത്തത്.

എന്നാൽ വധശ്രമക്കേസിൽ പ്രതി കൂടിയായിരുന്ന ഫൈസലിനെതിരെ നിസാര വകുപ്പുകൾ ചേ‍ർത്താണ് പോലീസ് കേസെടുത്തത്. ജാമ്യമില്ലാ കുറ്റത്തിന് അറസ്റ്റ് വാറൻ്റുള്ള ഫൈസൽ സ്റ്റേഷനിൽ വന്ന് ആൾ ജാമ്യത്തിൽ ഇറങ്ങിപ്പോകുകയും ചെയ്തു.

വിദ്യാ‍ർത്ഥിയെ ക്രൂരമായി മ‍ർദ്ദിച്ച ഫൈസലിന പിന്നീട് നാട്ടുകാ‍ർ മ‍ർദ്ദിച്ചിരുന്നു. ഈ സംഭവത്തിൽ ദ്രുത​ഗതിയിൽ കേസെടുത്ത പോലീസ് ​ഗുണ്ടാനേതാവിനെ മ‍ർദ്ദിച്ച നാട്ടുകാ‍ർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സംഭവം വൻവിവാദമായതോടെയാണ് ഉന്നത ഉദ്യോ​ഗസ്ഥ‍ർ അടക്കം സംഭവത്തിൽ ഇടപെട്ടതും എസ്.ഐക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോ‍ർട്ട് നൽകിയതും.

കൈകൊണ്ടടിച്ചാൽ ജാമ്യം ലഭിക്കാവുന്ന കേസാണെന്നും മൊഴി പ്രകാരം കേസെടുത്തുവെന്നാണ് മം​ഗലപുരം പോലീസ് ആദ്യം നൽകിയ വിശദീകരണം. പല്ലു പോയതും യുവാവിനേറ്റ ഗുരുതര പരിക്കുമെല്ലാം കണ്ടില്ലെന്ന നടിച്ച പോലീസ് കണ്ണിൽ പൊടിയിടാൻ കേസെടുത്ത ശേഷം ഫൈസലിനെ വിട്ടയക്കുകയായിരുന്നു. പോലീസ് ലഹരിസംഘത്തിലെ കണ്ണിയായ ഫൈസലിനെ ജാമ്യത്തിൽ വിട്ടു. കഴക്കൂട്ടം – മംഗലാപുരം മേഖലയിൽ പോലീസ് നിസ്സംഗതയാണ് വീണ്ടും ഗുണ്ടാസംഘങ്ങൾ സജീവമാകാൻ കാരണമെന്ന ആക്ഷേപം ഉയരുമ്പോഴാണ് മംഗലപുരം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച.

ലോക്ക്ഡൗൺ കാലത്ത് പുഴയിൽ മീൻ പിടിച്ച നാട്ടുകാരിൽ ചിലരെ തുളസിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയിരുന്നു. നാട്ടുകാരെ വിരട്ടിയോടിച്ച ശേഷം ഈ മീൻ തുളസിയും കൂടെയുള്ള പോലീസുകാരും കൂടി പങ്കിട്ടെടുത്തിരുന്നു. വിഷയം ഉന്നത ഉദ്യോ​ഗസ്ഥ‍ർക്ക് പരാതിയായി ലഭിച്ചതോടെ തുളസിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുകയും സ്ഥലംമാറ്റുകയും ചെയ്തിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇയാൾ വീണ്ടും മം​ഗലപുരം സ്റ്റേഷനിലേക്ക് തിരിച്ചെത്തുകയായിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക
മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close