INDIANEWSTrending

അമൃത്‌സറും മുംബൈയും കഴിഞ്ഞാൽ വലിയ ലഹരിവിപണി കൊച്ചി; ഒരിക്കൽ ഉപയോഗിച്ചാൽ ആജീവനാന്ത അടിമയാക്കുന്ന ‘മെത്ത്ട്രാക്‌സ്’മായി അഫ്​ഗാനിൽ നിന്ന് താലിബാൻ; ആശങ്കയുടെ മുൾമുനയിൽ രാജ്യം

അഫ്ഗാനിസ്ഥാനിൽ താലിബാൻ ആധിപത്യം സ്ഥാപിച്ചതോടെ ലോക രാജ്യങ്ങളിൽ പലരും ആശങ്കയിലാണ്. മയക്കുമരുന്നുകൾ യഥേഷ്ടം കയറ്റിയയ്ക്കുന്നതാണ് ഏറ്റവും വലിയ ഭീഷണി.

മയക്കുമരുന്നുകളും രാസലഹരികളും വൻതോതിൽ ഇന്ത്യയിലേക്കും കടത്തുമെന്ന് ആശങ്കയുണ്ട്. ഇന്ത്യയാണ് അവരുടെ ഏറ്റവും വലിയ വിപണി. ഇതിനെതിരെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഉൾപ്പെടെ ജാഗ്രതയിലാണ്.അഫ്ഗാൻ ലാബുകളിൽ ശുദ്ധീകരിച്ചെടുക്കുന്ന ഹെറോയിനും ഉന്മാദ ലഹരിയായ ‘മെത്ത്ട്രാക്‌സും’ കേരളത്തിൽ സുലഭമാണ്. അഫ്ഗാൻ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് ശതകോടികളുടെ മയക്കുമരുന്നാണ് കടത്തുന്നത്. രണ്ടുവർഷത്തിനിടെ 1000 കോടിയുടെ മയക്കുമരുന്നാണ് എക്‌സൈസ് പിടികൂടിയത്.

ഒരിക്കൽ ഉപയോഗിച്ചാൽ ആജീവനാന്ത അടിമയാക്കുന്ന ‘മെത്ത്ട്രാക്‌സ്’ ആണ് അഫ്ഗാനിൽ നിന്നെത്തുന്നതിൽ ഏറ്റവും അപകടകരം. കിലോയ്ക്ക് ഒരുകോടിയാണ് വില. 5 മില്ലിഗ്രാം ഉപയോഗിച്ചാൽ മണിക്കൂറുകളോളം ഉന്മാദം. ലോകം മുഴുവൻ നിരോധിച്ചതായതിനാൽ ഡിമാന്റേറെയാണ്.

എൽ.എസ്.ഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ലൈസർജിക് ആസിഡ് ഡൈ ഈഥൈൻ അമൈഡ് എന്ന ഗന്ധമില്ലാത്ത മയക്കുമരുന്നിന്റെ പ്രധാന ഉത്പാദകരാണ് അഫ്ഗാൻ ലാബുകൾ. നിശാപാർട്ടികൾക്കും ഐ.ടി, സിനിമ മേഖലകളിലും ക്വട്ടേഷൻകാർക്കുമായി അഫ്ഗാനിൽ നിന്ന് ഓപിയവും ഹെറോയിനുമെത്തുന്നു. അതിർത്തികടന്നുള്ള കള്ളക്കടത്തിനു പുറമെ കൊറിയറിൽ എത്തിക്കുന്ന അന്താരാഷ്ട്ര ഏജൻസികളുമുണ്ട്.

അമൃത്‌സറും മുംബയും കഴിഞ്ഞാൽ വലിയ ലഹരിവിപണി കൊച്ചി. തിരുവനന്തപുരത്ത് പ്രതിമാസം വിൽക്കുന്നത് 100 കോടിയുടെ ലഹരിമരുന്നാണ്. ലോകത്തെ വലിയ കറുപ്പ് (ഓപിയം) ഉത്പാദനം അഫ്ഗാനിലാണ്. താലിബാൻ നിയന്ത്രിത മേഖലകളിലാണ് കൃഷിയേറെയും. ഓപിയം ഹെറോയിനാക്കി മാറ്റുന്ന ലാബുകൾ നിരവധി. ലഹരിമരുന്ന് വ്യാപാരത്തിലൂടെ 30,000 കോടിയാണ് താലിബാന്റെ വാർഷികവരുമാനമെന്ന് ഐക്യരാഷ്ട്രസഭ റിപ്പോർട്ട്.

ഓപിയം നിർമ്മാണത്തിനുള്ള പോപ്പി കൃഷിക്കും സംസ്‌കരിച്ചെടുക്കുന്ന ലാബുകൾക്കും രാജ്യത്തിനു പുറത്തേക്കെത്തിക്കുന്ന കള്ളക്കടത്തുകാർക്കുമെല്ലാം താലിബാന്റെ സുരക്ഷയുണ്ട്. ഇതിന് കൃഷിക്കാരും കച്ചവടക്കാരും 10ശതമാനം നികുതി നൽകണം. ഇന്ത്യയിലേക്ക് കടൽ, കര മാർഗങ്ങളിലൂടെ ലഹരി കടത്തുണ്ട്. ഗൾഫിലെത്തിച്ച് വ്യോമമാർഗവും കടത്തുന്നു. താലിബാന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമുണ്ട്.

അതേസമയം അഫ്ഗാനിസ്ഥാനിൽ താലിബാൻ ആധിപത്യം സ്ഥാപിച്ചതോടെ കാബൂളിൽ കുടുങ്ങിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 41 മലയാളികളെ സുരക്ഷിതരായി നാട്ടിൽ എത്തിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഇതുസംബന്ധിച്ച് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, വിദേശകാര്യ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയ്ക്ക് കത്തയച്ചു.

അതേസമയം, അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസഡർ രുദ്രേന്ദ ടാണ്ഠൻ അടക്കം 130 ഇന്ത്യക്കാരെ അമേരിക്കൻ സഹായത്തോടെ രക്ഷപ്പെടുത്തി ഇന്നലെ ഡൽഹിയിൽ എത്തിച്ചു. കാബൂളിലെ അതിസുരക്ഷയുള്ള ഗ്രീൻ സോണിലെ ഇന്ത്യൻ എംബസിയിൽ നിന്ന് രുദ്രേന്ദ ടാണ്ഠനെയും ജീവനക്കാരെയും ഇന്നലെ പുലർച്ചെയാണ് വിമാനത്താവളത്തിൽ എത്തിച്ചത്. 15 ഇടങ്ങളിൽ താലിബാൻ പരിശോധന ഉണ്ടായിരുന്നു.

കാബൂളിലെ വിവിധ കമ്പനികളിൽ ജോലി ചെയ്തവരും കുടുംബാംഗങ്ങളുമാണ് കുടുങ്ങിയ മലയാളികൾ. താലിബാൻ തങ്ങളുടെ വിവരങ്ങൾ ശേഖരിച്ചതായും പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ പിടിച്ചെടുത്തതായും നോർക്കയിലേക്ക് വിളിച്ചവർ അറിയിച്ചു. തലശേരി സ്വദേശി ദീദിൽ രാജീവൻ എന്നയാളാണ് ആദ്യം നോർക്കയുമായി ബന്ധപ്പെട്ടത്. രാജീവന്റെ ഫോൺ നമ്പരും ഇ മെയിൽ വിലാസവും സഹിതമാണ് സർക്കാർ കേന്ദ്രത്തിന് കത്തയച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close