AUTOMOTIVENEWS

ഇനി വളയം പിടിക്കാതെ വണ്ടി ഓടിക്കാം; പുത്തൻ വിപ്ലവുമായി ടെസ്‍ല

വാഹനങ്ങളുടെ പ്രധാന ഭാഗങ്ങളിലൊന്നായ സ്റ്റീയറിംഗ് വീലുകൾ ഇല്ലാത്ത പുത്തൻ വൈദ്യുതി കാർ കൊണ്ടുവാരാനൊരുങ്ങുകയാണ് അമേരിക്കൻ ഇലക്ട്രിക്ക് വാഹന രാജാക്കന്മാരായ ടെസ്‍ല. ഹിന്ദുസ്ഥാൻ ടൈംസ് ഓട്ടോ ഈ വിവരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 25,000 ഡോളർ അഥവാ ഏകദേശം 18 ലക്ഷം രൂപ വിലവെരുന്ന കാർ 2023ൽ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടെസ്‌ലയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ എലോൺ മസ്‍ക് ആണ് ഇക്കാര്യം സൂചിപ്പിച്ചത്. ചൈനയിലെ ഷാങ്ഹായി ഗിഗാഫാക്ടറിയിലാവും വാഹനത്തിന്റെ നിർമ്മാണമെന്നും ഹാച്ച്ബാക്ക് വിഭാഗത്തിലാണ് കാർ ലഭ്യമാകുക എന്നും എലോൺ മസ്‌ക് അറിയിച്ചു.

കാലിഫോർണിയയിലെ പാലോ ആൾട്ടോ ആസ്ഥാനമായുള്ള അമേരിക്കൻ ഓട്ടോമോട്ടീവ്, എനർജി,വാഹന നിർമ്മാണ കമ്പനിയായ ടെസ്‌ല ഇന്ത്യയിലും പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുകയാണ്. ടെസ്‌ല റോഡ്സ്റ്റർ എന്ന പൂർണമായും വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യത്തെ സ്പോർട്സ് കാർ നിർമിച്ചതോടെയാണ് കമ്പനി ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. പിന്നീട് മോഡൽ എസ്സ് എന്ന പേരിൽ ഒരു കൂടുതൽ സൗകര്യങ്ങൾ ഉള്ള ഒരു സെഡാനും, പിന്നാലെ ക്രോസ്സോവർ വാഹനമായ മോഡൽ എക്സും വിപണിയിലെത്തിച്ചു. 2015 -ൽ ലോകത്തിലെ ഏറ്റവും വിൽപ്പന നേടിയ വൈദ്യുതി കാർ മോഡൽ എസ്സ് ആയിരുന്നു. ഡിസംബർ 2015 -ലെ കണക്ക് പ്രകാരം ഒരു ലക്ഷം മോഡൽ എസ്സ് കാറുകളാണ് വിറ്റഴിച്ചത്. നിസ്സാൻ ലീഫിന് പിന്നിൽ ഏറ്റവും വിൽപ്പന നേടുന്ന രണ്ടാമത്തെ കാറുമായി മോഡൽ എസ്സ്.

