ടി20 ലോകകപ്പ് 2021; ഡേവിഡ് വീസ വീണ്ടും തിളങ്ങി; അയർലൻഡിനെ വീഴ്ത്തി നമീബിയ

ഷാർജ : നമീബിയ, ഇനി ഈ പേര് കൂടി ക്രിക്കറ്റിൻ്റെ സുവർണ്ണ ലിപികളിൽ എഴുതി ചേർക്കുകയാണ്. നിർണായക മത്സരത്തിൽ അയർലൻഡിനെ എട്ട് വിക്കറ്റിന് കീഴടക്കി നമീബിയ സൂപ്പർ 12 -ൽ കയറി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ നമീബിയ ഓൾറൗണ്ടർ ഡേവിഡ് വീസ ആണ് കളിയിലെ താരം.
സ്കോർ : അയർലൻഡ് 125-8(20)
നമീബിയ 126-2(18.3)
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയർലൻഡ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുത്തു. ഓപ്പണർമാരായ സ്റ്റെർലിങ്(38), ഒബ്രിയൻ(25) മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് വന്ന ബാറ്റർമാർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. നായകൻ ബാൽബിർനി 21 റൺസെടുത്തു. നമീബിയക്ക് വേണ്ടി ഫ്രൈലിങ്ക് മൂന്നും വീസ രണ്ടും സ്മിട്, സ്കോൾട്സ് എന്നിവർ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയ ഒമ്പത് പന്ത് ബാക്കി നിർത്തി ലക്ഷ്യത്തിലെത്തി. നമീബിയക്ക് വേണ്ടി നായകൻ ഇറാസ്മസ് 49 പന്തിൽ മൂന്ന് ഫോറും ഒരു സിക്സുമടക്കം 53 റൺസ് നേടി പുറത്താകാതെ നിന്നു.. വീസ 14 പന്തിൽ ഒരു ഫോറും രണ്ട് സിക്സുമടക്കം 28 റൺസ് നേടി പുറത്താകാതെ നിന്നു. അയർലൻഡിന് വേണ്ടി കർട്ടിസ് കാമ്പർ രണ്ട് വിക്കറ്റ് നേടി.