NEWSWORLD

സ്ത്രീകൾക്ക് പകരം പുരുഷന്മാർ ജോലിചെയ്താൽ മതി; സ്ത്രീ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട് താലിബാൻ

കാബൂൾ: സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ജോലിക്കു പോകുന്നതിനെ വിലക്കി അഫ്ഗാനിസ്ഥാനിൽ താലിബാൻ സൈന്യം. അഫ്ഗാനിസ്ഥാനിലെ വിവിധ ബാങ്കുകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ഇനി മുതൽ ജോലിക്ക് എത്തേണ്ടതില്ലെന്നാണ് പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ മാസം കാണ്ഡഹാറിലെ ബാങ്കിൽ ജോലി ചെയ്തിരുന്ന ഒൻപത് വനിതാ ജീവനക്കാരെ ആയുധധാരികളായ താലിബാൻകാർ അവരുടെ വീടുകളിൽ തിരിച്ചെത്തിച്ച് ഇനി ജോലിക്ക് പോകരുതെന്നും പകരം പുരുഷന്മാരെ ജോലിക്കായി അയക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്ന് ജോലി നഷ്ടമായ മൂന്ന് സ്ത്രീകളും ബാങ്ക് മാനേജരുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹെറാത്തിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. പൊതുസ്ഥലത്ത് മുഖം മറച്ചില്ലെന്ന പേരിലായിരുന്നു ഇവിടുത്തെ സ്ത്രീകളെ തിരിച്ചയച്ചത്. താലിബാന്റെ ഈ പ്രവണതകളെ തുടർന്ന് പല സ്ഥലങ്ങളിലും സ്ത്രീകളെ ജോലികളിൽ നിന്നും പറഞ്ഞയച്ചിരുന്നു. പൊതു സ്ഥലങ്ങളിൽ മുഖം മറക്കാതെ നടക്കുന്നതിനെ തുടർന്നാണ് താലിബാന്റെ ഈ ക്രൂര പ്രവർത്തി.

സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കാത്തത് വളരെ വിചിത്രമായ കാര്യമാണെന്നും അതാണിപ്പോൾ ഇവിടെ നടക്കുന്നതെന്നും ബാങ്ക് ജീവനക്കാരിയായ നൂർ ഖത്തേര റോയിട്ടേഴ്‌സിനോട് പറഞ്ഞു. താലിബാന്റെ അധീനതയിലുള്ള അഫ്ഗാനിസ്ഥാനിൽ ഇത്തരത്തിൽ നിരവധി നിയമങ്ങളാണ് നിലനിന്നിരുന്നത്.

എന്നാൽ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ സ്ത്രീകൾക്ക് മേലെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ഇസ്ലാമിക നിയമപ്രകാരം ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നും താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.

അഫ്ഗാൻ കീഴടക്കാനുള്ള താലിബാന്റെ ശ്രമങ്ങൾക്കിടെ മാധ്യമരംഗത്തും, ആരോഗ്യരംഗത്തും, നിയമനിർവ്വഹണ രംഗത്തും പ്രവർത്തിക്കുന്ന നിരവധി പേർക്കാണ് ജീവൻ നഷ്ടപെട്ടത്. സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കുന്ന പ്രവർത്തികളാണ് താലിബാന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് അഫ്ഗാൻ സർക്കാരിന്റെ വക്താവ് പറഞ്ഞു. താലിബാൻ അഫ്ഗാനിസ്ഥാൻ പൂർണ്ണമായി പിടിച്ചെടുത്താൽ പഠിക്കാനും ജോലി ചെയ്യാനുമുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്ക് നഷ്ടമാകുമെന്നും ആശങ്കയുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close