വീടുകളിലും സ്ഥാപനങ്ങളിലുമായി വേഗത്തിൽ ബാറ്ററി ചാർജുചെയ്യാനുള്ള ഉപകരണങ്ങളും ടെസ്‌ല നിർമ്മിക്കുന്നുണ്ട്. ഡെസ്റ്റിനേഷൻ ചാർജിങ്ങ് പരിപാടി എന്ന പേരിൽ അറിയപ്പെടുന്ന പദ്ധതി പ്രകാരം കടകൾ, റെസ്‌റ്റോറന്റുകൾ എന്നിവിടങ്ങളിൽ വേഗത്തിൽ ചാർജ് ചെയ്യാനുള്ള സംവിധാനവും കമ്പനി കൊണ്ടു വന്നിട്ടുണ്ട്. ഇടത്തരം ഉപഭോക്താക്കൾക്ക് സഹായമാകുന്ന രീതിയിൽ വാഹനങ്ങൾ വിപണിയിൽ എത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് സി.ഇ.ഓ ഇലോൺ മസ്ക് അഭിപ്രായപ്പെട്ടിട്ടുണ്ട്. 2017-ൽ സ്വയം നിയന്ത്രിത (ഓട്ടോപൈലറ്റ്) സാംവിധാനത്തിൽ പ്രവർത്തിക്കുന്ന കാർ പുറത്തിറക്കി. സെമി ഓട്ടോണമസ് ഡ്രൈവർ അസിസ്റ്റ്റ്റിലാണ് പ്രവർത്തിക്കുന്നത്. പാത കേന്ദ്രീകരണം, അഡാപ്റ്റീവ് ക്രൂയിസ് നിയന്ത്രണം, സ്വയം പാർക്കിംഗ്, പാതകൾ സ്വപ്രേരിതമായി മാറ്റാനുള്ള കഴിവ്, ഗാരേജിലേക്കോ പാർക്കിംഗ് സ്ഥലങ്ങളിലേക്കോ കാറിനെ വിളിക്കാനുള്ള കഴിവ് എന്നിവയുള്ള ഒരു നൂതന സവിശേഷതകളാണ് ടെസ്‌ല ഓട്ടോപൈലറ്റിലുള്ളത്.

നിലവിൽ ടെസ്​ലയുടെ മോഡൽ 3, ​​മോഡൽ വൈ വാഹനങ്ങൾ ഇതിനകം ഇന്ത്യൻ റോഡുകളിൽ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ടെസ്‌ലയുടെ നാലു മോഡലുകൾക്ക് കൂടി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ അനുമതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. മോഡൽ 3, ​​മോഡൽ വൈ എന്നിവയുടെ രണ്ട് വേരിയൻറുകളായിരിക്കും ആദ്യം രാജ്യത്തെത്തുക എന്നാണ്​ റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ കമ്പനി ഔദ്യോഗികമായി ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല. രണ്ട് മോഡലുകളും ടെസ്‌ലയിൽ നിന്നുള്ള എൻട്രി ലെവൽ വാഹനങ്ങളാണ്. മോഡൽ എസ്, മോഡൽ എക്​സ്​ പോലുള്ള ഉയർന്ന മോഡലുകൾ പിന്നീടാകും ഇന്ത്യയിലെത്തുക.

എന്നാൽ നികുതി ഒരു വിഷയമായിതീരാനാണ് സാധ്യത. ഇറക്കുമതി ചെയ്ത ഇലക്ട്രിക് വാഹനങ്ങൾക്ക് ബാധകമായ ഉയർന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ടെസ്ല നേരത്തെ സർക്കാരിന് കത്തെഴുതിയിരുന്നു. എഫ്ഡിഐ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നത് ടെസ്ലയുടെ വാഹനങ്ങൾ ഇന്ത്യയിൽ വിൽക്കാൻ തുടങ്ങുന്ന മറ്റൊരു വെല്ലുവിളിയാണ്. ഇന്ത്യയിലെ നികുതിക്കെതിരെ എലോൺ മസ്‌ക് തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. 40,000 ഡോളറിന് മുകളിൽ (ഏകദേശം 30 ലക്ഷം രൂപ) വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇ.വി) 100 ശതമാനം ഇറക്കുമതി തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്. 40,000 ഡോളറിന് താഴെയുള്ളവയ്ക്ക് 60 ശതമാനവും. നികുതി താത്കാലികമായെങ്കിലും കുറയ്ക്കണമെന്ന് കേന്ദ്രത്തോട് ടെസ്ല ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിനെതിരെ ടാറ്റ ഉൾപ്പെടെയുള്ള കമ്പനികൾ അടുത്തിടെ രംഗത്തെത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close