INDIAINSIGHTNEWS

ക്ലാസ്സ്മുറികൾ അടച്ചപ്പോൾ ഭിത്തികൾ ബോർഡുകളായി, തെരുവുകൾ ക്ലാസ്സ്മുറിയായി ; അലഞ്ഞു നടന്ന കുട്ടികളെ വിദ്യാഭ്യാസത്തിലേക്ക് തിരികെ കൊണ്ടുവന്ന അദ്ധ്യാപകൻ

പശ്ചിമ ബംഗാളിലെ വെസ്റ്റ് ബർധമൻ ജില്ലയിലെ ജോബ അത്പറ ആദിവാസി ഗ്രാമത്തിലെ ഭിത്തികൾ നിറയെ ബ്ലാക്ക്‌ ബോർഡുകൾ കാണാം. മഹമാരി മൂലം സ്കൂളുകൾ അടച്ചതിനെ തുടർന്ന് ഓൺലൈൻ വിദ്യാഭ്യാസത്തിന് വേണ്ട ഉപകരണങ്ങൾ ഇല്ലാത്ത ഗ്രാമത്തിലെ വിദ്യാർഥികൾക്കായി തെരുവ് ക്ലാസ്സ്മുറിയാക്കിയിരിക്കുകയാണ് ഒരദ്ധ്യാപകൻ. 34 വയസുള്ള ദീപ് നാരായൻ നായക് ആണ് ഇത്തരത്തിലുള്ള പ്രവർത്തനം കഴിഞ്ഞ ഒരു വർഷമായി ചെയ്തുകൊണ്ടിരിക്കുന്നത്.

മാർച്ച് 2020ൽ കോവിഡ് മൂലം രാജ്യം ഒന്നാകെ ലോക്ക് ഡൗണിൽ പ്രവേശിച്ചപ്പോൾ ഗ്രാമത്തിലെ ഏക വിദ്യാലയവും അടച്ചുപൂട്ടി. എന്നാൽ ദീപിന് തന്റെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം നഷ്ടപെടുത്താൻ തോന്നിയില്ല. അങ്ങനെയാണ് ഈയൊരു രീതി പരീക്ഷിക്കുന്നത്.

ഇപ്പോൾ ‘റാസ്തർ മാസ്റ്റർ'(teacher of the streets) എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. നഴ്സറി പാഠങ്ങൾ മുതൽ കോവിഡിൽ ഉപയോഗിക്കേണ്ട മാസ്ക് മുതൽ സാനിറ്റൈസർ വരെയുള്ള കാര്യങ്ങളുടെ പ്രാധാന്യം വരെ അറുപതോളം വിദ്യാർത്ഥികൾക്ക് ഇദ്ദേഹം പറഞ്ഞുകൊടുക്കുന്നു. ഓൺലൈൻ ക്ലാസിന് ആവശ്യമായ ഉപകരണങ്ങൾ ഒന്നുമില്ലാതിരുന്ന കുട്ടികളെ അവയൊക്കെ ഉപയോഗിക്കാൻ ഈ ക്ലാസ്സുകൾ പഠിപ്പിച്ചു.

ദിവസ വേതന ജോലി ചെയ്യുന്നവരുടെ മക്കളാണ് ഇവിടെ പഠിക്കുന്നത്. ക്ലാസുകൾ നഷ്ടപ്പെട്ട് വിദ്യാഭ്യാസത്തിൽ നിന്ന് ഇവർ അകന്നുപോകാനുള്ള സാധ്യത കൂടുതലാണ്. കന്നുകാലികളെ മേയ്ച്ചും അലഞ്ഞും നടന്ന കുട്ടികൾ അങ്ങനെ പോകുന്നത് കണ്ടപ്പോഴാണ് ഇത്തരമൊരു ആശയത്തിൽ എത്തിയതെന്ന് അദ്ധ്യാപകൻ പറയുന്നു. ഇപ്പോൾ ആ ഗ്രാമത്തിലെ ജനങ്ങൾക്ക് ദീപ് ഒരു പ്രതീക്ഷയാണ്.

ഈയടുത്ത് നടന്ന School Children’s Online and Offline learning (SCHOOL) എന്ന സർവേയിൽ ഗ്രാമീണ ഇന്ത്യയിലെ വിദ്യാർത്ഥികളുടെ അവസ്ഥ വെളിപ്പെടുത്തുന്നു. ലോക്ക്ഡൗണിനെ തുടർന്ന് ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ വിദ്യാഭ്യാസത്തിനുണ്ടായ ആഘാതം മനസിലാക്കാനാണ് ഈ സർവേ നടത്തിയത്. ഇതിൽ ഗ്രാമീണ മേഖല നേരിടുന്ന ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പ്രശ്നങ്ങൾ പറയുന്നു.

*ഇന്റർനെറ്റ് ഉപയോഗിക്കുന്നത് 8 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ്.
*36 ശതമാനം വിദ്യാർത്ഥികൾക്ക് സ്മാർട് ഫോൺ ഇല്ല
*6 ശതമാനം വിദ്യാർത്ഥികൾക്ക് ഡാറ്റ പാക്ക് റീചാർജ് ചെയ്യാൻ സാധിക്കില്ല
*പഠിക്കുന്നവരിൽ 10 ശതമാനത്തോളം കുട്ടികൾക്ക് കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നില്ല
*48 ശതമാനത്തോളം കുട്ടികൾക്ക് കൃത്യമായി വായിക്കാൻ അറിയില്ല

സാങ്കേതിക എല്ലായിടത്തും എത്താത്തത് ഈ കാലത്ത് ഇന്ത്യയൊട്ടാകെ വിദ്യാർത്ഥികളെ ബാധിച്ചിരുന്നു. ഉള്ളവർക്ക് പലപ്പോഴും നെറ്റ്‌വർക്ക് കമ്പനികൾ ഈടാക്കുന്ന അമിത വിലയും പ്രശ്നത്തിന് ഇടയാക്കുന്നു. വീണ്ടും സ്കൂളുകൾ പൂർണമായി തുറക്കുന്ന കാലം കാത്തിരിക്കുകയാണ് ഈ വിദ്യാർത്ഥികൾ. അത് നീണ്ടുപോയാൽ അവരുടെ ഭാവിയെയും അത് ബാധിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close