Breaking NewsINDIANEWSTop News

മെഗാ ടെക്സ്റ്റൈൽസ് പാർക്കിൽ 4000 തൊഴിലവസരങ്ങൾ; തെലങ്കാനയിൽ കിടിലൻ പദ്ധതി പ്രഖ്യാപിച്ച് കിറ്റക്സ്; തെലങ്കാന സർക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു

ഹൈദരാബാദ്: രണ്ട് വൻ പദ്ധതികൾക്ക് കിറ്റക്സ് ഗ്രൂപ്പ് തെലങ്കാന സർക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു. നിക്ഷേപത്തിന് സബ്സിഡി ഉൾപ്പെടെയാണ് കിറ്റക്സ് ഗ്രൂപ്പിന് തെലങ്കാന സർക്കാർ വാ​ഗ്ദാനം നൽകിയിരിക്കുന്നത്. വാറങ്കൽ മെഗാ ടെക്സ്റ്റൈൽസ് പാർക്ക്, ഹൈദരാബാദിലെ ഇൻഡസ്ട്രിയൽ പാർക്ക് എന്നിവിടങ്ങളിലെ നിക്ഷേപ കരാറാണ് ഒപ്പിട്ടത്. മെഗാ ടെക്സ്റ്റൈൽസ് പാർക്കിൽ 4000 തൊഴിലവസരങ്ങളാണ് കിറ്റക്സിന്റെ വാഗ്ദാനം. എം ഒ യു ഒപ്പിടുന്നതിനു മുൻപ് തെലങ്കാന വ്യവസായ മന്ത്രി എം ടി രാമറാവുമായി സാബു എം ജേക്കബ് കൂടിക്കാഴ്ച നടത്തിയിരുന്നു. കിറ്റെക്സ് എം ഡി സാബു എം ജേക്കബ് നേതൃത്വത്തിൽ ഹൈദരാബാദിൽ എത്തി ആദ്യഘട്ട ചർച്ചകൾ പൂർത്തിയാക്കിയിരുന്നു. ഇതിനുശേഷമാണ് തെലങ്കാന വ്യവസായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്ജനും സാബു എം ജേക്കബും ധാരണാപത്രത്തിൽ ഒപ്പിട്ടത്.

തെലങ്കാന സർക്കാർ പദ്ധതികൾക്ക് പൂർണ പിന്തുണ നൽകുമെന്ന് എം ടി രാമറാവു ഉറപ്പുനൽകിയിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ പദ്ധതി ആരംഭിക്കുമെന്ന് സാബു എം ജേക്കബ് വ്യക്തമാക്കി. ഒരു മാസത്തിനുള്ളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ തുടര്‍ച്ചയായ പരിശോധനയെ തുടര്‍ന്നാണ് കിറ്റെക്‌സ് കേരളത്തില്‍ നടത്താനിരുന്ന 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നു പിന്‍വാങ്ങിയത്. തുടര്‍ന്നു തെലങ്കാന ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും കിറ്റെക്‌സിനെ നിക്ഷേപത്തിനായി ക്ഷണിക്കുകയായിരുന്നു. പ്രത്യേക വിമാനമയച്ചാണ് തെലങ്കാന സര്‍ക്കാര്‍ കിറ്റെക്‌സിനെ ക്ഷണിച്ചത്. തെലങ്കാനയെ കൂടാതെ ഇന്ത്യയിലെ 9 സംസ്ഥാനങ്ങളും ശ്രീലങ്ക, യുഎഇ, ബഹ്‌റൈന്‍, മൗറേഷ്യസ്, ബംഗ്ലദേശ് എന്നീ രാജ്യങ്ങളും കിറ്റെക്‌സിനെ നിക്ഷേപത്തിനായി ക്ഷണിച്ചിട്ടുണ്ട്.

തെലങ്കാനയിൽ 4000 തൊഴിലവസരങ്ങൾ നൽകുന്ന പദ്ധതി പ്രഖ്യാപിച്ചു എന്ന വാർത്തകൾ പുറത്തുവരുമ്പോൾ, യഥാർത്ഥത്തിൽ കേരളത്തിന് നഷ്ടമായ 4000 തൊഴിലവസരങ്ങളാണ് അവയെന്നതാണ് വാസ്തവം, സംസ്ഥാന സർക്കാരിന്റെ പ്രതികാര നടപടികളിൽ പ്രതിഷേധിച്ചാണ് കിറ്റെക്സ് ​ഗ്രൂപ്പ് കേരളത്തിന് വെളിയിലേക്ക് തങ്ങളുടെ വ്യവസായം മാറ്റിയത്. കിറ്റക്സ് കമ്പനിയിലെ തുടർച്ചയായ ഉദ്യോഗസ്ഥ പരിശോധനയിൽ പ്രതിഷേധിച്ചായിരുന്നു കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന പദ്ധതി തെലങ്കാനയിലേക്ക് മാറ്റിയത്.

