INDIANEWSTop News

ലഖിംപൂരിൽ മരിച്ച കർഷകന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്ന് ആവശ്യം; വെടിയേറ്റില്ലെന്ന രീതിയിൽ റിപ്പോർട്ടിൽ മാറ്റം വരുത്താൻ ശ്രമം നടക്കുന്നെന്ന് ആരോപണം

ഉത്തർപ്രദേശ്: ലഖിംപൂർ ഖേരിയിൽ മരിച്ച കർഷകന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്ന് ആവശ്യം. വെടിയേറ്റെന്ന് ആരോപണമുയർന്ന കർഷകന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം. വെടിയേറ്റില്ലെന്ന രീതിയിൽ റിപ്പോർട്ടിൽ മാറ്റം വരുത്താൻ ശ്രമം നടക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു.

ഇതിനിടയിൽ കർഷക പ്രതിഷേധത്തിനിടയിൽ വാഹനമിടിച്ച് കയറി 4 കർഷകരും ഒരു മാധ്യമ പ്രവർത്തകനുമടക്കം ഒമ്പത് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് 45 ലക്ഷം ധനസഹായവും കുടുംബത്തിലെ ഒരാൾ ജോലിയും നൽകുമെന്ന് പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ കുടുംബത്തിന് പത്തു ലക്ഷവും പ്രഖ്യാപിച്ചിട്ടുണ്ട്.

ലഖിംപുർ ഖേരിയിൽ നടന്ന സംഘർഷത്തിൽ നാലു കർഷകരും ഒരു പ്രാദേശിക മാധ്യമപ്രവർത്തകനും ഉൾപ്പെടെ ഒമ്പത് പേരാണ് മരിച്ചത്. പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിശ് കുമാർ മിശ്ര വാഹനം ഓടിച്ച് കയറ്റിയെന്നാണ് കർഷകസംഘടനകളുടെ ആരോപണം.

ലഖിംപൂർ ഖേരിയിലേക്ക് തിരിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് പ്രിയങ്ക കാൽനടയായി മുന്നോട്ടുനീങ്ങുകയായിരുന്നു. നൂറ് കണക്കിന് പ്രവർത്തകരും പ്രിയങ്കയ്ക്കൊപ്പം നടന്നു. പിന്നീട് വാഹനത്തിൽ പോകാൻ പ്രിയങ്കയ്ക്ക് പൊലീസ് അനുവാദം നൽകി. എന്നാൽ, ലഖിംപൂർ ഖേരിയിൽ എത്തും മുൻപ് പ്രിയങ്കയെ പൊലീസ് തടഞ്ഞ് സീതാപൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. കാൽനട യാത്രക്കൊടുവിൽ ലഖിംപൂർ ഖേരിയിലെത്തിയ പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതിനിടെ, ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ദൃശ്യം പങ്കുവെച്ചിരിക്കുന്നത്.

“നരേന്ദ്ര മോദി ജി , നിങ്ങളുടെ സര്‍ക്കാര്‍ കഴിഞ്ഞ 28 മണിക്കൂറായി ഓര്‍ഡറോ എഫ്‌ഐആറോ ഇല്ലാതെ എന്നെ കസ്റ്റഡിയിലാക്കിയിരിക്കുകയാണ്. കര്‍ഷകര്‍ക്ക് നേരെ വാഹനം ഓടിച്ചു കയറ്റിയയാളെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്തുകൊണ്ടാണിത്?”- പ്രധാനമന്ത്രിയെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ പ്രിയങ്ക ഇപ്രകാരം കുറിച്ചു.

പോലീസ് ഇതുവരെയും തന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല എന്നാണ് പ്രിയങ്കഗാന്ധി പുറത്തുവിട്ട ട്വീറ്റിൽ വ്യക്തമാക്കുന്നത്. അതെ സമയം പ്രിയങ്കയെ പിന്തുണച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. കരുതൽ തടങ്കലിൽ വച്ചിരിക്കുന്നത് യഥാർത്ഥ കോൺഗ്രസുകാരിയെ ആണെന്നാണ് ഏറ്റവും ഒടുവിലായി രാഹുൽഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്.

കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. എന്നാൽ എന്താണ് നടന്നതെന്ന് മനസ്സിലാക്കാതെയുള്ള പ്രചാരണം അനുവദിക്കാൻ കഴിയില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. മകനെ വധിക്കാനുള്ള ഗൂഡാലോചനയാണ് നടന്നതെന്ന് കേന്ദ്രമന്ത്രിയും സ്ഥലം എംപിയുമായ അജയ് മിശ്രയും പ്രതികരിച്ചു. പ്രതിപക്ഷം ഒറ്റക്കെട്ടായി ലഖിംപുർ ഖേരിയിലെ സംഭവം ആയുധമാക്കുകയാണ്. കേന്ദ്രമന്ത്രിയുടെ മകൻ വാഹനം ഓടിച്ചു കയറ്റി എന്ന ആരോപണം കേന്ദ്ര സംസ്ഥാനസർക്കാരുകൾക്ക് ഒരുപോലെ തിരിച്ചടിയാകുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close