KERALANEWSTrending

“ഇത്രയും നന്നായി എന്റെ കുഞ്ഞിനെ നോക്കുന്നതിന് നന്ദി”; വികാരഭരിതയായി അനുപമ; ഒരമ്മയ്ക്ക് കുഞ്ഞിനെ കിട്ടുമ്പോൾ നഷ്ടമാകുന്നത് മറ്റൊരമ്മയ്ക്ക്; കുഞ്ഞിന്റെ ഭാവി വിദ്യാഭ്യാസം വരെ മുൻകൂട്ടി നിശ്ചയിച്ചുവെച്ച ആന്ധ്രയിലെ മാതാപിതാക്കൾ ഇനി എന്തുചെയ്യും?

തിരുവനന്തപുരം: അമ്മയിൽ നിന്നും കുഞ്ഞിനെ അടർത്തിമാറ്റിയ കഥ അന്തർദേശീയ തലത്തിൽ പോലും ശ്രദ്ധ നേടിക്കഴിഞ്ഞു. ബിബിസിയിൽ പോലും വാർത്ത ഇടം നേടി. ഇന്നലെ തിരുവനന്തപുരം കുടുംബകോടതി ദത്തെടുക്കൽ നടപടി സ്റ്റേ ചെയ്തതോടെ തന്റെ കുഞ്ഞിനെ തിരികെ കിട്ടുമെന്ന വിശ്വാസത്തിലാണ് അനുപമ. എന്നാൽ ദത്തെടുത്ത് വളർത്തുന്നവരും ഒരു അമ്മ അല്ലേ. സ്വന്തം അല്ലെങ്കിൽ പോലും കുഞ്ഞിനെ ഇത്രയും കാലം വളർത്തിയ അവരെ സംബന്ധിച്ചിടത്തോളം ഇത് വലിയ വേദനയാണ് സൃഷ്ടിച്ചത്.

ആന്ധ്രയിലെ മാതാപിതാക്കൾ ദത്തെടുക്കൽ നടപടികൾ പൂർത്തിയാക്കി കുഞ്ഞിനെ തങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇരിക്കവേയാണ് കുഞ്ഞിനെ വിട്ടു കൊടുക്കണമെന്ന വിധത്തിലുള്ള സൂചനകൾ അവർക്കു ലഭിക്കുന്നത്. ആന്ധ്രയിൽ വെച്ച് അനുപമയുടെ കുഞ്ഞിനെ കണ്ട കഥ ലേഖകൻ അനൂപ് ദാസ് പറഞ്ഞതോടെ അനുപമ പൊട്ടിക്കരയുകയായിരുന്നു. ഞങ്ങളുടെ കുട്ടിയാണിതെന്നും അഞ്ച് വർഷത്തിനുശേഷം മികച്ച വിദ്യാഭ്യാസം നൽകാൻ കുഞ്ഞിനെ വിജയവാഡയിലേക്ക് കൊണ്ടുപോകുമെന്നുമാണ് അവർ തന്നോട് പറഞ്ഞതെന്നാണ് അനൂപ് പറഞ്ഞത്. തങ്ങളുടെ കുട്ടിയുടെ ഭാവി പോലും അവർ മുൻകൂട്ടി പ്ലാൻ ചെയ്ത് വെച്ചിരിക്കുകയായിരുന്നു.

എന്നാൽ ഇപ്പോഴിതാ കേരളത്തിൽ നിന്നും വരുന്ന വാർത്തകൾ കണ്ട് അവരും വിഷമത്തിലാണ്. കുഞ്ഞിനെ വിട്ടു കൊടുക്കേണ്ട അവസ്ഥ വന്നാൽ എന്തു സംഭവിക്കും എന്നറിയില്ലെന്നും ലേഖകൻ പറഞ്ഞിരുന്നു. അതേസമയം അനൂപിന്റെ വാക്കുകൾ കണ്ട് പൊട്ടിക്കരയുകയായിരുന്നു അനുപമ. കുഞ്ഞിനെ കാണാൻ ആഗ്രഹമുണ്ട്, ഇത്രയും നന്നായി എന്റെ കുഞ്ഞിനെ നോക്കുന്നതിന് നന്ദിയെന്ന് അനുപമ പൊട്ടിക്കരഞ്ഞു കൊണ്ട് അനുപമ പറഞ്ഞു. എന്നാൽ ഒരമ്മയ്ക്ക് കുഞ്ഞിനെ കിട്ടുമ്പോൾ നഷ്ടമാകുന്നത് മറ്റൊരമ്മയ്ക്കാണ്

എന്നാൽ തനിക്ക് കുഞ്ഞിനെ നഷ്ടമാകാൻ ഇടയാക്കിയ പിതാവും പേരൂർക്കട സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ എസ് ജയചന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് അനുപമ ആവശ്യപ്പെട്ടു. പാർട്ടിയുടെ പേര് പറഞ്ഞ് ഇക്കാര്യങ്ങളെല്ലാം ചെയ്തത് ശരിയായില്ല. നേരത്തെ ഷിജുഖാനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടതും ഇതേ കാരണത്താലാണെന്നും അനുപമ പറഞ്ഞു.

അച്ഛൻ ഇപ്പോഴും പാർട്ടി ഭാരവാഹിത്വം വഹിക്കുന്നുണ്ട്. കാര്യങ്ങൾ ഇത്രത്തോളമായിട്ടും അച്ഛനോട് പാർട്ടി ഇപ്പോഴും വിശദീകരണം ചോദിക്കാത്തതിലും നടപടി സ്വീകരിക്കാത്തതിലും അതൃപ്തിയുണ്ട്. വിഷയത്തിൽ തനിക്ക് പിന്തുണ നൽകേണ്ട സമയത്ത് പാർട്ടി അതുതന്നിട്ടില്ല. ഇപ്പോൾ നൽകിയ വാക്കാലുള്ള പിന്തുണ ചെയ്തുകാണിച്ചാൽ വിശ്വസമാകുമെന്നും അനുപമ പറഞ്ഞു.

