
ന്യൂഡൽഹി: പന്ത്രണ്ട് എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ ഇന്നും പാർലമെൻറ് പ്രക്ഷുബ്ധമാകാൻ സാധ്യത. സസ്പെൻഷനിലായ എംപിമാർ ഇന്നു മുതൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണ ആരംഭിക്കും. എളമരം കരീം, ബിനോയ് വിശ്വം എന്നിവർ ഉൾപ്പടെ 12 പേരുടെ സസ്പെൻഷനിൽ കടുത്ത നിലപാട് തുടരുകയാണ്. പ്രതിപക്ഷവുമായി ചർച്ചയാവാം എന്ന് ഇന്നലെ സർക്കാർ അറിയിച്ചിരുന്നു. എന്നാൽ മാപ്പു പറഞ്ഞുള്ള ഒത്തുതീർപ്പിന് ഇല്ലെന്നാണ് പ്രതിപക്ഷം എടുത്തിരിക്കുന്ന നിലപാട്.
അതേസമയം 12 എം.പിമാരുടെ സസ്പെന്ഷന് ചട്ടവിരുദ്ധ നടപടിയെന്ന് പ്രതിപക്ഷം പാർലമെന്റിൽ. സസ്പെൻഡ് ചെയ്യും മുമ്പ് സഭാനാഥൻ അംഗങ്ങളുടെ പേരെടുത്ത് പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവിനെ മറുപടി നൽകാൻ അനുവദിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ ചൂണ്ടിക്കാട്ടി. അംഗങ്ങളുടെ സസ്പെൻഷൻ റദ്ധാക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സസ്പെൻഷൻ പിൻവലിക്കില്ലെന്നും സഭയിൽ മോശമായി പെരുമാറിയവർ ഇപ്പോൾ പഠിപ്പിക്കാൻ വരേണ്ടെന്നും രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ 12 മണി വരെ നിർത്തിവച്ചു.
അതിനിടെ പ്രതിപക്ഷനിരയില്‍ ഭിന്നത തുടരുന്നു. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ച യോഗം തൃണമൂലും എ.എ.പിയും ബഹിഷ്കരിച്ചു. ടി.ആര്.എസ് ഉള്‍പ്പെടെ 14 പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരുമായി ചര്‍ച്ചനടത്തി . അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എ.എം ആരിഫ് അടിയന്തരപ്രമേയ നോട്ടിസ് നല്കി. ഇന്ധനവില വര്‍ധന ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് ടി.എന്‍ പ്രതാപനും മിനിമം താങ്ങുവില അടക്കം കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് വി.ശിവദാസനും അടിയന്തരപ്രമേയ നോട്ടിസ് നല്കി.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്