animalINSIGHTTrendingWORLD

“കുഞ്ഞു ചിമ്പാൻസിയെ കണ്ടപ്പോൾ ഞങ്ങൾക്ക് സ്നേഹം തോന്നി, അവനെ വീട്ടിൽ കൊണ്ടുവന്ന് മുലയൂട്ടി വളർത്താം”; ദമ്പതികൾ സ്ഥാപിച്ച താകുഗാമ ചിമ്പാൻസി സങ്കേതത്തെ കുറിച്ച് അറിയാം

സിയറ ലിയോണിന്റെ ഗ്രാമപ്രേദേശത്ത് വിൽപനക്കായി ഒരു മരത്തിൽ കെട്ടിയിട്ടിരുന്ന ചിമ്പാൻസി കുഞ്ഞിനെ അമരശേഖരനും ഭാര്യ ഷർമിളയും കാണുകയായിരുന്നു. ഇരുവരും ആ പാവം മിണ്ടാപ്രാണിയെ വാങ്ങിച്ച് വളർത്താൻ തീരുമാനിച്ചതോടെ ജീവിതത്തിലെ വലിയ ഒരു മാറ്റത്തിലേക്കാണ് വഴി തുറന്നത്.

“ഞങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല, ഞങ്ങൾ അന്ന് പുതുതായി വിവാഹം ചെയ്തവരായിരുന്നു. വഴിയിൽ വെച്ച് മരത്തിൽ കെട്ടിയിട്ടിക്കുന്ന കുഞ്ഞു ചിമ്പാൻസിയെ കണ്ടപ്പോൾ ഞങ്ങൾക്ക് സ്നേഹം തോന്നി, അവനെ വീട്ടിൽ കൊണ്ടുവന്ന് മുലയൂട്ടി വളർത്താം. അത്രമാത്രമേ അപ്പോൾ ഞങ്ങൾ ചിന്തിച്ചിരുന്നൊള്ളു. പിന്നീട് അവനുമായി ഞങ്ങൾ വളരെയധികം അടുത്തു. അവനു പിറകെ ഏഴോ എട്ടോ ചിമ്പാൻസികൾ ഞങ്ങളുടെ വീട്ടിൽ അംഗമാകാൻ തുടങ്ങിയതോടെ ഒരു ചിമ്പാൻസി സങ്കേതം എന്ന ലക്ഷ്യത്തിലേക്ക് ഞങ്ങൾ ചുവടു വെച്ചു”, അമരശേഖരൻ പറയുന്നു.

ഇന്ന് ദമ്പതികൾ സ്ഥാപിച്ച താകുഗാമ ചിമ്പാൻസി സങ്കേതം നൂറോളം പാശ്ചാത്യ ചിമ്പാൻസികളുടെ ആവാസ കേന്ദ്രമാണ്. തലസ്ഥാനമായ ഫ്രീടൗണിന്റെ പ്രാന്തപ്രദേശത്തുള്ള വൃത്തിയുള്ള മനോഹരമായ മഴക്കാടുകളുടെ ഒരു ഭാഗത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇവിടെയുള്ള കുരങ്ങു വർഗ്ഗങ്ങൾ കൂടുതലും ജീവിക്കുന്നത് സിയറ ലിയോൺ, ഗിനിയ, ലൈബീരിയ എന്നിവിടങ്ങളിലെ വനങ്ങളിലാണ്. ഐവറി കോസ്റ്റ്, ഘാന, ഗിനി-ബിസ്സൗ, മാലി, സെനഗൽ എന്നിവിടങ്ങളിലും ഇവ കാണപ്പെടാറുണ്ട്. പാശ്ചാത്യ ചിമ്പാൻസികൾ മറ്റ് ചിമ്പാൻസികളിൽ നിന്നും വ്യത്യസ്തമായി ചില ഉപകരണങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് 2016 ലെ അമേരിക്കൻ ജേണൽ ഓഫ് പ്രൈമാറ്റോളജിയിലെ ഒരു പേപ്പറിൽ സൂചിപ്പിക്കുന്നു. വിത്തുകളുടെയും ഫലങ്ങളുടെയും തോടുകൾ പൊട്ടിക്കാനും, ചെറിയ ചെറിയ മുൾപടർപ്പുകൾ തകർക്കാനും അവർ കല്ലുകളും കുന്തം പോലുള്ള തടികഷ്ണങ്ങളും ഉപയോഗിക്കുന്നു.