അതിനിടെ, കിറ്റെക്സിനെ കുടുക്കാൻ ഇസ്ലാമിക് സ്റ്റേറ്റിന്റെ പേരിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് അയച്ച ഭീഷണി കത്തിന്റെ വിവരങ്ങൾ പുറത്ത് വന്നിരുന്നു. കത്തയച്ചവൻ കുടുങ്ങുമെന്നാണ് റിപ്പോർട്ട്. കൈപ്പടയിൽ എഴുതി തയ്യാറാക്കിയ കത്താണ് എംഎൽഎക്ക് ലഭിച്ചത്. കൈപ്പട നോക്കി പ്രതിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. വെങ്ങോലയിലെ ഐ എസ് അം​ഗമാണെന്ന് പരിചയപ്പെടുത്തിയാണ് എൽദോസ് കുന്നപ്പിള്ളിക്ക് ഭീഷണിക്കത്ത് എത്തിയത്. കിറ്റെക്സിനെതിരെ പ്രവർത്തിച്ചാൽ ബോംബെറിഞ്ഞ് കൊല്ലുമെനന്നാണ് ഭീഷണി. വെങ്ങോല ചേലക്കുളത്തുള്ള ഒരു വിലാസം കത്തിൽ വച്ചിട്ടുണ്ട്. എന്നാൽ ഇത് കൃത്യമായ വിലാസമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല.

കത്തിൽ പി.ടി. തോമസ് എംഎൽഎ, ബെന്നി ബഹന്നാൻ, ഉമ്മൻചാണ്ടി തുടങ്ങിയവർക്കെതിരെ രൂക്ഷമായ അസഭ്യവാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്. കിഴക്കമ്പലം പഞ്ചായത്ത് ട്വന്റി ട്വന്റി ആണ് ഭരിക്കുന്നത്. കിഴക്കമ്പലത്തെ കോൺഗ്രസുകാരുടെ കയ്യിലിരിപ്പുകൊണ്ടാണ് അങ്ങനെ വന്നത്. പി.ടി. തോമസ് കാളപെറ്റെന്നു പറഞ്ഞാൽ കയറെടുക്കുന്ന ആളാണ്. തോമസ് വിചാരിച്ചാൽ ട്വന്റി ട്വന്റിയെ ഒന്നും ചെയ്യാനാവില്ലെന്നും കത്തിൽ അവകാശപ്പെടുന്നു. യുഡിഎഫിലെ 41 എംഎൽഎമാർക്കും കത്തയച്ചിട്ടുണ്ടെന്നും ശേഷം അടുത്ത കത്തിൽ എന്നു പറഞ്ഞാണ് അവസാനിപ്പിച്ചിരിക്കുന്നത്. കത്ത് സമൂഹമാധ്യമത്തിൽ ഇടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് ലഭിച്ച എംഎൽഎ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകിയിട്ടുണ്ട്.

അതേസമയം, കിറ്റെക്സിനെതിരായ നീക്കത്തിന്റെ ഭാ​ഗമാണ് ഈ ഭീഷണിക്കത്ത് എന്ന നിലയിലാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന ചർച്ച. കിറ്റെക്സ് കമ്പനിയിൽ വിവിധ വകുപ്പുകൾ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങളെന്ന ആരോപണമുയർത്തി കഴിഞ്ഞ ദിവസം എൽദോസ് കുന്നപ്പള്ളി അടക്കമുള്ള എംഎൽഎമാർ രം​ഗത്തെത്തിയിരുന്നു. എൽദോസ് കുന്നപ്പള്ളി, പി.ടി.തോമസ്, പി.വി.ശ്രീനിജൻ, എന്നിവരാണ് കിറ്റെക്സിനെതിരെ രൂക്ഷവിമർശനവുമായി രം​ഗത്തെത്തിയത്.. എറണാകുളം ജില്ലാ കലക്ടർ ജാഫർ മാലിക് നൽകുന്ന വിശദമായ റിപ്പോർട്ടിനുശേഷം തുടർനടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയനോട് ശുപാർശ ചെയ്യുമെന്നും എംഎൽഎമാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വന്ന ഭീഷണിക്കത്തിന്റെ വിശ്വാസ്യതയാണ് ഒരു വിഭാ​ഗം ചോദ്യം ചെയ്യുന്നത്.

നിയമസഭാ തെര‍ഞ്ഞെടുപ്പിൽ സാബു ജേക്കബിന്റെ ട്വന്റി 20 എന്ന പാർട്ടി എറണാകുളം ജില്ലയിൽ എൽഡിഎഫിനും യുഡിഎഫിനും ഉയർത്തിയത് വലിയ വെല്ലുവിളി ആയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ കിറ്റെക്സ് സ്ഥാപനങ്ങളിൽ പരിശോധന തുടങ്ങിയത്. ഇതിന് പിന്നാലെ, സംസ്ഥാന സർക്കാരുമായി ചേർന്ന് ആരംഭിക്കാനിരുന്ന 3500 കോടി രൂപയുടെ പദ്ധതികളിൽ നിന്നും പിന്മാറുകയായിരുന്നു സാബു ജേക്കബ്. തുടർന്ന് രാജ്യത്തെ ഒമ്പതോളം സംസ്ഥാനങ്ങൾ കിറ്റെക്സിനെ ക്ഷണിച്ചു. ഇതിന് ശേഷം തെലങ്കാനയിൽ നിക്ഷേപം നടത്താൻ കിറ്റെക്സ് തീരുമാനിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close