ഇസ്ലാമാബാദ്: ഇരുപത് വർഷത്തെ പോരാട്ടത്തിന് ശേഷം അഫ്ഗാനിസ്ഥാനിൽ അവശേഷിക്കുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ മാത്രമാണ് അമേരിക്ക തന്റെ രാജ്യത്തെ ഉപയോഗപ്രദമായി കാണുന്നതെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആരോപിച്ചു.
വിമതരും അഫ്ഗാൻ സർക്കാരും തമ്മിലുള്ള ചർച്ചകൾ നിലച്ചതും അഫ്ഗാനിസ്ഥാനിലെ അക്രമങ്ങൾ കുത്തനെ വർദ്ധിച്ചതും താലിബാനു മേൽ സ്വാധീനം ചെലുത്താൻ കഴിയാത്ത സാഹചര്യത്തിൽ ഒരു സമാധാന ഉടമ്പടിക്ക് മധ്യസ്ഥത വഹിക്കാൻ അമേരിക്ക പാകിസ്താനിൽ സമ്മർദ്ദം ചെലുത്തുന്നു.
20 വർഷമായി ഒരു സൈനിക പരിഹാരം കണ്ടെത്താൻ ശ്രമിച്ച ശേഷം ഉപേക്ഷിക്കപ്പെട്ട ഈ കുഴപ്പം എങ്ങനെയെങ്കിലും പരിഹരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അമേരിക്ക പാകിസ്ഥാനെ ഉപയോഗിക്കാൻ ശ്രമിക്കുകയാണന്നും ഇസ്ലാമാബാദിലെ തന്റെ വീട്ടിൽ വെച്ച് ഇമ്രാൻ ഖാൻ വിദേശ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.
2001 ൽ താലിബാൻ ഗവൺമെന്റിനെ അട്ടിമറിച്ചതിന് ശേഷം 20 വർഷങ്ങൾക്കിപ്പുറം ആഗസ്റ്റ് 31 നകം അമേരിക്ക സൈന്യത്തെ അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവലിക്കും. എന്നാൽ, അമേരിക്ക വിട്ടുപോകുന്നതോടെ താലിബാൻ കൂടുതൽ പ്രദേശങ്ങൾ നിയന്ത്രിക്കുവാൻ ആരംഭിച്ചു. കാബൂളും പല പാശ്ചാത്യ സർക്കാരുകളും പറയുന്നത് പാകിസ്താൻ വിമത സംഘത്തിന് പിന്തുണയേകി യുദ്ധം നയിക്കാൻ അനുവദിച്ചു എന്നാണ്.
‘ഇന്ത്യ ഇപ്പോൾ തങ്ങളുടെ തന്ത്രപ്രധാന പങ്കാളിയാണെന്ന് അമേരിക്കക്കാർ തീരുമാനിച്ചതായി ഞാൻ മനസ്സിലാക്കുന്നു. അതുകൊണ്ടാണ് പാകിസ്താനോട് ഇത്തരത്തിൽ പെരുമാറാൻ വ്യത്യസ്തമായ ഒരു മാർഗ്ഗം അവർ തിരഞ്ഞെടുത്തതെന്നും’ ഇമ്രാൻ ഖാൻ ആരോപിച്ചു. നിലവിലെ സാഹചര്യങ്ങളിൽ അഫ്ഗാനിസ്ഥാനിലെ ഒരു രാഷ്ട്രീയ ഒത്തുതീർപ്പ് ബുദ്ധിമുട്ടാണെന്നു അദ്ദേഹം കൂട്ടിചേർത്തു. താലിബാൻ നേതാക്കൾ പാകിസ്താൻ സന്ദർശിച്ചപ്പോൾ അവരെ ഒത്തുതീർപ്പിലെത്തിക്കാൻ ശ്രമിച്ചിരുന്നതായും അഷ്റഫ് ഗനി ഉള്ളിടത്തോളം കാലം ഞങ്ങൾ അഫ്ഗാൻ സർക്കാരുമായി സംസാരിക്കാൻ പോകില്ല എന്ന് താലിബാൻ പറഞ്ഞുവെന്നും ഇമ്രാഖാൻ കൂട്ടിചേർത്തു.