INDIANEWSTrending

സർക്കാർ ബസിലും മിന്നൽ പരിശോധന നടത്തി സ്റ്റാലിൻ; മുഖ്യമന്ത്രി തന്നെ പങ്കുവെച്ച വീഡിയോ വൈറൽ ആകുന്നു

ചെന്നൈ: സർക്കാർ ബസിൽ മിന്നൽ പരിശോധന നടത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ബസിലെ സ്ത്രീ യാത്രക്കാരോട് വിശദമായി സംസാരിച്ച ശേഷമാണ് അദ്ദേഹം ബസ്സില്‍ നിന്നും ഇറങ്ങിയത്. മുഖ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം ബസ് ജീവനക്കാരിലും യാത്രക്കാരിലും ഒരേസമയം കൗതുകവും അമ്പരപ്പുമാണ് ഉണ്ടാക്കിയത്.

ചെന്നൈ ത്യാഗരായനഗറിൽ നിന്ന് കണ്ണകി നഗറിലേക്ക് സർവീസ് നടത്തുന്ന എം19ബി എന്ന സർക്കാർ ടൗൺ ബസിലാണ് അദ്ദേഹം മിന്നൽ സന്ദർശനം നടത്തിയത്. സർക്കാർ അധികാരമേറ്റ ശേഷം ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചിരുന്നു. അതേ കുറിച്ചും അദ്ദേഹം യാത്രക്കാരായ സ്ത്രീകളോട് ചോദിച്ചറിഞ്ഞു.

വലിയ ആവേശത്തോടെയാണ് സ്ത്രീകൾ മുഖ്യമന്ത്രിയെ വരവേറ്റത്. ബസിനുള്ളിൽ ഒപ്പം നിന്ന് സെൽഫി എടുക്കാനും അവർ മൽസരിച്ചു. ബസിൽ നിന്നും ഇറങ്ങിയ ശേഷം അദ്ദേഹം ഔദ്യോഗിക വാഹനത്തിൽ മടങ്ങി. സർക്കാർ സ്ഥാപനങ്ങളിലും പോലീസ് സ്റ്റേഷനിലും പലതവണ സ്റ്റാലിൻ മിന്നൽ സന്ദർശനം നടത്തിയിരുന്നു. കൊവിഡ് വാക്സിന്‍ വിതരണവും മുഖ്യമന്ത്രി സ്റ്റാലിന്‍ പരിശോധിച്ചു. ഇതിന്‍റെ വീഡിയോ സ്റ്റാലിന്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. വലിയ പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

എം കെ സ്റ്റാലിൻ എന്ന് അറിയപ്പെടുന്ന മുത്തുവേൽ കരുണാനിധി സ്റ്റാലിൻ പ്രമുഖ ദ്രാവിഡ നേതാവാണ്. അഞ്ചു തവണ തമിഴ് നാടിന്റെ മുഖ്യമന്ത്രിയായിരുന്ന കലൈഞ്ജർ കരുണാനിധിയുടെയും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ധയാലു അമ്മാളിന്റെയും മൂന്നാമത്തെ മകനായി തമിഴ് നാട്ടിലെ ചെന്നൈയിൽ 1953-നാണ് സ്റ്റാലിന്റെ ജനനം. കരുണാനിധിയുടെ പ്രത്യക്ഷമായ പിന്തുടർച്ചക്കാരനായി സ്റ്റാലിൻ അറിയപ്പെടുന്നു.

2021 മെയ് 7 നാണ് എം.കെ സ്റ്റാലിന്റെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സർക്കാർ, 234 സീറ്റിൽ 159 സീറ്റിന്റെ ഭൂരിപക്ഷവുമായി അധികാരത്തിലേറിയത്. അധികാരമേറ്റ ഉടനെ തന്നെ, സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാർ എടുത്ത ചില തീരുമാനങ്ങൾ വ്യാപകമായ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിൽ ഏറ്റവും പ്രധാനം ധനകാര്യ മന്ത്രിയായി, എൻ.ഐ.ടി ട്രിച്ചിയിൽ നിന്ന് എൻജിനിയറിങ് ബിരുദവും അമേരിക്കയിലെ എം.ഐ.ടിയിൽനിന്ന് ധനകാര്യത്തിൽ എം. ബി.എയും ന്യൂയോർക്കിലെ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയിൽനിന്ന് ഉന്നത ബിരുദവും കരസ്ഥമാക്കിയ 55 കാരനായ പളനിവേൽ ത്യാഗരാജനെ നിയമിച്ച നടപടിയായിരുന്നു. ഒരു ധനകാര്യ വിദഗ്ധൻ ധനകാര്യമന്ത്രിയാകുന്നത് തമിഴ്‌നാട്ടിൽ നടാടെയായിരുന്നു.

