INDIANEWS

നൂറിന്റെ നിറവിന് പിന്നാലെ പുരസ്‌കാര മധുരവും: ‘തകയ് സാൽ തമിഴർ’ പുരസ്‌കാരം സ്വന്തമാക്കി സഖാവ്‌ എൻ ശങ്കരയ്യ

ചെന്നൈ: ശതാബ്ദി നിറവിന് പിന്നാലെ പുരസ്‌കാര മധുരവുമായി തമിഴ്‌നാടിന്റെ വീരസഘാവ് എൻ ശങ്കരയ്യ. തമിഴ്നാട് സർക്കാർ പുതിയതായി പ്രഖ്യാപിച്ച” തകയ് സാൽ തമിഴർ” എന്ന പുരസ്‌കാരം നൂറ്‌ വയസിന്റെ നിറവിൽ നിൽക്കുന്ന സ്വാതന്ത്ര്യ സമര സേനാനിയും സിപിഐ എം നേതാവുമായ സഖാവ് എൻ.ശങ്കരയ്യക്ക് സമ്മാനിക്കും. ‘ഏറെ അർഹനായ തമിഴൻ’ എന്നാണ്‌ തകയ് സാൽ തമിഴർ എന്ന വാക്കിന്റെ അർത്ഥം

സ്വാതന്ത്ര്യ ദിന ചടങ്ങുകൾ നടക്കുമ്പോൾ അവാർഡ് സമ്മാനിക്കും. 10 ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാരം താൻ സസന്തോഷം സ്വീകരിക്കുന്നു എന്നും തുക തമിഴ്നാട് മുഖ്യമന്ത്രിയുടെ കൊറോണ നിവാരണ ഫണ്ടിലേക്ക് നൽകുമെന്നും ശങ്കരയ്യ അറിയിച്ചു.

സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിൽ കൊരുത്ത് വിപ്ലവ ചെങ്കൊടിയുടെ തണലിലേക്കെത്തിയതാണു ശങ്കരയ്യയുടെ ജീവിതം.1941ൽ മധുര അമേരിക്കൻ കോളജിലെ തീപ്പൊരി നേതാവായാണു തുടക്കം.സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനു ബ്രിട്ടീഷ് സൈന്യം പിടികൂടി ജയിലിലടച്ചു.എട്ടുവർഷത്തിനു ശേഷം രാജ്യം സ്വതന്ത്രമാകുന്നതിനു തൊട്ടുതലേന്നാണു പിന്നീട് ജയിലിനു പുറത്തിറങ്ങിയത്.

1964 ലെ കൊൽക്കത്ത സി.പി.ഐ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ ഒരാളായിരുന്നു‍.1967, 1977, 1980 തിരഞ്ഞെടുപ്പുകളിൽ സിപിഎം അംഗമായി തമിഴ്നാട് നിയമസഭയിലെത്തിയ അദ്ദേഹം ഏറെക്കാലം പാർട്ടി സംസ്ഥാന സെക്രട്ടറിയുമായിരുന്നു. അൽപ കാലം മുൻപു വരെ പാർട്ടി യോഗങ്ങളിലും തിരഞ്ഞെടുപ്പു പ്രചാരണങ്ങളിലും സജീവമായിരുന്നു. ആദർശത്തിലും നിലപാടിലും അണുകിട വ്യതിചലിക്കാത്ത സഖാവിന്റെ പ്രസംഗങ്ങൾ വാളുപോലെ മൂർച്ചയുള്ളതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close