എന്നാൽ ഈ ചിമ്പാൻസികൾ ഇപ്പോൾ വർഗ്ഗനാശ ഭീഷണിയുടെ വക്കിലാണ്. 1990 നും 2014 നും ഇടയിൽ ഇവയുടെ എണ്ണം 80% കുറഞ്ഞു. അതായത് ഏകദേശം 52,800 എണ്ണം മാത്രമായി ചുരുങ്ങിയിരിക്കുന്നു. കൂടുതലും അവർ കാടുകളിൽ തന്നെയാണ് കഴിയുന്നത്. പാശ്ചാത്യ ചിമ്പാൻസികളിൽ വെറും 17 ശതമാനം മാത്രമാണ് സംരക്ഷിത പ്രദേശങ്ങളിൽ വസിക്കുന്നത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) പറയുന്നതനുസരിച്ച് നഗരവൽക്കരണവും വികസനവും ചിമ്പാൻസികളുടെ വന ആവാസവ്യവസ്ഥയിലേക്ക് കടന്നു കയറിയതോടെ പാശ്ചാത്യ ചിമ്പാൻസികൾ വംശനാശ ഭീഷണി നേരിടുകയാണ്. 2016 -ൽ വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളുടെ റെഡ് ലിസ്റ്റിൽ ഈ ചിമ്പാൻസികളുടെ എണ്ണം ഗണ്യമായി കുറയുന്നത് ഈ ജീവിവർഗ്ഗത്തിന്റെ ഗുരുതരമായ അവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത്. 2019 ൽ, ഈ പ്രവണത മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചിമ്പാൻസിയെ ദേശീയ മൃഗമായി സിയറ ലിയോൺ പ്രഖ്യാപിച്ചത്.

അക്കൗണ്ടന്റായി 15 വർഷത്തെ തൊഴിൽ ഉപേക്ഷിച്ച് ചിമ്പാൻസികൾക്കായി ജീവിതം സമർപ്പിച്ച അമരശേഖരൻ അവയ്ക്കുവേണ്ടി നിലകൊള്ളുന്നു. മനുഷ്യരുടെ കൈകളിൽ അവർ ഒരുപാട് കഷ്ട്ടപ്പെട്ടിട്ടുണ്ടന്ന് പറയുന്ന അമരശേഖരൻ അവയെ വംശനാശത്തിലേക്ക് തള്ളിവിടാതെ ചേർത്ത പിടിക്കുകയാണ്. ചിമ്പാൻസികൾ എല്ലാ ദിവസവും അവരെ പരിപാലിക്കുന്ന ആളുകളുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. സങ്കേതത്തിലെ ചിമ്പാൻസികളിൽ ആറ് മാസം പ്രായമുള്ള അനാഥനായ സീലിയ എന്ന കുട്ടി ചിമ്പാൻസിയും ഉണ്ട്. സ്ഥലങ്ങൾ വൃത്തിയാക്കാൻ ആളുകൾ തീയിട്ടപ്പോൾ പൊള്ളലേറ്റ സീലിയയെ വേട്ടക്കാരുടെ കയ്യിൽ നിന്ന് രക്ഷപെടുത്തി അമരശേഖരൻ തന്നോടൊപ്പം കൂട്ടുകയായിരുന്നു.

സങ്കേതത്തിലെ ചിമ്പാൻസികളെ പരിപാലിക്കുന്ന ജോലിക്കാരിയാണ് കമാര. മാമാ എന്നും കമാരയെ വിളിക്കുന്നു.
“എന്റെ കുഞ്ഞു ചിമ്പുകൾക്കൊപ്പമാണ് ജോലി എന്നതിനാൽ ഓരോ ദിവസവും ഞാൻ വളരെ സന്തോഷത്തോടെയാണ് ഉറക്കമുണരുന്നത്. ജോലിയോടും എന്റെ കുഞ്ഞുങ്ങളോടും എനിക്ക് സ്നേഹം കുടൂകയാണ്” കമാര പറയുന്നു.

രക്ഷിച്ചെടുത്ത മിക്ക ചിമ്പാൻസികളും പോഷകാഹാരക്കുറവുള്ളവരും ഉപേക്ഷിക്കപ്പെട്ടവരുമാണ്. തങ്ങളുടെ കൂട്ടത്തിൽ നിന്നും വേർപിരിഞ്ഞതോടെ അവർക്ക് വലിയ ആഘാതമേറ്റു . അവർക്ക് സന്തോഷം നൽകി പരിചരിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുകയാണ് താകുഗാമ സങ്കേതത്തിൽ. ചിമ്പാൻസികൾ പ്രായമാകുമ്പോൾ അവരെ മറ്റുള്ള ചിമ്പാൻസികൾക്കൊപ്പം ഒരുമിപ്പിച്ച് അവർക്ക് ഒരു വലിയ വീടും കുടുംബവും നൽകുന്നു. വിനോദസഞ്ചാരികളും കുട്ടികളുൾപ്പെടെയുള്ള തദ്ദേശവാസികളും പൊതുവെ ചിമ്പാൻസികളെ കുറിച്ച് പഠിക്കാൻ താകുഗാമ സങ്കേതത്തിൽ സമയം ചിലവഴിക്കാറുണ്ട്. പാശ്ചാത്യ ചിമ്പാൻസികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടത് അനിവാര്യമാണെന്നും സിയറ ലിയോണിലുടനീളമുള്ള സമൂഹങ്ങളുമായി ഈ സങ്കേതം പ്രവർത്തിക്കുന്നുണ്ടെന്നും അമരശേഖരൻ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close