
കൊച്ചി: പട്ടികവർഗ വിഭാഗത്തിന്റെ ഉന്നമനത്തിനായും അവരുടെ വിദ്യാഭ്യാസമുൾപ്പെടെയുള്ള ക്ഷേമപ്രവർത്തനങ്ങൾക്ക് വേണ്ടിയും സർക്കാർ കോടികളാണ് ചിലവഴിക്കുന്നത്. എന്നാൽ ഇത്തരത്തിൽ പ്രവർത്തങ്ങൾ നടന്നു വരുമ്പോഴും സ്കൂളുകളിൽ ഉണ്ടാകുന്നത് കുട്ടികൾക്കിടയിലെ വൻ കൊഴിഞ്ഞുപോക്ക് തന്നെയാണ്. 2010 മുതൽ 2020 വരെയുള്ള പത്തുവർഷത്തിനിടെ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ചത് 18,508 പട്ടികവർഗ വിദ്യാർഥികളാണ്. ആദിവാസി ജനത ഏറെയുള്ള വയനാട്ടിലാണ് കൂടുതൽ പേർ പഠനം ഉപേക്ഷിച്ചതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 11,312 പേരാണ് ഇവിടെ പാതിവഴിയിൽ പഠനം നിർത്തിയത്. ആലപ്പുഴ ജില്ലയിൽ പത്തുവർഷത്തിനിടെ 42 പേരേയുള്ളൂ.
ഏറ്റവുമധികം വിദ്യാർഥികൾ കൊഴിഞ്ഞുപോയത് 9, 10 ക്ലാസുകളിൽനിന്നാണെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പഠനത്തിൽ വ്യക്തമാകുന്നത്. 2011-12 കാലയളവിലാണ് ഏറ്റവുമധികം ആദിവാസി വിദ്യാർഥികൾ പഠനം നിർത്തിയത് -2918 പേർ. ഏറ്റവും കുറവ് 2019-20 വർഷത്തിലും – 861. തൊട്ടുമുമ്പത്തെ വർഷം ഇത് 919 ആയിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് ലഭിച്ച മറുപടിയിലാണ് ഈ കണക്കുകളുള്ളത്. കൊഴിഞ്ഞുപോക്കിന് പ്രധാന കാരണം പഠനത്തോടുള്ള വിമുഖതയും അലസതയുമാണ്. ശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങളിൽ താൽപര്യമില്ലായ്മ, സീസണൽ ജോലിക്കുപോയി വരുമാനം നേടുന്നതും പിന്നീട് ഇത് തുടരുന്നതും, പെൺകുട്ടികളെ സ്കൂൾ കാലത്തുതന്നെ വിവാഹം കഴിപ്പിക്കുന്നത്, രക്ഷിതാക്കളുടെ താൽപര്യക്കുറവ്, സമുദായത്തിനിടയിൽ ഉന്നതിയിലെത്തിയവരുടെ അഭാവം, ലഹരി ഉപയോഗവും അമിത മദ്യപാനവും, സ്കൂളിലെ സാഹചര്യങ്ങളോടും രീതിയോടും പൊരുത്തപ്പെടാനാകാത്തത് തുടങ്ങിയവയാണ് സർവേയിൽ കണ്ടെത്തിയ കാരണങ്ങൾ.