അതേസമയം, ഒരുവശത്ത് പാർട്ടി പിന്തുണ നൽകുമ്പോൾ മറ്റൊരു വശത്ത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ചില പാർട്ടി പ്രവർത്തകർ തന്നെയാണ് സൈബർ ആക്രമണം നടത്തുന്നതെന്നും അനുപമ കുറ്റപ്പെടുത്തി. ഇത്തരം പ്രചാരണങ്ങളിൽ സങ്കടമുണ്ട്. പാർട്ടിയുടെ പേജിൽനിന്നുതന്നെ സൈബർ ആക്രമണം വരുമ്പോൾ അതിന് തടയിടാൻ നേതൃത്വത്തിന് സാധിക്കില്ലേയെന്നും അനുപമ ചോദിച്ചു.

അച്ഛൻ തന്നെ സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഒരിക്കലും പറയില്ല. എന്നാൽ തന്റെ ജീവനെ തന്നെ അപായപ്പെടുന്ന തരത്തിലേക്ക് അതുപോയി. സ്വന്തം കുഞ്ഞിനെ വേണമെന്ന് പറയുമ്പോൾ കുട്ടിയെ പിടിച്ചുമാറ്റിയിട്ടല്ല മകളെ സംരക്ഷിക്കേണ്ടത്. കുഞ്ഞിനെ മാറ്റുന്ന സന്ദർഭത്തിൽ താൻ ആത്മഹത്യയ്ക്ക് പോലും ശ്രമിച്ചിട്ടുണ്ട്. ഇക്കാര്യം അച്ഛനറിയാം. ശിശുക്ഷേമ സമിതിയിൽ കൊണ്ടുപോയി ഉപേക്ഷിക്കുന്നതല്ല മാറ്റിനിർത്തൽ. സുരക്ഷിതമായി മാറ്റിനിർത്തിയിരുന്നുവെങ്കിൽ ഇപ്പോഴും മാതാപിതാക്കളെ ഇഷ്ടപ്പെടുമായിരുന്നുവെന്നും അവർ പറഞ്ഞു.

ചേച്ചിയുടെ കല്യാണം വരെ മാറ്റിനിർത്തുകയാണെന്നും അതിനുശേഷം കുഞ്ഞിനെ തിരിച്ചുതരുമെന്നും പറഞ്ഞാണ് കുഞ്ഞിനെ കൊണ്ടുപോയത്. താത്കാലിക സംരക്ഷണം എന്നപേരിൽ കൊണ്ടുപോയി കുഞ്ഞിനെ ഉപേക്ഷിച്ചു. ഇക്കാര്യമാണ് തന്റെ പരാതിയിലുമുള്ളത്. പരാതി നൽകുമ്പോഴെങ്കിലും കുഞ്ഞിനെ നൽകിയത് അമ്മത്തൊട്ടിലിലാണെന്ന് മാതാപിതാക്കൾക്ക് തന്നോട് പറയാമായിരുന്നുവെന്നും അനുപമ പറഞ്ഞു. മാതൃഭൂമി റിപ്പോർട്ടറാണ് ആന്ധ്രയിൽ പോയി അനുപമയുടെ കുഞ്ഞിനെ കണ്ടത്. ഈ കഥ ചാനലിന്റെ ചർച്ചയിൽ പറഞ്ഞപ്പോഴാണ് അനുപമ വികാരഭരിതയായത്.

ഏപ്രിൽ 19 നാണ് കുഞ്ഞിനെ അച്ഛനും അമ്മയും എടുത്തുകൊണ്ടുപോയെന്ന് കാണിച്ച് അനുപമ പേരൂർക്കട പോലീസിൽ പരാതി നൽകിയത്. പക്ഷേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ പോലീസ് തയ്യാറായില്ല. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ, സഹോദരി, സഹോദരി ഭർത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കൾ എന്നിവർക്കെതിരെയാണ് ഇപ്പോൾ കേസെടുത്തത്.

അനുപമയുടെ സമ്മതത്തോടെ കുട്ടിയെ ശിശുക്ഷേമ സമിതിയിൽ ഏൽപിച്ചുവെന്നാണ് അനുപമയുടെ അച്ഛൻ പറഞ്ഞത്. കഴിഞ്ഞ ഒക്ടോബർ 19ന് ആണ് അനുപമ ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവിച്ച് മൂന്നാം ദിവസം രക്ഷിതാക്കൾ കൊണ്ടുപോയ കുഞ്ഞ് എവിടെയാണെന്ന് അനുപമയെ ആരും അറിയിച്ചില്ല.

സഹോദരിയുടെ വിവാഹം കഴിഞ്ഞ് കുട്ടിയെ തിരിച്ചേൽപിക്കാം എന്ന് പറഞ്ഞ് അച്ഛനും അമ്മയും കൊണ്ടുപോവുകായായിരുന്നുവെന്നാണ് അനുപമയുടെ പറയുന്നത്. എന്നാൽ സഹോദരിയുടെ വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും കുട്ടിയെ കിട്ടില്ലെന്നായപ്പോൾ അനുപമ വീടുവിട്ടിറങ്ങി. കുട്ടിയുടെ അച്ഛനായ അജിത്തിനൊപ്പം താമസം തുടങ്ങി. മതിയായ രേഖകൾ വീട്ടിൽ നിന്നും നൽകാത്തതിനെ തുടർന്ന് ഇവർക്ക് നിയമപരമായി വിവാഹം ചെയ്യാൻ സാധിച്ചിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close