തൊട്ടുപിറകെ എടുത്ത മറ്റൊരു തീരുമാനവും പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ആഗോള പ്രശസ്തരായ സാമ്പത്തിക വിദഗ്ധരെ ഉൾപ്പെടുത്തി സാമ്പത്തിക ഉപദേശക സമിതി രൂപീകരികരിക്കാനുള്ള തീരുമാനമായിരുന്നു അത്. നോബൽ സമ്മാന ജേതാവായ എസ്തർ ഡെഫ്‌ലോ, മുൻ ആർ.ബി.ഐ ഗവർണർ രഘുറാം രാജൻ, കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം, ആഗോള പ്രശസ്ത സാമ്പത്തിക വിദഗ്ധൻ ജീൻ ഡ്രീസ്, മുൻ കേന്ദ്ര ധനകാര്യ സെക്രട്ടറി എസ്. നാരായണൻ എന്നിവർ മുഖ്യമന്ത്രി സ്റ്റാലിന്റെസാമ്പത്തിക ഉപദേശക സമിതിയിൽ അംഗങ്ങളായിരുന്നു. സമ്പദ്ഘടനയെ വളർച്ചാപാതയിലേക്ക് നയിക്കുക, സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക എന്നീ ചുമതലകൾ നിർവഹിക്കാൻ സർക്കാരിനെ സഹായിക്കുക ആഗോള പ്രശസ്തർ അടങ്ങിയ ഈ സാമ്പത്തിക ഉപദേശക സമിതിയായിരിക്കും.

തമിഴ്‌നാട് സർക്കാർ അധികാരമേറ്റപ്പോൾ നേരിട്ട ഏറ്റവും വലിയ ഭീഷണി കോവിഡ് എന്ന മഹാമാരിയുടെ തീവ്രവ്യാപനമായിരുന്നു. കോവിഡിന്റെ രണ്ടാംതരംഗം അതിന്റെ പാരമ്യത്തിൽ എത്തിനിന്ന അവസരത്തിലാണ് പുതിയ സർക്കാർ അധികാരമേറ്റത്. 2021 മെയ് 7ന് സംസ്ഥാനത്ത് 26,465 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മെയ് 20 ഓടെ, കേസുകളുടെ എണ്ണം കുത്തനെ ഉയർന്ന് 36,184 ആയിത്തീർന്നു. സ്റ്റാലിൻ സർക്കാർ, കോവിഡ് നിയന്ത്രിക്കാൻ എടുത്ത ചടുലമായ നടപടികളുടെ ഭാഗമായി, 100 ദിവസം കൊണ്ട് തമിഴ്‌നാട്ടിലെ കോവിഡ് കേസുകളുടെ എണ്ണം, വെറും 1896 ആയി കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഇക്കാലത്ത് കുത്തനെ കുറഞ്ഞ് 2 ശതമാനമായിത്തീർന്നു. തെക്കേ ഇന്ത്യയിൽ കോവിഡ് കാട്ടുതീ പോലെ പടർന്ന സംസ്ഥാനമായിരുന്നു തമിഴ്‌നാട്. അവിടെ കോവിഡിന്റെ വ്യാപനം പരിപൂർണ്ണമായി നിയന്ത്രിക്കാനായി എന്നത് സ്റ്റാലിൻ സർക്കാറിന്റെ സുവർണ നേട്ടമായി കണക്കാക്കാം. ഇതു കൂടാതെ തമിഴ്‌നാട്ടിൽ കോവിഡ് രോഗത്തിനെതിരായ വാക്‌സിനേഷൻ പരിപൂർണ്ണമായി സൗജന്യവും, ഒപ്പം കോവിഡ് ചികിത്സയും സമ്പൂർണ്ണമായും സൗജന്യവുമാണ്.

