KERALANEWSTop News

പിന്നോട്ടില്ലാതെ കർദ്ദിനാൾ; ഏകീകൃത കുര്‍ബാനക്രമം ഇന്നു മുതല്‍; മാറാതെ എറണാകുളം – അങ്കമാലി, ഫരീദാബാദ് രൂപതകൾ

കൊച്ചി: കുർബാന ഏകീകരണത്തെ ചൊല്ലി സിറോ മലബാർ സഭയിൽ ഭിന്നത രൂക്ഷമായി തുടരുമ്പോഴും പുതുക്കിയ രീതിയുമായി മുന്നോട്ട് എന്ന പ്രഖ്യാപനത്തിലാണ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ഇന്ന് മുതൽ പുതുക്കിയ കുർബാന തന്നെയാകുമെന്ന് കർദ്ദിനാൾ വ്യക്തമാക്കി. എറണാകുളം സെന്‍റ് മേരീസ് കത്തിഡ്രലിന് പകരം സഭാ ആസ്ഥാനമായ സെന്‍റ് മൗണ്ടിൽ രാവിലെ പത്ത് മണിക്ക് പരിഷ്കരിച്ച കുർബാന അർപ്പിക്കുമെന്ന് കർദ്ദിനാൾ വ്യക്തമാക്കി. വിശ്വാസികൾക്ക് തത്സമയം കാണാനായി യൂട്യൂബ് ചാനലിലൂടെ കുർബാന പ്രക്ഷേപണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

വര്‍ഷങ്ങള്‍ നീണ്ട എതിര്‍പ്പുകള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് സിറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാന ക്രമം നടപ്പിലാക്കുന്നത്. സഭയില്‍ നിലവിലുണ്ടായിരുന്ന രണ്ട് വ്യത്യസ്ത കുര്‍ബാനയര്‍പ്പണ രീതികള്‍ സംയോജിപ്പിച്ചാണ് ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി തയാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് കുര്‍ബാനയില്‍ വിശ്വാസപ്രമാണം മുതല്‍ ദിവ്യകാരുണ്യ സ്വീകരണം വരെയുള്ള ഭാഗം അള്‍ത്താരാഭിമുഖമായിട്ടായിരിക്കും അര്‍പ്പിക്കുക. ബാക്കി ഭാഗം ജനാഭിമുഖവും. കുര്‍ബാനയിലെ പല പ്രാര്‍ഥനകളിലും കാലോചിതമായ പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. 1999ല്‍ ഏകീകൃത ബലിയര്‍പ്പണ രീതി നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പല രൂപതകളിലും അംഗീകരിച്ചിരുന്നില്ല.

വിശ്വാസികളുടെയും വൈദികരുടെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് എറണാകുളം അങ്കമാലി അതിരൂപത ഏകീകൃത കുര്‍ബാന ക്രമം നടപ്പിലാക്കുന്നില്ല. അതിരൂപതയില്‍ നിലവിലുള്ള ജനാഭിമുഖ കുര്‍ബാന തുടരാന്‍ വത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നിന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ബലിയര്‍പ്പണം കാക്കനാട് സെന്‍റ് തോമസ് മൗണ്ടിലേക്ക് മാറ്റിയത്. സിനഡ് അംഗീകാരം നല്‍കിയ പുതിയ രീതി അനുസരിച്ചായിരിക്കും കര്‍ദിനാള്‍ കുര്‍ബാനയര്‍പ്പിക്കുക. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് പുറമേ ഫരീദാബാദ് രൂപതയും ജനാഭിമുഖ കുര്‍ബാന തുടരും. അതേസമയം ജനാഭിമുഖ കുര്‍ബാന നിലവിലുള്ള തൃശൂര്‍ അതിരൂപതയും പാലക്കാട്, താമരശേരി, മാനന്തവാടി രൂപതകളും ഇന്ന് മുതല്‍ പുതിയ ബലിയര്‍പ്പണ രീതിയിലേക്ക് മാറും.

നേരത്തെ ജനാഭിമുഖ കുർബാന തുടരാൻ വത്തിക്കാൻ അനുമതി നൽകിയെന്ന് അവകാശപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് രംഗത്തെത്തിയിരുന്നു. പുതിയ ആരാധനാ ക്രമം നിലവിൽ വരാനിരിക്കെയാണ് സഭാ നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കി എറണാകുളം അങ്കമാലി ബിഷപ് സർക്കുലർ ഇറക്കിയത്. അതിരൂപതിയൽ ജനാഭിമുഖ കുർബാന തന്നെ തുടരാൻ വത്തിക്കാൻ ഇളവ് നൽകിയെന്നും പരിഷ്കരിച്ച കുബാന നടത്തില്ലെന്നുമായിരുന്നു സർക്കുലർ.

സിനഡ് തീരുമാനത്തിനെതിരായ ബിഷപ്പിന്‍റെ സർക്കുലർ സഭാ നേതൃത്വത്തെ അമ്പരിപ്പിച്ചു. തൊട്ട് പിന്നാലെ ഇങ്ങനെ ഒരു അറയിപ്പും തങ്ങൾക്കില്ലെന്നും പുതുക്കിയ കുർബാന സിറോ മലബാർ സഭയിൽ നടപ്പാക്കുമെന്നും കർദ്ദിനാളും അറയിച്ചു. ഇതോടെ പൗരസ്ത്യ തിരുസംഘം നൽകിയ കത്തിന്‍റെ പകർപ്പ് പുറത്ത് വിട്ട് ഒരു വിഭാഗം കർദിനാളിനെതിരായ മറുപടി നൽകി. മെത്രോപ്പാലിത്തൻ വികാരിയ്ക്ക് തന്നിൽ നിക്ഷ്പ്തമായി അധികാരം ഉപയോഗിച്ച് പുതുക്കിയ കുർബാന നടപ്പാക്കുന്നതിൽ നിന്ന് അതിരൂപതയക്ക് ഇളവ് നൽകാം എന്നാണ് പൗരസ്ത്യ തിരുസംഘം കത്തിലുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close