KERALANEWSTop News

ലോകത്തിന് കേരളം സമ്മാനിച്ച പ്രതിഭാശാലിയായ ഭൗതിക ശാസ്ത്രജ്ഞനായിരുന്നു പ്രൊഫ. താണു പത്മനാഭന്‍; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത ഭൗതിക ശാസ്ത്ര ഗവേഷകൻ പ്രൊഫ. താണു പത്മനാഭന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. പ്രശസ്ത ഭൗതിക ശാസ്ത്ര ഗവേഷകൻ പ്രൊഫ. താണു പത്മനാഭൻ ഹൃദയാഘാതത്തെ തുടർന്ന് പുണെയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു..

പ്രൊഫ. താണു പത്മനാഭന്റെ വിയോഗം അത്യന്തം ദു:ഖകരമാണ്. ലോകത്തിന് കേരളം സമ്മാനിച്ച പ്രതിഭാശാലിയായ ഭൗതിക ശാസ്ത്രജ്ഞനായിരുന്നു പ്രൊഫ. താണു പത്മനാഭൻ. ശാസ്ത്രമേഖലകൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച്‌ സംസ്ഥാനം നൽകുന്ന ഏറ്റവും വലിയ അംഗീകാരമായ കേരള ശാസ്ത്ര പുരസ്കാരം അദ്ദേഹത്തിനു സമ്മാനിച്ചിരുന്നു. ഭട്നഗർ പുരസ്കാരമുൾപ്പെടെ അനവധി ബഹുമതികൾ നേടിയ താണു പത്മനാഭന്റെ വിയോഗം നമ്മുടെ ശാസ്ത്രരംഗത്തെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്. ശാസ്ത്ര ഗവേഷണങ്ങൾക്കായി സ്വയമർപ്പിച്ച ഈ അതുല്യ പ്രതിഭാശാലിയുടെ ജീവിതം ശാസ്ത്രവിദ്യാർഥികൾക്ക് എക്കാലവും പ്രചോദനമായിരിക്കും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

പത്മശ്രീ, ഭട്നാഗർ പുരസ്കാരം എന്നിവ നേടിയ മലയാളി സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനാണ്‌ താണു പദ്മനാഭൻ. സൈദ്ധാന്തിക ഭൗതികശാസ്ത്ര മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടത്തിന് സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ കേരള ശാസ്ത്രപ്രതിഭാ പുരസ്‌കാരത്തിന് അർഹനായിരുന്നു.

1957 ൽ തിരുവനന്തപുരത്താണ് പ്രൊഫ. താണു പത്മനാഭൻ ജനിച്ചത്. തിരുവനന്തപുരം യൂണിവേഴിസിറ്റി കോളജിൽനിന്നും സ്വർണമെഡലോടെ ബിഎസ്സി, എംഎസ്സി ബിരുദങ്ങൾ നേടി. മുംബൈയിലെ ഡിഐഎഫ്ആറിൽനിന്ന് പിഎച്ച്ഡി കരസ്ഥമാക്കി. പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകർഷണം,. ക്വാണ്ടം ഗുരുത്വം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന വിഷയങ്ങൾ. ആദ്യത്തെ ഗവേഷണ പേപ്പർ ഇരുപതാം വയസ്സിൽ ബിഎസ്സിക്ക് പഠിക്കുമ്പോൾത്തന്നെ പ്രസിദ്ധീകരിച്ചു. സാമാന്യ ആപേക്ഷികതയായിരുന്നു വിഷയം.

സ്വിറ്റ്‌സർലൻഡിലെ പ്രസിദ്ധ കണികാ ഭൗതിക ഗവേഷണ കേന്ദ്രമായ സേൺ, ന്യൂ കാസിൽ സർവകലാശാല, ലണ്ടനിലെ ഇംപീരിയൽ കോളേജ്, കാൾടെക്, പ്രിൻസ്ടൺ, കേംബ്രിഡ്ജ് സർവകലാശാലകളിൽ വിസിറ്റിങ് പ്രൊഫസറായിരുന്നു.

പൂനെയിലെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ആസ്‌ട്രോണമി ആന്റ് ആസ്‌ട്രോഫിസിക്‌സിലെ അക്കാദമി വിഭാഗം ഡീനായി വിരമിച്ച അദ്ദേഹം ഇപ്പോൾ അവിടെ തന്നെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. വാസന്തി പദ്മനാഭനാണ് അദ്ദേഹത്തിന്റെ സഹധർമിണി. അവരുമായി ചേർന്ന് അദ്ദേഹം ‘ദി ടൗൺ ഓഫ് സയൻസ്’ എന്നൊരു പുസ്തകം രചിച്ചിട്ടുണ്ട്. ഹംസ പദ്മനാഭൻ ആണ് മകൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close