മറുഭാഗത്ത് കോവിഡ്കാല ദുരിതമകറ്റാൻ സ്റ്റാലിൻ സർക്കാർ 2 കോടിയിലധികം വരുന്ന റേഷൻ കാർഡ് ഉടമക്ക് 4000 രൂപ വീതം നൽകുകയും ഒപ്പം റേഷൻ കാർഡ് ഉടമക്ക് 14 ഇനം അവശ്യസാധനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഇതോടൊപ്പം സ്റ്റാലിൻ സർക്കാർ ചെയ്ത മറ്റൊരു നടപടിയും എടുത്തുപറയാതെ വയ്യ. കോവിഡ് കാലത്ത് പൊതുജനാരോഗ്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഡോക്ടർമാർക്ക് 30,000 രൂപ വീതം അധികം നൽകി എന്നതാണത്. ഒപ്പം നഴ്‌സുമാർക്ക് 24,000 രൂപയും. മറ്റ് ആരോഗ്യപ്രവർത്തകർക്ക് 15,000 രൂപ വീതവും നൽകി. മാധ്യമപ്രവർത്തകരെ മുന്നണിപ്പോരാളികളുടെ പട്ടികയിൽ പെടുത്തി. മാത്രമല്ല, മരണപ്പെടുന്ന മാധ്യമപ്രവർത്തകരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായവും സർക്കാർ പ്രഖ്യാപിച്ചു.

കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ ഉപദേശങ്ങൾ നൽകുന്നതിനായി മുഖ്യമന്ത്രി സ്റ്റാലിൻ രൂപീകരിച്ച 13 അംഗ സമിതിയിൽ മുഖ്യമന്ത്രി സ്റ്റാലിൻ ഒഴിച്ചാൽ തമിഴ്‌നാട് നിയമസഭയിൽ പ്രാതിനിധ്യമുള്ള എല്ലാ പാർട്ടികൾക്കും പ്രധാന പാർട്ടികളുടെ ചിഹ്നങ്ങൾ കടം വാങ്ങി മത്സരിച്ച പാർട്ടികൾക്കും പ്രാതിനിധ്യം ഉണ്ടായിരുന്നു. ഈ 13 അംഗ സമിതിയിൽ മുൻ എ.ഡി.എം.കെ സർക്കാരിലെ ആരോഗ്യമന്ത്രിയായിരുന്ന ഡി. വിജയഭാസ്‌കർ കൂടാതെ കോൺഗ്രസ്, പി.എം.കെ, ബി.ജെ.പി, എം.ഡി. എം.കെ, വി.സി.കെ, സി.പി.ഐ ഉൾപ്പെടെയുള്ള പാർട്ടികൾക്കും പ്രാതിനിധ്യം ഉണ്ടായിരുന്നു.

വിപ്ലവകരമായ തീരുമാനങ്ങൾ ഇനിയുമുണ്ട്. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയാണ് അതിൽ പ്രധാനം. പെട്രോളിന്റെ വില ലിറ്ററിന് 3 രൂപ കുറച്ചതും ശ്രദ്ധേയ തീരുമാനമാണ്. 1160 കോടി രൂപയുടെ നഷ്ടമാണ് പെട്രോൾ വില കുറച്ചതിലൂടെ സർക്കാറിനുണ്ടായതെന്നോർക്കണം. അംഗപരിമിതർക്കും ട്രാൻസ്‌ജെന്ററുകൾക്കും വൈറ്റ് ബോർഡ് ബസ്സുകളിൽ സൗജന്യയാത്ര, ബ്രാഹ്മണേതര പൂജാരികളുടെ നിയമനം, അമ്പലങ്ങളിൽ സംസ്‌കൃതത്തോടൊപ്പം തമിഴിലും പ്രാർത്ഥന, പ്രൊഫഷണൽ കോഴ്‌സുകളിൽ സർക്കാർ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് 7.5 ശതമാനം റിസർവേഷൻ, സ്‌കൂൾ പുസ്തകങ്ങളിൽനിന്ന് പ്രശസ്തരായവരുടെ പേരുകൾക്ക് ഒപ്പം ചേർത്ത ജാതിവാൽ ഒഴിവാക്കൽ എന്നീ തീരുമാനങ്ങളും സ്റ്റാലിൻ സർക്കാർ എടുത്ത വിപ്ലവകരമായ തീരുമാനങ്ങളാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close