NEWSWORLD

ബാക്ട്രിയന്‍ സുവര്‍ണ നിധി പരിശോധിക്കാന്‍ ഒരുങ്ങി താലിബാന്‍; രണ്ടായിരം വര്‍ഷം പഴക്കമുള്ള സ്വര്‍ണ നിധിയാണ്‌ താലിബാന്‍ പരിശോധിക്കുന്നത്‌


കാബൂള്‍: ബാക്ട്രിയന്‍ നിധി പരിശോധിക്കാന്‍ ശ്രമം തുടങ്ങിയതായി താലിബാന്‍ വിവര-സാംസ്‌കാരിക മന്ത്രാലയം. ബാക്ട്രിയന്‍ നിധിയെ ബാക്ട്രിയന്‍ സ്വര്‍ണം എന്നും അറിയപ്പെടുന്നുണ്ട്‌.

വടക്കന്‍ ജവ്‌സ്വാന്‍ പ്രവിശ്യയുടെ കേന്ദ്രമായ ഷെര്‍ബെര്‍ഘാന്‍ ജില്ലയുടെ ടെല ടപ മേഖലയില്‍ നാല്‌ പതിറ്റാണ്ട്‌ മുമ്പാണ്‌ ഈ സ്വര്‍ണം കണ്ടെത്തിയതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഈ സ്വര്‍ണം പരിശോധിക്കാന്‍ വകുപ്പുകളെ ചുമതലപ്പെടുത്തിയതായി അഫ്‌ഗാനിലെ ഇടക്കാല ഭരണകൂടത്തിന്റെ സാംസ്‌കാരിക കമ്മീഷന്‍ ഉപാദ്ധ്യക്ഷനായ അഹമ്മദുള്ള വാസിഖ്‌ അറിയിച്ചു. നിധിയുടെ നിജ സ്ഥിതി അറിയാനാണ്‌ ശ്രമം.

ഈ സ്വര്‍ണം അഫ്‌ഗാനിസ്ഥാന്‌ പുറത്തേക്ക്‌ പോയിട്ടുണ്ടെങ്കില്‍ അതിന്‌ ഉത്തരവാദികള്‍ മുന്‍ അഫ്‌ഗാന്‍ സര്‍ക്കാരാണെന്നും രാജ്യത്തോടുള്ള ചതിയാണ്‌ ഇതെന്നും അദ്ദേഹം പറഞ്ഞു. ഈ പുരാവസ്‌തുക്കള്‍ രാജ്യത്തിന്‌ പുറത്ത്‌ പോയിട്ടുണ്ടെങ്കില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആയിരക്കണക്കിന്‌ സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടുന്നതാണ്‌ ബാക്ട്രിയന്‍ നിധി. ലോകത്ത്‌ എല്ലായിടത്ത്‌ നിന്നുമുള്ള ആഭരണങ്ങള്‍ ഇതിലുണ്ട്‌. ഇത്‌ ആറ്‌ ശവകുടീരങ്ങളിലായാണ്‌ കണ്ടെത്തിയത്‌. ബിസി ഒന്നാം നൂറ്റാണ്ട്‌ മുതല്‍ എഡി ഒന്നാം നൂറ്റാണ്ട്‌ വരെയുള്ള ആഭരണങ്ങള്‍ ഇതിലുണ്ട്‌. ഇരുപതിനായിരത്തോളം സ്വര്‍ണാഭരണങ്ങള്‍ ഇതിലുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. സ്വര്‍ണ മോതിരങ്ങള്‍, നാണയങ്ങള്‍, കമ്മലുകള്‍, ബ്രെയ്‌സ്‌ ലെറ്റുകള്‍, നെക്‌ ലേസുകള്‍, ആയുധങ്ങള്‍, കിരീടങ്ങള്‍ തുടങ്ങിയവ ഇതിലുണ്ട്‌. സ്വര്‍ണത്തിന്‌ പുറമെ അപൂര്‍വ്വ രത്‌നങ്ങള്‍ പതിച്ച ആഭരണങ്ങളും ഇതിലുണ്ടെന്ന്‌ നാഷണല്‍ജോഗ്രഫിക്‌ മാസികയുടെ ലേഖനത്തില്‍ പറയുന്നു.

ഈ ശവകുടീരങ്ങള്‍ ആറ്‌ ധനികരായ ഏഷ്യന്‍ ഭൂഉടമകളുടേതാണെന്നാണ്‌ പണ്ഡിതരുടെ പക്ഷം. ഇതില്‍ അഞ്ച്‌ പേര്‍ സ്‌ത്രീകളും ഒരാള്‍ പുരുഷനുമാണ്‌. രണ്ടായിരം വര്‍ഷം പഴക്കമുള്ള ഈ ആഭരണങ്ങള്‍ അതീവ ആകര്‍ഷണീയങ്ങളാണ്‌. പേര്‍ഷ്യന്‍ മുതല്‍ ഗ്രീക്ക്‌ വരെയുള്ള ശൈലികള്‍ ഇവയില്‍ കാണാം. പുരാവസ്‌തു ശാസ്‌ത്രജ്ഞരെ പോലും ഇത്‌ അത്ഭുതപ്പെടുത്തിയവയാണ്‌.

ബാക്ട്രിയന്‍ നിധി മുന്‍ സര്‍ക്കാര്‍ 2021 ഫെബ്രുവരിയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ എത്തിച്ചിരുന്നു. ഇത്‌ പൊതുജനങ്ങള്‍ക്ക്‌ കാണാനും സൗകര്യമൊരുക്കിയിരുന്നു. എന്നാല്‍ മുന്‍ സര്‍ക്കാര്‍ പുറത്തായതോടെ ഈ ആഭരണങ്ങളുടെ സുരക്ഷയില്‍ ഏറെ ആശങ്ക ഉയര്‍ന്നിരുന്നു.

ബാക്ട്രിയന്‍ നിധി ദേശീയ സ്വത്താണെന്നും അത്‌ സംരക്ഷിക്കണമെന്നുമാണ്‌ കാബൂള്‍ നിവാസികളുടെ ആവശ്യം. ഇത്‌ എന്തിനാണ്‌ മാറ്റുന്നതെന്നും ചോദ്യംഉയരുന്നുണ്ട്‌. ഇത്‌ നമ്മുടെ രാജ്യത്ത്‌ തന്നെ സൂക്ഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close